ഐഫോണ്‍ 17 പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഈ സംഭവവും വീണ്ടും ചര്‍ച്ചയാകുന്നത്. 2016-ല്‍ ഐഫോണ്‍ 7 പുറത്തിറങ്ങിയ സമയത്താണ് സംഭവം നടക്കുന്നത്. ചൈനയില്‍ നിന്നുള്ള ഷവോലി എന്ന പെണ്‍കുട്ടി തന്റെ വീടിനായി പണം സ്വരൂപിക്കുന്നതിന് ഒരു സവിശേഷ പദ്ധതി തയ്യാറാക്കി.
വീടിനുവേണ്ട പണം കണ്ടെത്താൻ തന്റെ 20 കാമുകന്മാരോട് പുതിയ ഐഫോണ്‍ 7 വാങ്ങിത്തരാന്‍ അവര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കാമുകന്മാരില്‍ നിന്നും ഫോണുകള്‍ ശേഖരിച്ച ശേഷം അവള്‍ എല്ലാ ഫോണുകളും ഹുയി ഷൗ ബാവോ എന്ന മൊബൈല്‍ റീസൈക്ലിംഗ് കമ്പനിക്ക് വിറ്റു. 1,20,000 ചൈനീസ് യുവാന്‍ ( ഏകദേശം 14 ലക്ഷം രൂപ) ഇങ്ങനെ സമ്പാദിച്ചു. ഈ തുക വീടിന്റെ ഡൗണ്‍ പേയ്‌മെന്റിനായി ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്.
advertisement
പ്രൗഡ് ക്വിയോബ എന്ന ബ്ലോഗര്‍ ടിയാന്‍ യാ യി ഡു എന്ന ഫോറത്തിലാണ് ഈ കഥ പങ്കിട്ടത്. തന്റെ സഹപ്രവര്‍ത്തകയുടെ സമര്‍ത്ഥമായ പദ്ധതിയെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തുകയായിരുന്നു. തന്റെ വീട് ഷവോലി സുഹൃത്തുക്കളെ കാണിച്ചപ്പോള്‍ അവര്‍ക്കെല്ലാം ഒരു സംശയം തോന്നി. അവള്‍ പണം എങ്ങനെയാണ് കണ്ടെത്തിയത് എന്നതിനെ കുറിച്ചും പലരും അദ്ഭുതപ്പെട്ടു.
യുവതി ഒരു സമ്പന്ന കുടുംബത്തില്‍ നിന്നുള്ള ആളല്ലെന്ന് ബ്ലോഗര്‍ പറയുന്നു. അവരുടെ അമ്മ ഒരു വീട്ടമ്മയും അച്ഛന്‍ ഒരു കുടിയേറ്റ തൊഴിലാളിയുമാണ്. കുടുംബത്തിലെ മൂത്തമകളാണ് ഷവോലി. അവളുടെ മാതാപിതാക്കള്‍ക്ക് പ്രായമാകുന്നതിനാല്‍ ഒരു വീട് വാങ്ങിക്കൊടുക്കാന്‍ ഷവോലി സമ്മര്‍ദ്ദം നേരിട്ടിരിക്കാം. എന്നാല്‍ അതിനായി കണ്ടെത്തിയ പദ്ധതി അവിശ്വസനീയമായി തോന്നുന്നുവെന്ന് ബ്ലോഗര്‍ പറഞ്ഞു.
ഹുയി ഷൗ ബാവോ കമ്പനിക്കുവേണ്ടിയുള്ള മാര്‍ക്കറ്റിംഗ് തന്ത്രമായിരിക്കാം ഷവോലിയുടെ പദ്ധതിയെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഒരു ക്ലയന്റില്‍ നിന്നും 20 ഐഫോണുകള്‍ വാങ്ങിയതായി കമ്പനിയുമായി ബിബിസി ബന്ധപ്പെട്ടപ്പോള്‍ കമ്പനി വക്താവ് സ്ഥിരീകരിച്ചു. 6000 യുവാന്‍ ( ഏകദേശം 74,000 രൂപ) ആണ് ഓരോ ഫോണിനും നല്‍കിയതെന്നും കമ്പനി അറിയിച്ചു.
സംഭവം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇത് പെണ്‍കുട്ടിയുടെ ദൈനംദിന ജീവിതത്തെ ബാധിച്ചു. മാധ്യമങ്ങള്‍ ഈ വാര്‍ത്ത വീണ്ടും റിപ്പോര്‍ട്ട് ചെയ്യാന്‍ അവള്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല.
