ഗവൺമെന്റ് ഗ്യാരന്റികളും ഡിഐസിജിസി ഇൻഷുറൻസും 5 ലക്ഷം രൂപ വരെ സെക്യൂരിറ്റിയും വാഗ്ദാനം ചെയ്യുന്നതിനാൽ ബാങ്ക് എഫ്ഡികളാണ് പലപ്പോഴും സുരക്ഷിതമായി കണക്കാക്കപ്പെടുന്നത്. എന്നാൽ കോർപ്പറേറ്റ് എഫ്ഡികൾക്ക് ഗവൺമെന്റ് പിന്തുണയില്ല, ഇഷ്യൂ ചെയ്യുന്ന കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും പ്രശസ്തിയുമാണ് അവയുടെ സുരക്ഷയെ ആശ്രയിക്കുന്ന ഘടകങ്ങൾ. എന്നാൽ ഇവയിൽ ഏത് നിക്ഷേപം തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കും മുമ്പ് താഴെ പറയുന്ന ഘടകങ്ങൾ പരിശോധിക്കുക.
പലിശ നിരക്ക്
സ്ഥിരനിക്ഷേപങ്ങൾ ഉൾപ്പെടെ ഏത് നിക്ഷേപം തിരഞ്ഞെടുക്കുമ്പോഴും നിക്ഷേപത്തിൽ നിന്നുള്ള വരുമാനം കൃത്യമായി അറിഞ്ഞിരിക്കണം. ബാങ്കുകളിൽ നിന്ന് വ്യത്യസ്തമായി, കോർപ്പറേറ്റ് എഫ്ഡികളാകും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. കോർപ്പറേറ്റ് ഫിക്സഡ് ഡെപ്പോസിറ്റുകൾ മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ മാർഗമാണ്.
advertisement
കാലാവധി
പല നിക്ഷേപകരും ദീർഘകാല നിക്ഷേപമായാണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ തിരഞ്ഞെടുക്കാറുള്ളത്. കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണയായി ആറ് മാസം മുതൽ 5 വർഷം വരെയാണ് കാലാവധി. എന്നാൽ മാസങ്ങൾ മുതൽ വർഷങ്ങൾ വരെ നീളുന്ന കാലാവധികളോടെ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ ലഭ്യമാണ്. ദീർഘകാല നിക്ഷേപ കാലയളവുകൾ തേടുന്നവർ കോർപ്പറേറ്റ് സ്ഥിരനിക്ഷേപത്തേക്കാൾ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
റിസ്ക്
നിക്ഷേപം നടത്തുന്നതിന് മുമ്പ് ഉപയോക്താക്കൾ ഓരോ നിക്ഷേപത്തിന്റെയും അപകടസാധ്യതയും നിങ്ങൾ എത്രമാത്രം റിസ്ക് എടുക്കാൻ തയ്യാറാണെന്നും വിലയിരുത്തേണ്ടതുണ്ട്. സ്ഥിര നിക്ഷേപങ്ങൾ പൊതുവെ സുരക്ഷിതമാണെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ അവ പൂർണ്ണമായും അപകടരഹിതമാണെന്ന് പറയാനാകില്ല. കോർപ്പറേറ്റ് സ്ഥിരനിക്ഷേപങ്ങൾ അത്ര സുരക്ഷിതമല്ല. കാരണം കമ്പനിയുടെ പാപ്പരത്തവും മറ്റും റിസ്ക് സാധ്യത വർധിപ്പിക്കും. എന്നാൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ കോർപറേറ്റ് എഫ്ഡിയേക്കാൾ സുരക്ഷിതമാണ്. ആർബിഐ ഒരു സ്ഥിര നിക്ഷേപത്തിന് ഒരു ലക്ഷം രൂപ വരെയും ചില പ്രത്യേക സാഹചര്യങ്ങളിൽ അഞ്ച് ലക്ഷം രൂപ വരെയും കവറേജ് നൽകുന്നുണ്ട്.
നികുതി
സ്ഥിര നിക്ഷേപങ്ങൾക്ക് നികുതി ബാധകമാണ്. എന്നാൽ പല ബാങ്കുകളും ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം അഞ്ച് മുതൽ പത്ത് വർഷം വരെ ലോക്ക്-ഇൻ കാലയളവിലുള്ള നിക്ഷേപത്തിന് നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ കാലാവധി അവസാനിക്കും മുമ്പുള്ള പിൻവലിക്കൽ അല്ലെങ്കിൽ 10,000 രൂപയിൽ കൂടുതൽ പലിശ ലഭിക്കുന്നത് എന്നിവയൊക്കെ നികുതി ബാധകമാകുന്നതിലേയ്ക്ക് നയിച്ചേക്കാം.