പുതിയ ഫീച്ചർ നവംബർ ഏഴിനകം ലോഞ്ച് ചെയ്യണമെന്നും അല്ലെങ്കിൽ പിരിച്ചു വിടുമെന്നും പ്രോജക്റ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ട്വിറ്റർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വെരിഫിക്കേഷൻ നടപടികൾ പരിഷ്കരിക്കുമെന്ന് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ ഇലോൺ മസ്‌ക് വ്യക്തമാക്കിയിരുന്നു.
ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഉൾപ്പെടുന്ന പ്രീമിയം ഫീച്ചറുകൾ ട്വിറ്റർ കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ചിരുന്നു. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ നൽകിയാലാണ് ഇത്തരം ഫീച്ചറുകൾ ലഭിക്കുക.
advertisement
ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വേണോ എന്ന ചോദ്യവുമായി ഇക്കഴിഞ്ഞ ഏപ്രിലിൽ മസ്ക് ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഈ മാസം ആദ്യമാണ് നൽകിത്തുടങ്ങിയത്. ഈ ഫീച്ചർ വേണമെന്നാണ് വോട്ടെടുപ്പിൽ പങ്കെടുത്ത എഴുപതു ശതമാനത്തിലേറെ പേരും അഭിപ്രായപ്പെട്ടത്.
ലോഗ് ഔട്ട് ചെയ്ത ശേഷം ട്വിറ്ററിന്റെ സൈറ്റ് സന്ദർശിക്കുന്ന ഉപയോക്താക്കളെ ട്രെൻഡിംഗ് ട്വീറ്റുകൾ കാണിക്കുന്ന എക്‌സ്‌പ്ലോർ പേജിലേക്ക് റീഡയറക്‌ട് ചെയ്യുന്ന ഫീച്ചർ ഡെവലപ്പ് ചെയ്യണമെന്ന് മസ്ക് നിർദേശിച്ചതായും കമ്പനിയിലെ ജീവനക്കാരെ ഉദ്ധരിച്ച് ദി വെർജ് റിപ്പോർട്ട് ചെയ്തിരുന്നു.
ഏപ്രിലിലാണ് സ്ഥാപനത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട മസ്കിന്റെ പ്രൊപ്പോസൽ ട്വിറ്റർ അംഗീകരിച്ചത്. ഫേക്ക് അക്കൗണ്ടുകളും സ്പാം പ്രശ്നവും പരിഹരിക്കാൻ കമ്പനിക്ക് സാധിക്കുന്നില്ലെന്ന് മസ്കിന് പരാതി ഉണ്ടായിരുന്നു. ഇതെല്ലാം താൻ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ആദ്യത്തെ നടപടിയായി കമ്പനിയുടെ പ്രധാനപ്പെട്ട നാല് എക്സിക്യൂട്ടീവുമാരെ ഇലോൺ മസ്ക് പുറത്താക്കിയിരുന്നു. കമ്പനിയുടെ സിഇഒ പരാഗ് അഗർവാൾ, ലീഗൽ എക്സിക്യൂട്ടീവ് വിജയ് ഗഡ്ഡെ എന്നിവരെയടക്കമാണ് പുറത്താക്കിയത്.
ലോകത്തെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാർ പൂർത്തിയാക്കിയത് ഒക്ടോബർ 27നാണ്. പുറത്താക്കപ്പെടുന്ന സിഇഒ ആയ പരാഗ് അഗർവാളിന് പുതിയ ഡീലിൻെറ ഭാഗമായി 42 മില്യൺ ഡോളർ (ഏകദേശം 350 കോടി) ഇലോൺ മസ്കിൽ നിന്നും ലഭിക്കുമെന്നാണ് വിവരം. അടുത്ത 12 മാസത്തിനുള്ളിൽ അഗർവാൾ സിഇഒ സ്ഥാനത്ത് നിന്ന് മാറുകയും പുതിയ ആൾ മൈക്രോബ്ലോഗിങ് സൈറ്റിൻെറ തലപ്പത്തെത്തുകയും ചെയ്യുമെന്ന് ഗവേഷക സ്ഥാപനമായ ഇക്വിലർ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. 2022 ഏപ്രിലിൽ തന്നെ ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ ഇലോൺ മസ്ക് എത്തിയിരുന്നു. എന്നാൽ വൈകാതെ തന്നെ പല കാരണങ്ങളാൽ അദ്ദേഹത്തിന് ആ കരാറിൽ നിന്ന് പിന്തിരിയേണ്ടി വന്നു. ട്വിറ്ററിൻെറ സഹ സ്ഥാപകനായിരുന്ന ജാക്ക് ഡോർസി 2021 നവംബറിൽ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 38കാരനായ അഗർവാൾ കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റത്.