പത്രപ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ മുഖ്യധാരയിലുള്ള, സങ്കീർണ്ണമായ സൈബർ ആക്രമണങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ള വ്യക്തികളെ സംബന്ധിച്ച് ഈ ഫീച്ചർ തീർത്തും ഉപയോഗപ്രദമാകുമെന്ന് കമ്പനി പറയുന്നു. ഉപയോക്താവിന്റെ ചാറ്റുകളും കോളുകളും സുരക്ഷിതമാക്കുന്നതിനു വേണ്ടിയാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ അവതരിപ്പിച്ചതെന്നും ഇതിലും കൂടുതൽ സുരക്ഷ ഉറപ്പാക്കാനും സൈബർ ആക്രമണങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനുമാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നതെന്നും വാട്‌സാപ്പ് അറിയിച്ചു.
പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള മീഡിയ ഫയലുകളും അറ്റാച്ച്‌മെന്റുകളും തടയുന്നത് അടക്കമുള്ള നിരവധി സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്. നിങ്ങളുടെ വാട്‌സാപ്പിൽ കുറച്ച് ക്ലിക്കുകളിലൂടെ ഈ ഫീച്ചർ ഓൺ ആക്കാനാകും. നിങ്ങളുടെ വാട്‌സാപ്പ് സുരക്ഷയെ ഇത് ശക്തമാക്കും. അജ്ഞാതമായ നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങളോ മീഡിയഫയലുകളോ തടയുക, കോളുകൾ മ്യൂട്ട് ചെയ്യുക തുടങ്ങിയ കർശനമായ നിയന്ത്രണങ്ങളാണ് സ്ട്രിക്ട് അക്കൗണ്ട് സെറ്റിംഗ്‌സ് വാഗ്ദാനം ചെയ്യുന്നത്.
advertisement
വരുന്ന ആഴ്ചകളിൽ ഘട്ടംഘട്ടമായി ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാകും. ഈ നൂതന സുരക്ഷാ ഫീച്ചർ ഓണാക്കുന്നതിനായി ആദ്യ വാട്‌സാപ്പ് സെറ്റിംഗ്‌സിലേക്ക് പോകുക. തുടർന്ന് പ്രൈവസിയിൽ അഡ്വാൻസ്ഡ് സെറ്റിംഗ്‌സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ സ്ട്രിക്ട് അക്കൗണ്ട് സെറ്റിംഗ്‌സ് ഓണാക്കാം.
അപകടകരവും സങ്കീർണ്ണവുമായ സൈബർ ഭീഷണികളിൽ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കാനായി അവതരിപ്പിച്ചിട്ടുള്ള നിരവധി സുരക്ഷാ ഫീച്ചറുകളിൽ ഒന്നാണിതെന്നും വാട്‍സാപ്പ് വ്യക്തമാക്കി.
