TRENDING:

വ്യാപാര കരാറുകളുടെ മാതാവ്; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിലെ 10 കാര്യങ്ങള്‍

Last Updated:

കരാർ സംബന്ധിച്ച ചർച്ചകളിൽ നിന്നുള്ള 10 പ്രധാന കാര്യങ്ങളും അവ എങ്ങനെയാണ് ഇരു പക്ഷങ്ങൾക്കും പ്രയോജനപ്പെടുന്നത് എന്നും നോക്കാം

advertisement
ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധത്തിൽ പുതുചരിത്രമെഴുതി വ്യാപാര കരാർ. ഏതാണ്ട് രണ്ട് പതിറ്റാണ്ടുകാലം നീണ്ട ചർച്ചകൾക്കുശേഷം ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) അന്തിമതീരുമാനമായി. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാര്‍‌
ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാര്‍‌
advertisement

കരാറുകളുടെയെല്ലാം 'മാതാവ്' എന്നാണ് ഈ ഉടമ്പടിയെ പരക്കെ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ രണ്ട് വൻകിട ശക്തികൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ ഈ കരാർ പുനർനിർമ്മിച്ചേക്കും.

കരാർ സംബന്ധിച്ച ചർച്ചകളിൽ നിന്നുള്ള 10 പ്രധാന കാര്യങ്ങളും അവ എങ്ങനെയാണ് ഇരു പക്ഷങ്ങൾക്കും പ്രയോജനപ്പെടുന്നത് എന്നും നോക്കാം.

വർഷങ്ങളെടുത്ത് തയ്യാറാക്കിയ കരാർ 

ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത് 2007-ലാണ്. എന്നാൽ 2013-ൽ ഈ ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചു. തീരുവ, വിപണി പ്രവേശനം, നിയന്ത്രണ മാനദണ്ഡങ്ങൾ എന്നിവയിലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നായിരുന്നു ഇത്. ആഗോള വ്യാപാര സംഘർഷങ്ങൾ രൂക്ഷമാകുകയും ഇരുപക്ഷവും സാമ്പത്തിക പങ്കാളിത്തങ്ങൾ വൈവിധ്യവത്കരിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ 2022-ൽ ചർച്ചകൾ പുനരാരംഭിച്ചു. കഴിഞ്ഞ വർഷമാണ് ചർച്ചകൾക്ക് വേഗം കൂടിയത്.

advertisement

സാമ്പത്തിക നേട്ടം

ഇന്ത്യയും 27 രാജ്യങ്ങൾ ഉൾകൊള്ളുന്ന യൂറോപ്യൻ യൂണിയൻ ബ്ലോക്കും ചേർന്ന് സംയോജിതമായി ആഗോള ജിഡിപിയുടെ നാലിലൊന്ന് പങ്കുവഹിക്കുമെന്നാണ് കരുതുന്നത്. ഏകദേശം രണ്ട് ബില്യൺ ഉപഭോക്താക്കളുടെ സംയോജിത വിപണി ഈ കരാറിലൂടെ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. 2025 സാമ്പത്തിക വർഷം ചരക്കുവിഭാഗത്തിൽ 136.5 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ നടന്നിട്ടുള്ളത്.  സേവന വിഭാഗത്തിൽ 80 ബില്യൺ ഡോളറിലധികം മൂല്യം വരുന്ന ഇടപാടുകൾ നടന്നു. ഇത് കരാറിന്റെ വിശാലമായ വ്യാപ്തിയെ എടുത്തുകാണിക്കുന്നു.

advertisement

തീരുവ ഇളവുകൾ 

കരാർ സംബന്ധിച്ച ചർച്ചകളിലെ ഒരു പ്രധാന ഭാഗം തീരുവ ഇളവ് സംബന്ധിച്ചുള്ളതായിരുന്നു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ യൂറോപ്യൻ കാറുകളുടെയും വൈനിന്റെയും തീരുവ ഇന്ത്യ ഗണ്യമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെക്‌സ്റ്റൈൽസ്, തുണിത്തരങ്ങൾ, ജുവലറി, രാസപദാർത്ഥങ്ങൾ, ഫാർമ, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ തുടങ്ങി ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് യൂറോപ്യൻ വിപണിയിലും പ്രവേശനം എളുപ്പമാകും.

ഓട്ടോമൊബൈൽ മേഖലയിലാണ് ഏറ്റവും വലിയ ഊന്നൽ നൽകുന്നത്. ഈ വിഭാഗത്തിൽ 100 ശതമാനത്തിലധികം തീരുവയാണ് നിലവിൽ ഇന്ത്യ ചുമത്തുന്നത്.

advertisement

ഒട്ടോമൊബൈൽ മേഖലയ്ക്ക് ആശ്വാസം 

കരാർ പ്രകാരം യൂറോപ്യൻ യൂണിയൻ നിർമ്മിത കാറുകളുടെ തീരുവ ഏകദേശം 40 ശതമാനത്തിലേക്ക് കുറയാൻ സാധ്യതയുണ്ട്. ഇത് ഫോക്‌സ് വാഗൺ, ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ്, റെനോ തുടങ്ങിയ യൂറോപ്യൻ കാർ നിർമാതാക്കൾക്ക് ഇന്ത്യയുടെ അതിവേഗത്തിൽ വളരുന്ന കാർ വിപണിയിൽ വിശാലമായ അവസരങ്ങൾ നൽകും.

ആഭ്യന്തര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ജപ്പാനീസ് കമ്പനിയായ മാരുതി സുസുക്കി എന്നിവയുടെ വിപണി സംരക്ഷിക്കുന്നതിനൊപ്പം ഉദാരവത്കരണത്തെ സന്തുലിതമാക്കുകയെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളി.

advertisement

ചില മേഖലകളെ ഒഴിവാക്കി

കരാറന്റെ വ്യാപ്തി വളരെ വിശാലമാണെങ്കിലും ചില മേഖലകളെ സ്വതന്ത്ര വ്യാപാര കരാറിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ദശലക്ഷകണക്കിന് ചെറുകിട കർഷകരെ സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക മുൻനിർത്തി ചില കാർഷിക, പാലുത്പന്നങ്ങളെ കരാറിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കരാർ ആഭ്യന്തര ഉത്പാദകർക്ക് ഉണ്ടാക്കുന്ന പെട്ടെന്നുള്ള ആഘാതം കുറയ്ക്കാൻ സെൻസിറ്റീവ് വ്യാവസായിക വിഭാഗങ്ങളെയും ജാഗ്രതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്.

തീരുവയിതര തടസങ്ങൾ ആശങ്കയായി തുടരുന്നു

യൂറോപ്യൻ യൂണിയന്റെ തീരുവയിതര തടസങ്ങളായി കാണുന്ന ചില കാര്യങ്ങളിൽ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. പ്രത്യകിച്ച് സ്റ്റീൽ, അലൂമിനിയം, സിമന്റ് എന്നിവയുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരിക്കുന്ന കാർബൺ ബന്ധിത നികുതിയാണ് ഇന്ത്യയുടെ പ്രധാന ആശങ്ക.

അതേസമയം, യൂറോപ്യൻ യൂണിയന്റെ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ് (ജിഎസ്പി) പ്രകാരം ഇന്ത്യൻ  ഉത്പന്നങ്ങൾക്ക് ലഭിച്ചിരുന്ന മുൻഗണനാ നികുതി ഇളവുകൾ കുറയ്ക്കുന്നതിനെ കുറിച്ചും ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. ഇതിൽ ചില ആശങ്കകൾ നികത്താൻ സ്വതന്ത്ര വ്യാപാര കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്ട്രാറ്റജിക് ടൈമിംഗ് 

അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങളിലെ അനിശ്ചിതത്വത്തെ മുൻനിർത്തി ലോകമെമ്പാടുമുള്ള രാജ്യങ്ങൾ  ജാഗ്രതയോടെ നടപടികൾ സ്വീകരിക്കുന്നതിനിടയിലാണ് ഈ കരാർ വരുന്നത്. മെർകോസറുമായും നിരവധി ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളുമായും യൂറോപ്യൻ യൂണിയൻ അടുത്തിടെ ഒപ്പുവെച്ച കരാറുകൾക്ക് പിന്നാലെയാണിത്. ബ്രിട്ടൻ, ന്യൂസിലൻഡ്, ഒമാൻ എന്നിവയുമായും ഇന്ത്യ കരാർ ഒപ്പുവെച്ചതിന്റെ തുടർച്ചയാണിത്.

നിയമപരമായ പരിശോധന

കരാർ ചർച്ചകൾ അവസാനിച്ചെങ്കിലും കരാർ ഉടനടി പ്രാബല്യത്തിൽ വരില്ല. അഞ്ച് മുതൽ ആറ് മാസം വരെ നീണ്ടുനിൽക്കുന്ന ഒരു 'നിയമപരമായ പരിശോധന' (ലീഗൽ സ്‌ക്രബ്ബിംഗ്) പ്രക്രിയയ്ക്ക് വിധേയമാകും. തുടർന്ന് യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരം ഉൾപ്പെടെയുള്ള ഔപചാരിക ഒപ്പുവയ്ക്കലും അംഗീകാ നടപടികളും നടക്കും. ഏകദേശം ഒരു വർഷത്തിനുള്ളിൽ കരാർ പ്രാബല്യത്തിൽ വരുമെന്ന് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു.

വിശാലമായ സഹകരണം

വിശാലമായ നയതന്ത്ര മുന്നേറ്റത്തിന്റെ ഭാഗമായി തന്നെയാണ് ഈ സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിക്കപ്പെടുന്നത്. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ സമൃദ്ധി, സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, ആഗോള പ്രശ്‌നങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു തന്ത്രപരമായ അജണ്ട നേതാക്കൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സമുദ്ര സഹകരണം, സൈബർ സുരക്ഷ, ഭീകരവാദ വിരുദ്ധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു സുരക്ഷാ, പ്രതിരോധ പങ്കാളിത്തത്തിലും ഇരുപക്ഷവും ഒപ്പുവെക്കും. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധം വാണിജ്യത്തിനും അപ്പുറത്തേക്ക് പോകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വലിയ അവസരങ്ങൾ

കരാർ യാഥാർത്ഥ്യമാകുന്നതോടെ തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ എന്നിവയുടെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് യൂറോപ്പിന്റെ വിശാലമായ ഉപഭോക്തൃ വിപണിയിലേക്കുള്ള മികച്ച പ്രവേശനം നേടാനാകുമെന്നും ബംഗ്ലാദേശ്, വിയറ്റ്‌നാം തുടങ്ങിയ എതിരാളികളുമായി മത്സരിക്കാൻ ഇത് വ്യാപാരികൾക്ക് സഹായകമാകുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും വാഗ്ദാനപ്രദമായ വളർച്ച പ്രകടമാക്കുന്ന വിപണികളിലൊന്നായാണ് യൂറോപ്യൻ വ്യവസായങ്ങൾ കാണുന്നത്. എങ്കിലും ഇരു പക്ഷത്തുനിന്നും കരാർ രാഷ്ട്രീയ സൂക്ഷമപരിശോധകൾക്ക് വിധേയമാകും. മത്സരാധിഷ്ഠിത വിപണിയിൽ ആശങ്കയുള്ള വ്യവസായങ്ങളും പാരിസ്ഥിതിക ഗ്രൂപ്പുകളും കരാർ സൂക്ഷ്മപരിശോധന നടത്തിയേക്കും.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
വ്യാപാര കരാറുകളുടെ മാതാവ്; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിലെ 10 കാര്യങ്ങള്‍
Advertisement
Open in App
Home
Video
Impact Shorts
Web Stories