ഉപഭോക്താക്കളുടെ ഇന്‍ബോക്‌സുകളിലോ ചാറ്റുകളിലോ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് വാട്ട്സ്ആപ്പ് വിട്ടുനില്‍ക്കുമെന്ന് കാത്ത്കാര്‍ട്ട് വ്യക്തമാക്കി. ആ ഇടങ്ങളില്‍ പരസ്യം ചെയ്യുന്നത് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് പരസ്യത്തിനുള്ള ഇടമായി പരാമര്‍ശിച്ച അദ്ദേഹം ആപ്പിന്റെ മറ്റ് മേഖലകളിലും പരസ്യങ്ങള്‍ക്ക് സാധ്യതയുള്ളതായി പറഞ്ഞു. ടെലഗ്രാം ചെയ്യുന്നതുപോലെ ചാനലുകളില്‍ പങ്കുചേരാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നത് പോലെയുള്ള ബദല്‍ ധനസമ്പാദന രീതികളും അദ്ദേഹം മുന്നോട്ടു വെച്ചു. പരസ്യങ്ങള്‍ക്കൊപ്പം വരുമാനം നേടാനുള്ള മറ്റ് വഴികളും വാട്ട്സ്ആപ്പ് തേടുന്നുണ്ട്. വാട്‌സാപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സുകളിലൊന്ന് വാട്‌സാപ്പ് ബിസിനസ് എപിഐ ആണ്. ഇത് എല്ലാത്തരം ബിസിനസുകള്‍ക്കുമായി പ്രത്യേക ഇടം നല്‍കുന്നു. ഇതിലൂടെ പ്രതിവര്‍ഷം ഏകദേശം 10 ബില്ല്യണ്‍ ഡോളര്‍ വരുമാനം ലഭിക്കുന്നതായി കാത്ത്കാര്‍ട്ട് വ്യക്തമാക്കി.
advertisement
Also read-UPI വഴി പണം അബദ്ധത്തിൽ അയച്ചാൽ അത് തിരികെ കിട്ടുമോ?
ഇന്‍-ചാറ്റ് പരസ്യങ്ങളെ ആശ്രയിക്കാതെ തന്നെ സാമ്പത്തികമായി മെച്ചപ്പെടാനുള്ള വാട്ട്സ്ആപ്പിന്റെ കഴിവ് ഈ വരുമാനം തെളിയിക്കുന്നു. അതേസമയം, വൈകാതെ തന്നെ വാട്ട്‌സ്ആപ്പ് ചാറ്റിലും പരസ്യങ്ങള്‍ എത്തുമെന്നാണ് ഈ രംഗത്തു നിന്നുള്ള വിദഗ്ധര്‍ പറയുന്നത്.
വാട്ട്‌സ്ആപ്പില്‍ പരസ്യം വരുമെന്ന കാര്യം ഇതാദ്യമായല്ല പുറത്തുവരുന്നത്. 2018-ല്‍ സ്റ്റാറ്റസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കമ്പനി പരസ്യം അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഉപയോക്താക്കളുടെ പ്രതികരണം എപ്രകാരമാകുമെന്നും സ്വകാര്യത ലംഘിക്കപ്പെടുമോയെന്നും കരുതി ഇത് താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യ, ഇന്തോനേഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ വാട്ട്‌സ്ആപ്പിനുള്ള ഉപയോക്താക്കളുടെ താത്പര്യം കാത്ത്കാര്‍ട്ട് അഭിമുഖത്തിനിടെ എടുത്തുപറഞ്ഞു. ഉപയോക്തൃ സ്വകാര്യതയോടുള്ള കമ്പനിയുടെ പ്രതിബദ്ധത അടിവരയിട്ട് പറഞ്ഞ അദ്ദേഹം ബിസിനസ്സുകളും സ്‌കൂളുകളും ഉള്‍പ്പെടെ വിവിധ ക്രമീകരണങ്ങളില്‍ ആന്തരിക ആശയവിനിമയത്തിനായി സ്വകാര്യ ചാനലുകള്‍ തയ്യാറാക്കാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നതിനുള്ള പദ്ധതികള്‍ അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയ പ്രചാരണങ്ങളില്‍ വാട്ട്‌സ് ആപ്പ് ചെലുത്തുന്ന സ്വാധീനം, എഐ അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകളില്‍ കമ്പനി നടത്താന്‍ പോകുന്ന നിക്ഷേപങ്ങള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.