എന്നാല്‍ ട്വിറ്ററില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ഉപദേശം നല്‍കുന്നതിന് മറ്റൊരു ഇന്ത്യക്കാരന്റെ സഹായം തേടിയിരിക്കുകയാണ് മസ്‌ക്. മുന്‍ ട്വിറ്റര്‍ ജീവനക്കാരനായ ശ്രീറാം കൃഷ്ണന്‍ എന്ന ഇന്ത്യക്കാരനെയാണ് ട്വിറ്ററിലെ തന്റെ പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ മസ്‌ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആരാണ് ശ്രീറാം കൃഷ്ണന്‍ എന്ന് പരിശോധിക്കാം.
ട്വിറ്റര്‍, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളില്‍ ജോലി ചെയ്തിട്ടുള്ള ശ്രീറാം എഞ്ചിനീയറും സാങ്കേതിക വിദഗ്ധനുമാണ്. ടെക് സ്പെയ്സില്‍ ജോലികിട്ടിയ അദ്ദേഹം 2005ല്‍ 21-ാം വയസ്സില്‍ അമേരിക്കയിലേക്ക് ചേക്കേറിയിരുന്നു.
advertisement
ട്വിറ്ററിന്റെ മെയിന്‍ ടൈംലൈന്‍, പുതിയ യുഐ ക്രിയേഷന്‍, സെര്‍ച്ച്, ഓഡിയന്‍സ് ഗ്രോത്ത് എന്നിവ ഉള്‍പ്പെടെയുള്ളതിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. ഫേസ്ബുക്കില്‍ (മെറ്റാ), അദ്ദേഹം മൊബൈല്‍ പരസ്യ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ശ്രീറാമിന്റെ കരിയര്‍ ആരംഭിച്ചത് മൈക്രോസോഫ്റ്റില്‍ നിന്നാണ്. ഇവിടെ വിന്‍ഡോസ് അസ്യൂറുമായി ബന്ധപ്പെട്ട പ്രോജക്ടുകളിലാണ് അദ്ദേഹം കൂടുതലും പ്രവര്‍ത്തിച്ചിരുന്നത്. പല സ്റ്റാര്‍ട്ടപ്പുകളില്‍ ഒരു നിക്ഷേപകനായ അദ്ദേഹം a16z എന്നറിയപ്പെടുന്ന ആന്‍ഡ്രീസെന്‍ ഹോറോവിറ്റ്സിന്റെ പങ്കാളി കൂടിയാണ്. മാത്രമല്ല, ക്രിപ്റ്റോകറന്‍സി സ്റ്റാര്‍ട്ടപ്പുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലും ശ്രീറാം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
ലോകത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വളരെ പ്രധാനപ്പെട്ട ഒരു കമ്പനിയാണ് ട്വിറ്ററെന്ന് ഞാനും a16z ഉം വിശ്വസിക്കുന്നു എന്നാണ് ശ്രീറാം ട്വീറ്റ് ചെയ്തത്.
ശ്രീറാമും അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്ന് ദി ഗൂട്ട് ടൈം (The Goot Time) എന്ന പോഡ്കാസ്റ്റ് ഷോയും നടത്തുന്നുണ്ട്. മാര്‍ക്ക് സക്കര്‍ബര്‍ഗ്, കാല്‍വിന്‍ ഹാരിസ്, ഇലോണ്‍ മസ്‌ക് തുടങ്ങിയ പ്രമുഖ അതിഥികള്‍ ഈ ഷോയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
മസ്‌കിനെ ശ്രീറാം എങ്ങനെ സഹായിക്കും?
കമ്പനിയെ പുനര്‍രൂപകല്‍പ്പന ചെയ്യാനും വിപണിയില്‍ വിജയം ഉറപ്പിക്കാനുമായി ശ്രീറാമിന്റെ കഴിവും ട്വിറ്ററിലെ മുന്‍പരിചയവുമാണ് മസ്‌ക് അദ്ദേഹത്തെ തിരഞ്ഞെടുക്കാനുള്ള കാരണം. ട്വിറ്ററിന്റെ ഏറ്റവും വലിയ പ്രശ്‌നം പ്ലാറ്റ്ഫോമില്‍ നിന്നുള്ള റവന്യൂ ആണ്. സോഷ്യല്‍ മീഡിയയില്‍ ഇതിനകം ചര്‍ച്ച ചെയ്യപ്പെടുന്ന തന്റെ ചില ആശയങ്ങള്‍ ഉപയോഗിച്ച് ഈ പ്രശ്നം മറികടക്കാനാണ് മസ്‌ക് ശ്രമിക്കുന്നത്.
ഇതിന് പുറമെ, ട്വിറ്ററില്‍ ബ്ലൂ ടിക്ക് ലഭിക്കുന്നതിന് പണം ഈടാക്കാനും മസ്‌ക് തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതനുസരിച്ച് ട്വിറ്റര്‍ ബ്ലൂ ടിക്ക് ലഭിക്കുന്നതിന് പ്രതിമാസം 20 ഡോളാര്‍ (ഏകദേശം 1,640 രൂപ) നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ പൂര്‍ത്തിയാക്കിയത് ഒക്ടോബര്‍ 27നാണ്. 2022 ഏപ്രിലില്‍ തന്നെ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ ഇലോണ്‍ മസ്‌ക് എത്തിയിരുന്നു.