നിലവിൽ ചൈനയിലാണ് വെള്ളിയുടെ വില ലോകത്ത് ഏറ്റവും ഉയർന്ന നിലയിലുള്ളത്. ആഗോള വിപണിയും ചൈനീസ് വിപണിയും തമ്മിൽ ഔൺസിന് ഏകദേശം 16 ഡോളറിന്റെ വ്യത്യാസമുണ്ട്. അതായത്, ചൈനയിൽ ഒരു കിലോ വെള്ളിക്ക് മറ്റ് രാജ്യങ്ങളേക്കാൾ ഏകദേശം 45,000 രൂപ അധികം നൽകണം. ആഗോളതലത്തിൽ വെള്ളി ഔൺസിന് 109 ഡോളറിന് വ്യാപാരം നടക്കുമ്പോൾ ചൈനയിൽ ഇത് 125 ഡോളറിന് അടുത്താണ്.
എന്തുകൊണ്ടാണ് ചൈനയിൽ വില ഇത്രയധികം കൂടുന്നത്?
ഉയർന്ന ആവശ്യകത: ലോകത്തെ ആകെ വെള്ളിയുടെ 65 ശതമാനത്തിലധികവും ഉപയോഗിക്കുന്നത് ചൈനയാണ്. ആഭരണങ്ങൾക്ക് പുറമെ സ്പോട്ട്, ഫ്യൂച്ചർ മാർക്കറ്റുകളിലും ചൈനയിൽ വലിയ തോതിൽ വെള്ളി വ്യാപാരം നടക്കുന്നുണ്ട്.
advertisement
വ്യവസായ ആവശ്യങ്ങൾ: സൗരോർജ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖല എന്നിവയിൽ ചൈന ലോകനേതൃത്വത്തിലാണ്. ഈ വ്യവസായങ്ങൾക്ക് വെള്ളി അത്യന്താപേക്ഷിതമായതിനാൽ ചൈനീസ് വിപണിയിൽ ഇതിന് വലിയ ഡിമാൻഡുണ്ട്.
പുതിയ കയറ്റുമതി നയം: ജനുവരി മുതൽ ചൈന നടപ്പിലാക്കിയ കർശനമായ കയറ്റുമതി നിയന്ത്രണങ്ങളാണ് വില വർധനവിന് മറ്റൊരു പ്രധാന കാരണം. സർക്കാർ ലൈസൻസുള്ള വൻകിട കമ്പനികൾക്ക് മാത്രമേ ഇനി വെള്ളി കയറ്റുമതി ചെയ്യാൻ അനുവാദമുള്ളൂ. ഇത് ആഗോള വിപണിയിൽ വെള്ളിയുടെ ലഭ്യത കുറയ്ക്കുകയും ചൈനയ്ക്കകത്ത് വില വർധിപ്പിക്കുകയും ചെയ്തു.
വെള്ളി നൽകുന്ന വൻ ലാഭം
അന്താരാഷ്ട്ര വിപണിയിൽ വെള്ളി വില അതിവേഗം ഉയരുകയാണ്. കോമെക്സിൽ (Comex) മാത്രം ഒറ്റ ദിവസം കൊണ്ട് 8 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
ഒരു മാസം: 42% വർധനവ്
മൂന്ന് മാസം: 127% വർധനവ്
ആറ് മാസം: 182% വർധനവ്
ഒരു വർഷം: 250 ശതമാനത്തിലധികം വർധനവ്
തിളക്കത്തോടെ സ്വർണവും
വെള്ളിക്കൊപ്പം സ്വർണവും നിക്ഷേപകർക്ക് മികച്ച വരുമാനം നൽകുന്നുണ്ട്. കോമെക്സിൽ സ്വർണം ഔൺസിന് 5,125 ഡോളറിന് അടുത്താണ് വ്യാപാരം നടക്കുന്നത്. ഒരു വർഷത്തിനിടെ 84.52 ശതമാനം വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്.
