സ്വന്തമായി യോഗ ചെയ്യാനും, മുട്ട പുഴുങ്ങാനും, വസ്ത്രങ്ങൾ അയൺ ചെയ്യാനുമെല്ലാം സാധിക്കുന്ന റോബോട്ടിന്റെ വീഡിയോ മസ്ക് സമൂഹ മാധ്യമങ്ങൾ വഴി മുൻപ് പങ്ക് വച്ചിരുന്നു. ഈ വർഷം അവസാനത്തോടെ ടെസ്‌ലയുടെ ഫാക്ടറികളിൽ റോബോട്ടുകൾ പ്രവർത്തനക്ഷമമാകുമെന്ന് നിക്ഷേപകരുടെ യോഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. റോബോട്ടുകളുടെ നിർമ്മാണവും വിൽപ്പനയും തങ്ങളുടെ അടിസ്ഥാന കാർ നിർമ്മാണ പദ്ധതികളെക്കാൾ പുരോഗതി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മസ്ക് അവകാശപ്പെട്ടു. കൂടാതെ വർധിച്ച തോതിൽ റോബോട്ടുകളുടെ നിർമ്മാണം നടത്താൻ ടെസ്‌ലയ്ക്ക് സാധിക്കുമെന്ന ശുഭാപ്തി വിശ്വാസവും മസ്ക് പ്രകടിപ്പിച്ചു.
advertisement
Also read-Sora | നിർദേശം പറഞ്ഞോളൂ വീഡിയോ റെഡി; ഓപ്പൺ എഐയുടെ പുതിയ ടൂൾ സോറ
അതേസമയം, മസ്കിന്റെ പ്രഖ്യാപനങ്ങൾ വ്യാപകമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. 2020 ഓടെ ഓട്ടോണമസ് കാറുകളുടെ ശൃംഖലയായ റോബോടാക്സികൾ നിരത്തിലിറക്കുമെന്ന് 2019 ൽ മസ്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതി ഇനിയും യാഥാർഥ്യമായിട്ടില്ല. ബമ്പിൾബീ എന്ന് പേരിട്ടിരിക്കുന്ന ഒപ്റ്റിമസിന്റെ ഒന്നാം തലമുറ റോബോട്ടുകളെ 2022 സെപ്റ്റംബറിൽ കമ്പനി അവതരിപ്പിച്ചിരുന്നു. സ്വന്തമായി തുണികൾ മടക്കുന്ന രണ്ടാം തലമുറ റോബോട്ടുകളുടെ വീഡിയോയും ഈ വർഷം കമ്പനി പുറത്ത് വിട്ടിരുന്നു.
ടെസ്‌ലയ്ക്ക് പുറമെ വാഹന നിർമ്മാതാക്കളായ ജപ്പാന്റെ ഹോണ്ടയും, ഹ്യുണ്ടായിയുടെ ബോസ്റ്റോൺ ഡൈനാമിക്സും റോബോട്ടുകൾ വികസിപ്പിക്കുന്നുണ്ട്. തങ്ങളുടെ യുഎസ് കമ്പനികളിൽ റോബോട്ടുകൾ അവതരിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റും എൻവിഡിയയും ജർമ്മൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യൂവുമായി സഹകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.