അതേസമയം വ്യാജ മെസേജുകളാണോ നിങ്ങള്‍ക്ക് ലഭിച്ചതെന്ന് കണ്ടെത്താനും വലിയ ബുദ്ധിമുട്ടാണ്. കാരണം ഓണ്‍ലൈന്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ ദിനംപ്രതി പുതിയ രീതികളാണ് തട്ടിപ്പിനായി അവലംബിക്കുന്നത്. എന്നാല്‍ പണമിടപാട് സംബന്ധിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന മെസേജുകള്‍ വ്യാജമാണോ അല്ലയോ എന്ന് ഉറപ്പുവരുത്താന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. അത്തരം ടിപ്പുകളെപ്പറ്റിയാണ് ഇനി പറയുന്നത്. ആദ്യമായി അജ്ഞാത നമ്പരുകളില്‍ നിന്ന് നിങ്ങള്‍ക്ക് ചില മെസേജുകള്‍ ലഭിച്ചാല്‍ അതിന് മറുപടി നല്‍കാന്‍ പോകരുത്. അത് ഒരു തട്ടിപ്പ് സംഘത്തിന്റെതാണെന്ന് കണ്ട് ആവശ്യമായ മുന്‍കരുതലെടുക്കണം.
advertisement
നിങ്ങളുടെ ബാങ്കുകളില്‍ നിന്നുള്ള മെസേജുകളാണെങ്കില്‍ അവ പ്രത്യക്ഷപ്പെടുന്നത് VM- ICICI Bank, AD- ICICIBN, JD- ICICIBK ഈ ഒരു ഫോര്‍മാറ്റിലായിരിക്കും. സ്വകാര്യ നമ്പറുകളില്‍ നിന്ന് ഒരിക്കലും അത്തരം മെസേജുകള്‍ ബാങ്കുകള്‍ അയക്കാറില്ല. ഇക്കാര്യം എപ്പോഴും മനസ്സില്‍ സൂക്ഷിക്കണം. രണ്ടാമതായി നിങ്ങള്‍ക്ക് ലഭിക്കുന്ന മെസേജുകളില്‍ എന്തെങ്കിലും വ്യാകരണത്തെറ്റോ തെറ്റായ സ്‌പെല്ലിംഗോ കണ്ടാല്‍ ആ മെസേജുകൾക്കും മറുപടി നല്‍കരുത്. കാരണം ബാങ്കുകളില്‍ നിന്നുള്ള മെസേജുകള്‍ എപ്പോഴും വ്യാകരണതെറ്റില്ലാത്തതും വ്യക്തമായതും ആയിരിക്കും.
മൂന്നാമതായി നിങ്ങള്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിച്ചിരിക്കുന്നുവെന്ന മെസേജുകള്‍ ഫോണിലേക്ക് വന്നാല്‍ അവയെ അവഗണിക്കണം. അത്തരം മെസേജുകള്‍ക്ക് ഒരുകാരണവശാലും മറുപടി കൊടുക്കരുത്. ഉദാഹരണമായി ലോട്ടറിയടിച്ചെന്നോ, അല്ലെങ്കില്‍ വലിയൊരു തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നോ പറയുന്ന മെസേജുകള്‍ നിങ്ങളുടെ ഫോണിലേക്ക് എത്തിയേക്കാം. ഇവയ്‌ക്കൊന്നും മറുപടി നല്‍കാന്‍ നില്‍ക്കരുത്. ചില മെസേജുകളില്‍ ലിങ്കുകളും നല്‍കിയിരിക്കും. അനാവശ്യമായി ഇത്തരം ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യരുത്. അത് വലിയ തട്ടിപ്പിലേയ്ക്കാകും നിങ്ങളെ കൊണ്ടെത്തിക്കുക.