നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെവെണ്ണേക്കോട് മുതുവാൻ കോളനിയിലെ പരേതനായ ഉണ്ണീരാമന്റെ മകൻ ബാലനെ(40) തിങ്കളാഴ്ചയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2015-16 ലാണ് വെണ്ണേക്കോട് കോളനിയിലെ 42 കുടുംബങ്ങൾ കൈവശം വച്ചിരുന്ന 75 ഏക്കർ പട്ടയ ഭൂമി നിക്ഷിപ്ത വനമാണെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് ഏറ്റെടുത്തത്. അതോടെ നികുതി സ്വീകരിച്ചിക്കുന്നത് റവന്യൂ വകുപ്പ് നിർത്തി വച്ചു. ഇതോടെ ബാങ്ക് വായ്പകളും ഇവർക്ക് കിട്ടാതായി. അന്ന് മുതൽ ബാലൻ ഉൾപ്പെടെയുള്ളവർ നിരന്തര സമരത്തിലാണ്. എന്നാൽ അധികൃതരുടെ ഉറപ്പുകളെല്ലാം വെറും വാക്കായതോടെ വലിയ മനോ വിഷമത്തിലായിരുന്നു ബാലൻ. ഇദ്ദേഹത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതും വനം വകുപ്പിന്റെ നിലപാടാണെന്ന് അദ്ദേഹത്തിന്റെ കുടുംബാഗങ്ങൾ പറയുന്നു. ബാലന്റെ സംസ്കാരം ഇന്ന് നടക്കും. അംബിക ആണ് ഭാര്യ. മകൻ അതുൽ കൃഷ്ണ.
advertisement
വെണ്ണേക്കോട് കോളനിയുടെ ചരിത്രം ഇങ്ങനെ
മഞ്ചേരി കോവിലകത്തിന്റെ ഉടമസ്ഥയിലായിരുന്ന 175 ഏക്കർ ഭൂമി 1968 ലാണ് പ്രദേശത്തെ ജോലിക്കാരായിരുന്ന ആദിവാസികൾക്ക് ഇഷ്ട ദാനമായി നൽകിയത്. മലമുത്തപ്പൻ, കാട്ടുനായ്ക്കർ വിഭാഗത്തിലെ 24 പേർക്കായി 1960 കളിലാണ് ഭൂമി വിട്ടുനൽകിയത്. 1980ൽ ഇവർക്ക് പട്ടയം ലഭിച്ചു. 2015-16 വരെ നികുതിയും അടച്ചു. പക്ഷേ പ്രദേശം നിക്ഷിപ്ത വനഭൂമിയാണെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്.
1971 ൽ തന്നെ ഭൂമി വനം വകുപ്പിന്റെ കൈവശമായിരുന്നെന്നും അവർ അവകാശപ്പെടുന്നു. റവന്യു വകുപ്പിന്റെ പിഴവാണ് വെണ്ണക്കോട്ടെ 175 ഏക്കർ ഭൂമിയുടെ കാര്യത്തിൽ ആശയകുഴപ്പമുണ്ടായതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. വനഭൂമിക്കാണ് റവന്യു വകുപ്പ് പട്ടം നൽകിയത്.
ആദിവാസികൾക്ക് വനാവകാശ നിയമപ്രകാരം ഇവിടെ താമസിക്കാം. പക്ഷെ ഭൂമി സ്വന്തമാകില്ല. എന്നാൽ വനം വകുപ്പിന്റെ ഈ തീരുമാനം അംഗീകരിക്കാൻ ആദിവാസികൾ തയാറല്ല. ഇവർ റവന്യൂ , വനം വകുപ്പ് മന്ത്രിമാർക്കും രാഷ്ട്രീയ കക്ഷി നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും അനുകൂലമായ ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല.
