Union Budget 2024(യൂണിയൻ ബജറ്റ്) Live Updates : മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച രാവിലെ 11ന് പാർലമെന്റിൽ അവതരിപ്പിക്കും. ഇന്ത്യയുടെ ചരിത്രത്തിൽ തുടർച്ചയായി ഏഴ് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിർമല സീതാരാമൻ മാറും. തുടർച്ചയായി ഏറ്റവും കൂടുതൽ
ബജറ്റ് അവതരിപ്പിച്ച മുൻ ധനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡാകും നിർമല സീതാരാമൻ മറികടക്കുക.
ആദായ നികുതി നിരക്ക് കുറയ്ക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇത്തവണത്തെ ബജറ്റില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന്റെ സാധ്യതകള്‍ എന്തൊക്കെയെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ കുറേയെങ്കിലും ധനസമാഹരണം സാധിച്ചത് എല്‍ഐസിയുടെയും ഒഎന്‍ജിസിയുടെയും ചെറിയ ശതമാനം ഓഹരി വില്‍പനയിലൂടെയും എയര്‍ ഇന്ത്യയുടെ വില്‍പനയിലൂടെയുമാണ്. എല്‍ഐസിയുടെ കൂടുതല്‍ ഓഹരികള്‍ ഈ വര്‍ഷം വില്‍പനയ്ക്കെത്തുമോ എന്ന ചോദ്യം സജീവമാണ്. പുതിയ ബാങ്കിംഗ് ലൈസന്‍സുകള്‍ നല്‍കുന്ന കാര്യത്തിലും ഇപ്പോഴുളള പൊതുമേഖലാ ബാങ്കുകളുടെ ലയനവും സംയോജനവും സംബന്ധിച്ച നയതീരുമാനങ്ങളും ഈ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.
ധനക്കമ്മി അഞ്ച് ശതമാനത്തില്‍ താഴേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യം നേടാന്‍ കടുത്ത നടപടികള്‍ ആവശ്യമില്ല. ഗവണ്‍മെന്റിന്റെയും എല്‍ഐസിയുടെയും കൈവശമുള്ള ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള തീരുമാനംപോലും നടപ്പിലാക്കാതെ മാറ്റിവെച്ചിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ലാഭത്തിലുള്ള പൊതുമേഖലാ ബാങ്കുകളുടെയും കമ്പനികളുടെയും ഓഹരികള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ നല്ല പ്രിയമാണ്. എസ്ബിഐ, ഒഎന്‍ജിസി, ഭാരത് പെട്രോളിയം, ഷിപ്പിംഗ് കോര്‍പറേഷന്‍, കണ്ടെയ്നര്‍ കോര്‍പറേഷന്‍ എന്നിവയുടെ ഓഹരി വില്‍പനയാണ് വിപണിയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ബിപിസിഎല്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്റെ തീരുമാനം എന്താകുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിപണിയും ബാങ്കിംഗ് മേഖലയും.