ബ്ലൂ സ്‌കൈ എന്നാണ് ഈ പ്രൊജക്‌ടിന്റെ പേര്. ജാക്ക് ഡോർസി ട്വിറ്ററിന്റെ സിഇഒ ആയിരുന്നപ്പോഴാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ ആപ്പിൽ 30,000-ലധികം ആളുകൾ സൈൻഅപ്പ് ചെയ്തതോടെ പ്രൊജക്ട് ട്വിറ്ററിന് ബദലായോ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന്റെ പകരക്കാരനായോ ഉയർന്നു വന്നേക്കാം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Also Read-Elon Musk | നിലവിൽ നാല് കമ്പനികളുടെ അമരക്കാരൻ; ഇലോൺ മസ്ക് ട്വിറ്റർ സിഇഒ ആകും
എന്താണ് ബ്ലൂ സ്കൈ?
advertisement
പൊതുജനങ്ങൾക്കായുള്ള ഒരു സമൂഹ മാധ്യമം എന്ന നിലയിലാകും ബ്ലൂ സ്കൈ വികസിപ്പിക്കുക. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി ഒരു സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ സൃഷ്ടിക്കാൻ ഈ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു. പൂർണ്ണമായി വികസിപ്പിച്ചു കഴിയുമ്പോൾ, പ്രത്യേക സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളെ ഒരു ഓപ്പൺ സ്റ്റാൻഡേർഡ് വഴി പരസ്പരം സംവദിക്കാൻ അനുവദിക്കുന്ന രീതിയിലായിരിക്കും ബ്ലൂ സ്കൈ പ്രവർത്തിക്കുക.
ട്വിറ്ററിന്റെ പോരായ്മകൾക്കുള്ള പരിഹാരമായാണ് ബ്ലൂ സ്‌കൈ വിഭാവനം ചെയ്തത്. സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾക്കെതിരെ ഡാറ്റ ദുരുപയോഗം, തെറ്റായ വിവരങ്ങൾ, തിരഞ്ഞെടുപ്പ് ഇടപെടൽ എന്നീ ആരോപണങ്ങൾ ഉയർന്ന സമയത്താണ് ഇത് പ്രഖ്യാപിച്ചത്. ഡൊണാൾഡ് ട്രംപിന്റെ വിലക്കിനെ ന്യായീകരിക്കുന്ന ഒരു ട്വിറ്റർ ത്രെഡിലാണ് ജാക്ക് ഡോർസി പദ്ധതി അവതരിപ്പിച്ചത്.
ബ്ലൂ സ്‌കൈ പ്രവർത്തിക്കുന്നത് എങ്ങനെ?
മിക്കവാറും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം പരിഹരിക്കാനാണ് ട്വിറ്റർ ശ്രമിക്കുന്നത്. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ സംസാരത്തെ ഒരാൾ എങ്ങനെയാണ് നിയന്ത്രിക്കുന്നത്? ഈ പ്രശ്‌നം പരിഹരിക്കുന്നതിന്, ചുമതലപ്പെടുത്തിയ അഞ്ച് സോഫ്റ്റ്‌വെയർ ഡെവലപ്പർമാരുടെ ഒരു "ചെറിയ ടീമിന്" ഫണ്ട് നൽകാനാണ് ആദ്യം തീരുമാനിച്ചത്.
സോഷ്യൽ മീഡിയയ്‌ക്കായി ഒരു "വികേന്ദ്രീകൃത" പ്രോട്ടോക്കോൾ സൃഷ്ടിക്കാനാണ് ബ്ലൂസ്‌കൈ ലക്ഷ്യമിടുന്നത്. ഇമെയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നത് പോലെയാകും ഇത്. വ്യത്യസ്‌ത ഇമെയിൽ സേവനം ഉപയോഗിക്കുന്ന ഒരാൾക്ക് നിങ്ങൾക്ക് മെയിൽ അയയ്‌ക്കാം, നിങ്ങളുടെ മെസേജും അറ്റാച്ച്‌മെന്റും അവിടെ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കും. ഒരു നെറ്റ്‌വർക്കിലൂടെ കമ്പ്യൂട്ടറുകൾ എങ്ങനെ പരസ്പരം ആശയവിനിമയം നടത്തണം എന്നതിന് ഒരു പൊതു മാനദണ്ഡം നൽകുന്ന HTTP, TCP/IP പോലുള്ള സാങ്കേതിക നിയമങ്ങൾ ഉപയോഗിച്ചാണ് ഇമെയിൽ നിർമ്മിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്കായി ഇത്തരമൊരും സംവിധാനം വികസിപ്പിക്കാനാണ് ബ്ലൂസ്‌കൈ ശ്രമിക്കുന്നത്.
മസ്കിന് എതിരാളിയോ?
ബ്ലൂസ്കൈയ്ക്ക് തുടക്കം കുറിച്ച ജാക്ക് ഡോർസി ഇപ്പോൾ ട്വിറ്ററിന്റെ ഭാഗമല്ല. മാത്രമല്ല, ഡോർസിയുടെ പിൻഗാമി പരാഗ് അഗർവാളിനെയും ഇലോൺ മസ്‌ക് അടുത്തിടെ പുറത്താക്കി. ട്വിറ്ററിനുള്ളിൽ നിന്ന് ബ്ലൂസ്‌കൈയ്ക്ക് ലഭിക്കുമായിരുന്ന ഏറ്റവും വലിയ രണ്ട് പിന്തുണക്കാരെ ഔദ്യോഗികമായി ഇതോടെ നഷ്ടപ്പെട്ടു. എന്നാൽ മസ്‌കും ഡോർസിയും തമ്മിലുള്ള ചില സംഭാഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നത് ടെസ്‌ല സിഇഒ ബ്ലൂസ്കൈയെ "രസകരമായ ആശയം" എന്ന് വിശേഷിപ്പിച്ചുവെന്നാണ്. തനിക്ക് കഴിയുമെങ്കിൽ സഹായിക്കാനുള്ള ആഗ്രഹം മസ്ക് പ്രകടിപ്പിക്കുകയും ചെയ്തുവത്രേ. ഇത് ഇരുവരും തമ്മിലുള്ള ഭാവി സഹകരണത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് വിദഗ്ധർ പറയുന്നു.