സുരക്ഷിത വായ്പകൾ (Secured Loans)
വീട്, കാർ അല്ലെങ്കിൽ വസ്തുവകകൾ തുടങ്ങിയവ ഈട് (collateral) വെച്ചുകൊണ്ട് എടുക്കുന്ന വായ്പയാണിത്. ഭവന വായ്പ, വസ്തു ഈട് വെച്ച് എടുക്കുന്ന വായ്പ (Loan Against Property (LAP)), കാർ ലോൺ, സെക്യൂരിറ്റികൾ ഈട് വെച്ച് എടുക്കുന്ന വായ്പ (Loan Against Securities (LAS)) എന്നിവയെല്ലാമാണ് ഇതിന് ഉദാഹരണങ്ങൾ.
സുരക്ഷിതമല്ലാത്ത വായ്പകൾ (Unsecured Loans)
ഈ വായ്പകൾക്ക് ഈട് വെയ്ക്കേണ്ട ആവശ്യമില്ല. വായ്പയെടുക്കുന്നയാളുടെ ക്രെഡിറ്റ് (creditworthines) അടിസ്ഥാനമാക്കിയാണ് ഈ ലോൺ അനുവദിക്കുന്നത്. ക്രെഡിറ്റ് കാർഡുകൾ, വ്യക്തിഗത വായ്പകൾ, വിദ്യാർത്ഥികൾക്കുള്ള വായ്പകൾ, മെഡിക്കൽ വായ്പകൾ, പിയർ-ടു-പിയർ (P2P) വായ്പകൾ എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
advertisement
ഇനി, വായ്പകൾ ഒറ്റത്തവണ തീർപ്പാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് താഴെ പറയുന്നത്.
വായ്പാ ദാതാവിനോട് തുറന്നതും സത്യസന്ധവുമായ ആശയവിനിമയം നടത്തുക
വായ്പകൾ ഒറ്റത്തവണ തീർപ്പാക്കുമ്പോൾ നിങ്ങളുടെ വായ്പാദാതാവിനോട് കൃത്യമായി ആശയവിനിമയം നടത്തേണ്ടത് ഏറെ പ്രധാനമാണ്. സുരക്ഷിതമല്ലാത്ത വായ്പകളുടെ കാര്യത്തിൽ, നിങ്ങൾ ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ, വായ്പാ ദാതാവുമായി ചർച്ചകൾ സാധ്യമാണ്. പലിശ, ചാർജുകൾ, എന്നിവ ഒഴിവാക്കുന്നതിന് വായ്പാ ദാതാവിനോട് നിങ്ങൾക്ക് അഭ്യർത്ഥിക്കാം. ഒറ്റത്തവണ തീർപ്പാക്കുമ്പോൾ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയാൻ കാരണമാകും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ ‘ലോൺ ക്ലോസ്ഡ്’ എന്ന് റിപ്പോർട്ട് ചെയ്യാനും നിങ്ങൾക്ക് അഭ്യർത്ഥിക്കാം.
നിങ്ങൾക്ക് മുഴുവൻ തുകയും ഒറ്റത്തവണയായി അടയ്ക്കാൻ കഴിയില്ലെങ്കിൽ ഭാഗികമായി അടക്കാം. പക്ഷേ, ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ ‘സെറ്റിൽഡ്’ എന്നായിരിക്കും ചേർക്കുക. അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിച്ചേക്കാം. സുരക്ഷിതമല്ലാത്ത വായ്പകൾ പലപ്പോഴും പലിശ കൂടുതൽ ഉള്ളതും ഹ്രസ്വകാലത്തേക്ക് ഉള്ളതുമാണ്. അതിനാൽ, അവ പെട്ടെന്ന് തീർപ്പാക്കുന്നതിന് മുൻഗണന നൽകുക.
സുരക്ഷിതമായ വായ്പകൾ തീർപ്പാക്കുന്നത് കൂടുതൽ സങ്കീർണമായ പ്രക്രിയയാണ്, പ്രത്യേകിച്ചും നിങ്ങൾക്ക് കുടിശികയുണ്ടെങ്കിൽ. ഇത്തരം സന്ദർഭങ്ങളിൽ, നിങ്ങളുടെ വായ്പാദാതാവുമായി സാധ്യമായ ഓപ്ഷനുകൾ ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. തിരിച്ചടക്കേണ്ട തുക നിങ്ങൾക്ക് താങ്ങാൻ കഴിയാത്തതാണെങ്കിൽ, വസ്തുവകകൾ വിൽക്കുകയും വായ്പ തിരിച്ചടയ്ക്കാൻ ഈ പണം ഉപയോഗിക്കുകയും ചെയ്യാം. ചില്പപോൾ വസ്തു അതിന്റെ വിപണി മൂല്യത്തേക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടിയും വന്നേക്കാം. എന്നാൽ വായ്പാദാതാവ് നിയമനടപടികൾ ആരംഭിക്കുന്നതിന് മുമ്പ് ഇങ്ങനെ ചെയ്യുന്നതാണ് ഉചിതം.
വായ്പകൾ ഒറ്റത്തവണ തീർപ്പാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു പ്രധാനപ്പെട്ട കാര്യങ്ങളാണ് ചുവടെ
1. രേഖാമൂലമുള്ള ഉടമ്പടികൾ (Written Agreements): ഒറ്റത്തവണ തീർപ്പാക്കൽ നടത്തി എന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. സെറ്റിൽമെന്റ് തുകയും, നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ ഏതെങ്കിലും തരത്തിൽ ഇത് സ്വാധീനം ചെലുത്തുമോ എന്ന കാര്യവും അതിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കുക.
2. ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നത് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കുക: മുഴുവൻ തുകയിലും കുറഞ്ഞ തുകയ്ക്ക് വായ്പ തീർപ്പാക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്ന് അറിഞ്ഞിരിക്കുക. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ ‘സെറ്റിൽഡ്’ എന്നാണ് എഴുതിയിരിക്കുന്നതെങ്കിൽ ഭാവിയിൽ മറ്റ് വായ്പകൾ ലഭിക്കാൻ ബുദ്ധിമുട്ടാകും.