2008ലാണ് മെലീസയ്ക്ക് പരസ്യകമ്പനിയിലെ ജോലി നഷ്ടപ്പെട്ടത്. അതിനുശേഷം ജോലിയ്ക്കായി അലഞ്ഞ മെലീസ കേക്കുകള്‍ ബേക്ക് ചെയ്യുന്നതിലെ തന്റെ കഴിവ് പൊടിതട്ടിയെടുക്കാന്‍ തീരുമാനിച്ചു. ഇതൊരു ബിസിനസാക്കി മാറ്റുന്നതിനെപ്പറ്റി ആലോചിക്കാന്‍ മെലീസയോടെ പറഞ്ഞത് സഹോദരനായ ബ്രിയാന്‍ ബുഷലാണ്.
തുടര്‍ന്ന് ബ്രിയാന്‍ ബുഷല്‍, മാറ്റ് ബേര്‍, ഡാനി ഒമരി, ബെന്‍ സിയോണ്‍ എന്നിവരുടെ സഹായത്തോടെ മെലീസ തന്റെ സംരംഭത്തിന് തുടക്കം കുറിച്ചു. കപ്പ് കേക്കുകള്‍ വിപണിയിലെത്തിക്കുന്ന പ്രമുഖ ബ്രാന്‍ഡായി Baked By Melissa ബ്രാന്‍ഡ് മാറി. കുറഞ്ഞകാലം കൊണ്ട് തന്നെ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ആരാധകരെ സൃഷ്ടിച്ചെടുക്കാന്‍ മെലീസയുടെ സ്ഥാപനത്തിന് കഴിഞ്ഞു.
advertisement
ഇന്ന് ലക്ഷങ്ങളുടെ വരുമാനം ലഭിക്കുന്ന സംരംഭമായി മെലീസയുടെ സ്ഥാപനം വളര്‍ന്നുകഴിഞ്ഞു. ന്യൂയോര്‍ക്ക് സിറ്റിയിലും ബോസ്റ്റണിലുമായി 13 റീടെയ്ല്‍ ഷോപ്പുകളാണ് ബേക്ക്ഡ് ബൈ മെലീസയ്ക്കുള്ളത്. ഓണ്‍ലൈനിലൂടെയും തങ്ങളുടെ സ്ഥാപനത്തിന്റെ സേവനങ്ങളെത്തിക്കാന്‍ മെലീസ ശ്രദ്ധിക്കുന്നുണ്ട്. 40കോടിയിലധികം കപ്പ് കേക്കുകള്‍ ഇതിനോടകം വിറ്റഴിക്കാനും ബേക്ക്ഡ് ബൈ മെലീസയ്ക്ക് കഴിഞ്ഞു.
വളരെ ചെറിയ രീതിയിലാണ് മെലീസ തന്റെ ബേക്കറി ബിസിനസ് ആരംഭിച്ചത്. തുടക്കത്തില്‍ തന്റെ ന്യൂയോര്‍ക്ക് സിറ്റിയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് മെലീസ കപ്പ് കേക്കുകള്‍ തയ്യാറാക്കിക്കൊണ്ടിരുന്നത്. ഓര്‍ഡര്‍ അനുസരിച്ച് ആവശ്യക്കാര്‍ക്ക് മെലീസ കപ്പ് കേക്കുകള്‍ എത്തിക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് മാന്‍ഹട്ടനിലെ സോഹോ പ്രദേശത്ത് 'ബേക്ക്ഡ് ബൈ മെലീസ' സ്റ്റോര്‍ തുറന്നത്. തന്റെ ബിസിനസിലൂടെ ലഭിച്ച വരുമാനം വീണ്ടും പുനര്‍നിക്ഷേപം നടത്തിയാണ് മെലീസ തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്.
സംരംഭത്തിന്റെ പുരോഗതി തിരിച്ചറിഞ്ഞ മെലീസയുടെ സഹോദരനായ ബ്രിയാന്‍ ബുഷല്‍ എട്ട് വര്‍ഷത്തോളം ഈ സ്ഥാപനത്തിന്റെ സിഇഒയായി പ്രവര്‍ത്തിച്ചിരുന്നു. സ്ഥാപനത്തിന്റെ ഡിസൈനിംഗിന് നേതൃത്വം നല്‍കിയത് മാറ്റ് ബേര്‍ ആണ്. ബ്രാന്‍ഡിന്റെ പ്രമോഷനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ബെന്‍ സിയോണിന്റെ നേതൃത്വത്തിലാണ് നടന്നത്.
സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ തുടക്കത്തില്‍ മെലീസയ്ക്ക് മടിയായിരുന്നു. എന്നാല്‍ 2019 ഡിസംബറില്‍ 'ബേക്ക്ഡ് ബൈ മെലീസ'യുടെ സിഇഒയായി മെലീസ ചുമതലയേറ്റു. അതേവര്‍ഷം ഡിസംബറില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നതെന്നും മെലീസ പറഞ്ഞു.
എന്നാല്‍ കോവിഡ് വ്യാപനത്തോടെ കമ്പനിയുടെ നടത്തിപ്പിലും മാറ്റങ്ങള്‍ വന്നു. വീട്ടിലിരുന്നാണ് അന്ന് സ്ഥാപനത്തെ മുന്നോട്ട് നയിച്ചതെന്ന് മെലീസ പറഞ്ഞു. പിന്നീട് പതിയെ ടിക് ടോക്കിലും മെലീസ താരമായി മാറി. ഒരിക്കല്‍ ടിക് ടോക്കില്‍ മെലീസ പോസ്റ്റ് ചെയ്ത സാലഡ് റെസിപ്പിയാണ് സോഷ്യല്‍ മീഡിയയിലും മെലീസയ്ക്ക് ആരാധകരെ നേടിക്കൊടുത്തത്. ഇതോടെ സംരംഭകയില്‍ നിന്ന് കണ്ടന്റ് ക്രിയേറ്റര്‍ എന്ന പദവിയിലേക്ക് എത്താനും മെലീസയ്ക്ക് സാധിച്ചു.