ഈ സാങ്കേതികവിദ്യ എപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്? ഇത് ജിയോ തദ്ദേശീയമായി വികസിപ്പിച്ചതാണോ? ഏതൊക്ക മേഖലകളാണ് ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നത്? തുടങ്ങിയ സംശയങ്ങൾ നിങ്ങൾക്കുമുണ്ടാകും. ഇവയ്ക്കുള്ള ഉത്തരങ്ങള്‍ പരിശോധിക്കാം. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പെയ്‌സ് എക്‌സ് സ്റ്റാര്‍ലിങ്ക് സേവനവുമായി പലരും ഇതിനെ താരതമ്യം ചെയ്യുന്നുമുണ്ട്.
എസ്ഇഎസുമായി കൈകോര്‍ത്താണ് ജിയോ ജിഗാബൈറ്റ് ഇന്റര്‍നെറ്റ് സേവനം വാഗ്ദാനം ചെയ്യുന്നത്. സ്‌പെയ്‌സ് ഫൈബറിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് വേണ്ടി ലോകത്തിലെ ഏറ്റവും പുതിയ മീഡിയം എര്‍ത്ത് ഓര്‍ബിറ്റ് (എംഇഒ) സാറ്റ്‌ലൈറ്റ് സാങ്കേതികവിദ്യയാണ് ജിയോ സ്വീകരിച്ചിരിക്കുന്നത്. ഇതിനായി എസ്ഇഎസുമായി ജിയോ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. വാസ്തവത്തില്‍ ബഹിരാകാശത്തുനിന്ന് ജിഗാബൈറ്റ് ഫൈബര്‍ പോലുള്ള സേവനങ്ങള്‍ നല്‍കാന്‍ അനുവദിക്കുന്ന ഒരേയൊരു സാങ്കേതികവിദ്യയാണ് എംഇഒ എന്ന് ജിയോ അറിയിച്ചു. ഇതിന് പുറമെ O3b, O3b mPOWER ഉപഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്താനും ഇത് ജിയോയെ അനുവദിക്കുന്നുണ്ട്.
advertisement
അതേസമയം, എസ്ഇഎസുമായുള്ള ജിയോയുടെ പങ്കാളിത്തം പുതിയതല്ല. 2022-ന്റെ തുടക്കത്തിലാണ് ഇരു കമ്പനികളും സഹകരിക്കാൻ തീരുമാനിക്കുന്നത്. ഇരു കമ്പനികളും ചേര്‍ന്ന് ജിയോ സ്‌പെയ്‌സ് ടെക്‌നോളജി ലിമിറ്റഡെന്ന പേരില്‍ സംയുക്ത സംരംഭം ആരംഭിച്ചതായി ജിയോ അറിയിച്ചിരുന്നു. സാറ്റ്‌ലൈറ്റ് വഴി ഇന്ത്യയില്‍ കുറഞ്ഞ നിരക്കിൽ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ എസ്ഇഎസ് ജിയോയ്ക്ക് ഒപ്പം പങ്കാളിയായി.
രണ്ട് ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമല്ല അത് വാണിജ്യവത്കരിക്കുന്നതിലും വിജയിച്ച ലോകത്തിലെ ആദ്യത്തെ കമ്പനിയാണ് എസ്ഇഎസ്. രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളിലായി 70-ലധികം ഉപഗ്രഹങ്ങള്‍ ഇവര്‍ വിക്ഷേപിച്ചിട്ടുണ്ട്. ഇത് കൂടാതെ, ഇരു കമ്പനികളും ആമസോണ്‍ വെബ് സര്‍വീസസ്, മൈക്രോ സോഫ്റ്റ്, ഹണിവെല്‍, ഹ്യൂഗ്‌സ് നെറ്റ് വര്‍ക്ക് സിസ്റ്റംസ്, സ്‌പെയ്‌സ് എക്‌സ് എന്നിവയുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ജിയോ സ്‌പേസ് ഫൈബർ സേവനങ്ങൾ ലഭ്യമാകുന്ന മേഖലകൾ
തുടക്കത്തില്‍ ഇന്ത്യയിലെ നാല് വിദൂരമേഖലകളിലാണ് ജിയോ സ്‌പെയ്‌സ് ഫൈബര്‍ സേവനം ലഭിക്കുക. ഗുജറാത്തിലെ ഗിര്‍, ഛത്തീസ്ഗഡിലെ കോര്‍ബ, ഒഡീഷയിലെ നബാരംഗപുര്‍, അസമിലെ ഒഎന്‍ജിസി-ജോര്‍ഹട്ട് എന്നിവടങ്ങളിലാണ് ഈ ഇന്റർനെറ്റ് സേവനം ലഭിക്കുക. എന്നാല്‍, അടുത്തഘട്ടത്തില്‍ ഇത് എവിടേക്കാണ് വ്യാപിപ്പിക്കുക എന്നത് സംബന്ധിച്ച വിവരമൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇത് രാജ്യത്ത് കൂടുതല്‍ ഇടങ്ങളില്‍ ലഭ്യമാകാന്‍ കാലതാമസമെടുക്കില്ലെന്നാണ് കരുതുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി സാറ്റ്‌ലൈറ്റ് വഴി ജിഗാബൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കുന്നത്.
ഈ സേവനം രാജ്യത്ത് ലഭ്യമാക്കുന്നതിന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ അനുമതി നേടിയിട്ടുണ്ട്. 2022 സെപ്റ്റംബറിലാണ് മന്ത്രാലയം അനുമതി നല്‍കിയത്.
ജിയോ ഫൈബര്‍, എയര്‍ഫൈബര്‍ എന്നിവയില്‍ നിന്ന് ജിയോ സ്‌പെയ്‌സ് ഫൈബര്‍ വ്യത്യാസപ്പെട്ടിരിക്കുന്നത് എങ്ങനെ?
സ്‌പെയ്‌സ്‌ഫൈബര്‍ സാങ്കേതികവിദ്യ വയര്‍ലെസ് ആണ്. അതിനാല്‍ വീടുകളില്‍ ഇന്റനെറ്റ് എടുക്കുന്നതിന് ജിയോഫൈബര്‍ പോലെ ഫിക്‌സഡ്-ലൈന്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ആവശ്യമില്ല. സാറ്റലൈറ്റുമായി നേരിട്ട് ബന്ധമുള്ളതിനാല്‍ വീടുകളില്‍ വളരെ കുറഞ്ഞ ഉപകരണങ്ങളുടെ സഹായത്തോടെ ഇന്റര്‍നെറ്റ് സേവനം ലഭിക്കും. ഇത് ഉൾപ്രദേശങ്ങളിൽ പോലും വളരെ വേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കും.
എയര്‍ഫൈബറില്‍ ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് (എഫ്ഡബ്ല്യുഎ) സംവിധാനമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇത് വയര്‍ലെസ് സംവിധാനമാണെങ്കിലും വീടുകളുടെ മുകളില്‍ ഒരു ഉപകരണം ഘടിപ്പിക്കേണ്ടതുണ്ട്. ഇത് കൂടാതെ, റൂട്ടേഴ്‌സ്, 4K സ്മാര്‍ട്ട് സെറ്റ്അപ് ബോക്‌സ് എന്നിവയും ആവശ്യമാണ്. ഇത് ചെലവ് വര്‍ധിക്കാന്‍ കാരണമാകുന്നു.