ഒരു പ്രത്യേക കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആയി ആൾമാറാട്ടം നടത്തി പണവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെടുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. അടുത്ത കാലത്തായി നടന്ന ഒരു സംഭവം, ഇ-ഷോപ്പിംഗ് വെബ്‌സൈറ്റായ മീഷോയിലെ ഒരു ജീവനക്കാരൻ ട്വിറ്ററിൽ കുറിച്ചിരുന്നു. പ്രസ്തുത കമ്പനിയുടെ സിഇഒ എന്ന പേരിലെത്തിയ തട്ടിപ്പുകാരൻ മീഷോയിലെ ജീവനക്കാരനോട് വാട്സ്ആപ്പ് വഴി പണം ആവശ്യപ്പെട്ടതാണ് സംഭവം.
ഒരു അജ്ഞാത നമ്പറിൽ നിന്നാണ് ഫോൺ സന്ദേശമെത്തിയത്. മീഷോ സിഇഒയുടെ ഫോട്ടോയാണ് തട്ടിപ്പുകാരന്റെ പ്രൊഫൈൽ ചിത്രമായി ഉണ്ടായിരുന്നത്. കമ്പനിയിൽ ജോലി ചെയ്യുന്ന ശിക്കാർ സക്‌സേന എന്നയാളോട് പേടിഎം വഴി ഒരു ക്ലയന്റിനുള്ള പണം നൽകാമോ എന്നായിരുന്നു ചോദ്യം. പണം തിരികെ നൽകാമെന്നും തട്ടിപ്പുകാരൻ ഇയാളോട് പറഞ്ഞു. ഈ ട്വീറ്റിനോട് പ്രതികരിച്ച് നിരവധി കമ്പനി സ്ഥാപകരും സഹസ്ഥാപകരും സംരംഭകരും രംഗത്തെത്തിയിട്ടുണ്ട്.
തങ്ങൾക്കും സമാനമായ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സ്റ്റാർട്ടപ്പുകളെ ലക്ഷ്യമിട്ടുള്ള ഈ പുതിയ തരം തട്ടിപ്പ് എന്താണെന്നും ചിലർ ചോദിച്ചു. ബാൽ എന്ന് പരിചയപ്പെടുത്തിയ ഒരാൾ വാട്ട്‌സ്ആപ്പ് വഴി തന്നെ സമീപിച്ചെന്നും ആമസോൺ ഗിഫ്റ്റ് കൂപ്പൺ വാങ്ങാൻ പണം ആവശ്യപ്പെട്ടെന്നും ഇത് പിന്നീട് തിരികെ നൽകാമെന്ന് പറഞ്ഞതായും സംരംഭകനും നിക്ഷേപകനുമായ കുനാൽ ബഹൽ ശനിയാഴ്ച ട്വീറ്റ് ചെയ്തു. ആരും ഈ തട്ടിപ്പിൽ വീഴരുതെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്റ്റാർട്ടപ്പ് മേഖലയെയും ചെറുകിട കമ്പനികളെയും ലക്ഷ്യമിടുന്ന പുതിയ തരം തട്ടിപ്പാണ് ഇതെന്ന് സൈബർ നിയമ വിദഗ്ധൻ പവൻ ദുഗ്ഗൽ സിഎൻബിസി ടിവി18-നോട് പറഞ്ഞു. ”ചിലയാളുകൾ കമ്പനി സിഇഒമാരും സിഎഫ്‌ഒമാരുമായി ചമഞ്ഞ് അതേ കമ്പനിയിലെ ജീവനക്കാരോട് ഓൺലൈൻ പർച്ചേസുകൾ നടത്താൻ ആവശ്യപ്പെടുകയും ഇടപാട് പൂർത്തിയായ ശേഷം മുങ്ങുകയും ചെയ്യുന്ന സംഭവങ്ങൾ അടുത്തിടെ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നേരത്തെ ലോട്ടറിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ ഉണ്ടായിരുന്നു, എന്നാൽ ഇത് അതിനേക്കാൾ വളരെ വ്യാപമാണ്.
പല സാങ്കേതിക വശങ്ങളും അറിയാവുന്നവരാണ് ഇതിനു പിന്നിലുള്ളത്. കമ്പനികളുടെ സിഇഒമാർ ശ്രദ്ധിച്ചില്ലെങ്കിൽ, അവരുടെ ജീവനക്കാർ അത്തരം കെണിയിൽ വീഴുകയും ഒടുവിൽ പണം നഷ്ടപ്പെടുകയും ചെയ്യും. ഏതെങ്കിലുമൊരു വ്യക്തി കമ്പനിയുടെ സിഇഒ ആണെന്ന് അവകാശപ്പെട്ട് വിളിച്ചാലോ മെസേജ് അയച്ചാലോ ഈ കോളുകളും സന്ദേശങ്ങളും ആരും വിശ്വസിക്കരുത്. അത്തരം സംഭവങ്ങൾ ഉണ്ടായാൽ അത് ഉടൻ റിപ്പോർട്ട് ചെയ്യുന്നതാണ് നല്ലത്”, ദുഗ്ഗൽ കൂട്ടിച്ചേർത്തു.