അതേസമയം, വിഷയത്തില്‍ ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്, പിയര്‍-ടു-പിയര്‍ പേയ്മെന്റുകള്‍, ഇ-കൊമേഴ്സ് ഷോപ്പിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്ന ”ദി എവിരിതിംഗ് ആപ്പ്” സൃഷ്ടിക്കുന്നതിനുള്ള ഒരു മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ് ട്വിറ്റര്‍ ഏറ്റെടുക്കല്‍ എന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു.
നേരത്തെ മസ്‌ക് വെരിഫിക്കേഷന്‍ നടപടികളില്‍ മാറ്റം വരുത്താനൊരുങ്ങിയിരുന്നു. വെരിഫൈഡ് അക്കൗണ്ടുകള്‍ക്കുള്ള ബ്ലൂ ടിക്ക് ലഭിക്കാന്‍ പ്രതിമാസം 19.99 ഡോളര്‍ (പ്രതിമാസം ഏകദേശം 1,647 ഇന്ത്യന്‍ രൂപ, പ്രതിവര്‍ഷം 19,764 രൂപ) ഈടാക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. വെരിഫൈഡ് അക്കൗണ്ടുകളുള്ള ഉപയോക്താക്കള്‍ക്ക് ബ്ലൂ ടിക്ക് സബ്സ്‌ക്രൈബ് ചെയ്യാന്‍ തൊണ്ണൂറു ദിവസം അനുവദിക്കും.
advertisement
വെരിഫിക്കേഷന്‍ നടപടികള്‍ പരിഷ്‌കരിക്കുമെന്ന് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ ഉള്‍പ്പെടുന്ന പ്രീമിയം ഫീച്ചറുകള്‍ ട്വിറ്റര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ആരംഭിച്ചിരുന്നു. പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ നല്‍കിയാലാണ് ഇത്തരം ഫീച്ചറുകള്‍ ലഭിക്കുക.
ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍ വേണോ എന്ന ചോദ്യവുമായി കഴിഞ്ഞ ഏപ്രിലില്‍ മസ്‌ക് ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. ഈ ഫീച്ചര്‍ വേണമെന്നാണ് വോട്ടെടുപ്പില്‍ പങ്കെടുത്ത എഴുപതു ശതമാനത്തിലേറെ പേരും അഭിപ്രായപ്പെട്ടത്.
അതേസമയം,ട്വിറ്ററിന്റെ നിയന്ത്രണം ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ നിരവധി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു.ട്വിറ്റര്‍ ഇന്ത്യയുടെ മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേറ്റിങ്, പാര്‍ട്നര്‍ഷിപ്പ് വിഭാഗങ്ങളിലാണ് ഏറ്റവും ഒടുവില്‍ പിരിച്ചുവിടല്‍ നടത്തിയത്. സെയില്‍സ് വിഭാഗത്തില്‍ ചിലരെ മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്. ജീവനക്കാര്‍ ട്വീറ്റിലൂടെയാണ് പിരിച്ചു വിടുന്ന കാര്യം അറിയിച്ചത്. ഇന്ത്യയിലെ മാര്‍ക്കറ്റിങ് വിഭാഗം മേധാവി മുതല്‍ താഴെയുള്ള എല്ലാ ജീവനക്കാരേയും പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നേരത്തെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിനെയടക്കം പുറത്താക്കിയാണ് മസ്‌ക് തുടങ്ങിയത്. കമ്പനിയുടെ സിഎഫ്ഒ, ലീഗല്‍ പോളിസി, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടിരുന്നു. സിഇഒ ഉള്‍പ്പടെയുള്ളവര്‍ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മസ്‌ക് നേരത്തെ ആരോപിച്ചിരുന്നു.
ഏപ്രില്‍ നാലിനാണ് 44 ബില്യണ്‍ ഡോളര്‍ നല്‍കി ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മസ്‌ക് തുടക്കം കുറിച്ചത്. ഇടക്കുവെച്ച് ഇതില്‍ താത്പര്യമില്ലെന്നു മസ്‌ക് അറിയിച്ചിരുന്നു. ഇതിനെതിരെ ട്വിറ്റര്‍ ഉടമകള്‍ കോടതിയില്‍ കേസ് നല്‍കിയതിന് പിന്നാലെ ഇടപാട് പൂര്‍ത്തിയാക്കുമെന്ന് മസ്‌ക് അറിയിക്കുകയായിരുന്നു.