രാഷ്ട്രപതിയുടെ അഭിസംബോധനയോടെ ജനുവരി 28ന് ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. 29ന് സാമ്പത്തിക സർവേ അവതരിപ്പിക്കും. 30, 31 തീയതികളിൽ സമ്മേളനമുണ്ടായേക്കില്ല. കഴിഞ്ഞ തവണത്തേതു പോലെ 2 ഘട്ടമായിട്ടായിരിക്കും ബജറ്റ് സമ്മേളനം. ആദ്യ ഘട്ടം ജനുവരി 28 മുതൽ ഫെബ്രുവരി 13 വരെയും, രണ്ടാം ഘട്ടം മാർച്ച് 9 മുതൽ ഏപ്രിൽ 2 വരെയും നടക്കുമെന്നാണ് വിവരം.
2017 മുതൽ എല്ലാ വർഷവും ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. അതിനു ശേഷം ആദ്യമായാണ് ബജറ്റ് ദിനം ഞായറാഴ്ചയാകുന്നത്. 2020ലും 2025ലും ഫെബ്രുവരി 1 ശനിയാഴ്ചയായിരുന്നു. ഈ ദിവസങ്ങളിൽ ബജറ്റ് പ്രമാണിച്ച് ഓഹരിവിപണി പ്രവർത്തിച്ചിരുന്നു. ഈ കീഴ്‌വഴക്കം പിന്തുടർന്നാൽ ഫെബ്രുവരി ഒന്ന് ഞായറാഴ്ചയും ഓഹരിവിപണി പ്രവർത്തിച്ചേക്കും.
advertisement
ധനമന്ത്രി നിർമല സീതാരാമന്റെ തുടർച്ചയായ ഒൻപതാമത്തെ ബജറ്റ് അവതരണമാണിത്. സ്വതന്ത്ര ഭാരതത്തിൽ ഏറ്റവുമധികം ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച സി ഡി ദേശ്മുഖിന്റെ റെക്കോർഡിനെ (7) കഴിഞ്ഞ വർഷം തന്നെ നിർമല സീതാരാമൻ മറികടന്നിരുന്നു. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി പത്ത് ബജറ്റുകളും മുൻ ധനമന്ത്രിമാരായ പി ചിദംബരം ഒമ്പത് ബജറ്റുകളും പ്രണബ് മുഖർജി എട്ട് ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവയൊന്നും തുടർച്ചയായിട്ട് ആയിരുന്നില്ല.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ സംബന്ധിച്ച ശുഭസൂചനകൾക്കിടയിലാണ് ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ യഥാർത്ഥ ജിഡിപി 2025-26 സാമ്പത്തിക വർഷത്തിൽ 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മുൻവർഷത്തെ 6.5 ശതമാനത്തേക്കാൾ ഉയർന്ന വളർച്ചാ നിരക്കാണിത്.
