പകരച്ചുങ്കം ഏര്‍പ്പെടുത്തുന്നത് ട്രംപ് മരവിപ്പിച്ചത് എന്തുകൊണ്ട്?
സര്‍ക്കാര്‍ ബോണ്ട് വിപണിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് യുഎസ് ട്രഷറി വകുപ്പിന് ആശങ്കകള്‍ വര്‍ധിച്ച് വരികയാണെന്നും ഇതാണ് പകരച്ചുങ്കം ഏര്‍പ്പെടുത്താനുള്ള തീരുമാനം വൈകിപ്പിച്ചതില്‍ പ്രധാന പങ്കുവഹിച്ചതെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഈ ആശങ്ക സംബന്ധിച്ച് ട്രംപിനോട് നേരിട്ട് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് ട്രഷറി ബോണ്ടുകളിലെ വേഗത്തിലുള്ള വിറ്റഴിക്കലിനെക്കുറിച്ച് വൈറ്റ് ഹൗസിലെ സാമ്പത്തിക വിദഗ്ധര്‍ പ്രസിഡന്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സര്‍ക്കാരിനെയും വിപണി വിദഗ്ധരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതായി സൂചന നല്‍കുന്നു.
advertisement
ഷി ജിന്‍പിംഗില്‍ നിന്ന് ഫോണ്‍കോണ്‍ പ്രതീക്ഷിച്ച് ട്രംപ്
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് തന്നെ വിളിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഓവല്‍ ഓഫീസിലെ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ട് പറയുന്നു. പകരച്ചുങ്കം 125 ശതമാനമായി ആയി ഉയര്‍ത്തിയ ശേഷം ചൈന ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന് ട്രംപ് പ്രതീക്ഷിക്കുന്നതായി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് ബുധനാഴ്ച പറഞ്ഞതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ചൈന വിളിക്കുകയാണെങ്കില്‍ ഫോണ്‍ കോള്‍ നേരിട്ട് ട്രംപിന് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. ''രണ്ട് വലിയ രാജ്യങ്ങളിലെ രണ്ട് നേതാക്കള്‍ തമ്മിലുള്ള ഫോണ്‍ കോളാണ്. അവര്‍ക്ക് ഒരുമിച്ച് അത് പരിഹരിക്കാന്‍ കഴിയും,'' ലുട്‌നിക്ക് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യന്‍ വിപണികളില്‍ കുതിപ്പ്
പകരച്ചുങ്കം ഏര്‍പ്പെടുത്താനുള്ള തീരുമാനം താത്കാലികമായി മരവിപ്പിച്ചതിനെ തുടര്‍ന്ന് ഏഷ്യല്‍ വിപണികളില്‍ കുതിപ്പ് രേഖപ്പെടുത്തി. വ്യാഴാഴ്ച രാവിലെയോടെ ഏഷ്യയിലെ ഓഹരി വിപണികള്‍ കുതിച്ചുയര്‍ന്നു. ജപ്പാനിലെ പ്രധാന ഓഹരി സൂചികയായ നിക്കൈയ് 225, 2000 പോയിന്റിലധികമാണ് ഉയര്‍ന്ന്ത്.
വ്യാപാര കരാറിനായി വിയറ്റ്‌നാമുമായി ചര്‍ച്ചകള്‍ നടത്താന്‍ യുഎസ് സമ്മതിച്ചിട്ടുണ്ട്. പകരച്ചുങ്കമുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കഴിയുന്നത്ര നീക്കം ചെയ്യാന്‍ രാജ്യങ്ങള്‍ ശ്രമിക്കുമെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടിലും പറയുന്നു.
യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കി ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ബുദ്ധിമുട്ടിക്കുകയാണെന്ന് ആരോപിച്ചാണ് ട്രംപ് പകരച്ചുങ്കം ഈടാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. പകരച്ചുങ്കം യുഎസിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപിന്റെ അവകാശവാദം.
അമേരിക്ക താരിഫ് നിരക്കുകള്‍ 50 ശതമാനം വര്‍ധിപ്പിച്ചതിനെതിരേ ലോക വ്യാപാര സംഘടനയില്‍(ഡബ്ല്യുടിഒ) ചൈന പുതിയ പരാതി നല്‍കി. ഇതിലൂടെ അമേരിക്ക അന്യായമായ രീതിയില്‍ പെരുമാറുകയാണെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ചൈനയുടെ വാണിജ്യമന്ത്രാലയവും ഈ നീക്കത്തെ നേരത്തെ വിമര്‍ശിച്ചിരുന്നു. യുഎസ് സ്വന്തം നിലയ്ക്ക് പ്രവര്‍ത്തിക്കുകയാണെന്നും സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുകയാണെന്നും ഇത് ഗുരുതരമായ തെറ്റാണെന്നും അവര്‍ പറഞ്ഞിരുന്നു. ഡബ്ല്യുടിഒ നിയമങ്ങള്‍ക്ക് കീഴിലുള്ള തങ്ങളുടെ അവകാശങ്ങള്‍ ചൈന ശക്തമായി സംരക്ഷിക്കുമെന്നും ന്യായമായ ആഗോള വ്യാപാര, സാമ്പത്തിക സഹകരണത്തെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ചൈനീസ് സര്‍ക്കാരിന്റെ വക്താവ് പറഞ്ഞു.
യുഎസുമായുള്ള വ്യാപാരയുദ്ധം കൂടുതല്‍ വഷളായതോടെ മാര്‍ച്ചില്‍ ചൈനയുടെ ഉപഭോക്തൃ വിലകള്‍ കുത്തനെ ഇടിഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയാതെ കുമിഞ്ഞുകൂടുന്നതിനാല്‍ ആഭ്യന്തര വില കൂടുതല്‍ താഴാന്‍ കാരണമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് ചൈനയുടെ ഉപഭോക്തൃവിലയില്‍ ഇടിവ് സംഭവിക്കുന്നത്.