നാട്ടുകാരുടെ പരാതിയെ തുടർന്ന് കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് പ്രദേശവാസികൾക്ക് ഐ.ഐ.എം പെപ്പിലൂടെ കുടിവെള്ളം എത്തിച്ച് നൽകിയിരുന്നു. എതാനും ദിവസങ്ങളായി വെള്ളം നൽകുന്നത് നിർത്തലാക്കിയെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പുനസ്ഥാപിച്ചിരുന്നു. എന്നാൽ വെളളിയാഴ്ച്ച മുതൽ കുടിവെള്ള വിതരണം വീണ്ടും മുടങ്ങിയതാണ് സമരത്തിനിറങ്ങാൻ വീട്ടമ്മമാരെ പ്രേരിപ്പിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് മുതലാണ് വീട്ടമ്മമാർ സമരം ആരംഭിച്ചത്. മാനേജ്മെൻ്റ് ചർച്ചക്ക് തയ്യാറാവാതെ വന്നതോടെ പ്രതിഷേധം രാത്രിയിലും തുടർന്നു. സമരത്തിന് നേരെ അധികാരികൾ മുഖം തിരിച്ചതോടെ വീട്ടമ്മമാർ ഐ.ഐ.എമ്മിൻ്റെ പ്രവേശന കവാടം ഇന്ന് രാവിലെ ഉപരോധിച്ചു.
advertisement
കോവിഡ് പ്രോട്ടോകോൾ പാലിച്ച് അഞ്ചുപേരാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്. പ്രവേശ കവാടത്തിൽ ഉപരോധം തീർത്തതോടെ കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി. വാഹനങ്ങൾ തടയരുതെന്ന് നിർദ്ദേശം നൽകിയെങ്കിലും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരക്കാർ വ്യക്തമാക്കി.
ശനിയാഴ്ച്ച വൈകിട്ട് കളക്ടറുടെ ഇടപെടലിനെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ്, എസ് ഐ, വില്ലേജ് ഓഫീസർ, എന്നിവർ സമരക്കാരുമായി ചർച്ച നടത്തി. തുടർന്ന് രണ്ട് ദിവസം കൂടി വെള്ളം നൽകാമെന്ന് ഐ.ഐ.എം അറിയിച്ചു. തിങ്കളാഴ്ച സമരക്കാരെയും ഐ.ഐ.എം പ്രതിനിധികളെയും ഉൾപ്പെടുത്തി ചർച്ച നടത്താനാണ് തീരുമാനം.