നയപ്രഖ്യാപനം നടക്കുന്ന വിജ്ഞാന്‍ ഭവനിൽ വളരെ നേരത്തേ എത്തി. കേരളത്തില്‍ നിന്നുള്ള മറ്റു മാധ്യമ പ്രവര്‍ത്തകര്‍ എത്തുന്നതേയുള്ളു. ഇപ്പോള്‍ ന്യൂസ്18ല്‍ ഒപ്പമുള്ള സതീഷ് കുമാര്‍ എത്തി. അന്ന് സതീഷ് കൈരളി ന്യൂസിലാണ്. കുശലം പറഞ്ഞിരിക്കുന്നതിനിടെ മൊബൈയില്‍ ശബ്ദിച്ചു. 'എ.പി' ആണ്.
അഹമ്മദ് പട്ടേലിന് പല മാധ്യമപ്രവര്‍ത്തകരും അന്ന് നല്‍കിയിരുന്ന ചുരുക്കപ്പേരാണ് 'എ.പി'. എന്തോ പ്രധാനപ്പെട്ട വാര്‍ത്തയാണ് ആ വിളിക്ക് പിന്നില്‍. കൈരളി ടിവിയുടെ റിപ്പോര്‍ട്ടര്‍ ഒപ്പമുള്ളപ്പോള്‍ ഫോണ്‍ എടുക്കണോയെന്ന് ഒന്ന് സംശയിച്ചു. പിന്നെ എടുത്തു. പ്രതീക്ഷിച്ചത് പോലെ അപ്പുറത്ത് അഹമ്മദ് ഭായി. രണ്ടേ രണ്ട് വാചകം. "തുമാര മുരളീധരന്‍ കോ പാര്‍ട്ടി സേ നികാല്‍ രഹാഹെ.." നിങ്ങളുടെ മുരളീധരനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നു..! ആ വാചകം കേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
advertisement
ഇത്ര വലിയ തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടി എടുക്കുമോ? കെ.കരുണാകരനെ അങ്ങനെ പിണക്കാന്‍ ഹൈക്കമാണ്ടിന് കഴിയുമോ? ആകെ ആശയക്കുഴപ്പം. എങ്കിലും ചോദിച്ചു..
"അഹമ്മദ് ഭായി , കബ് കരേഗ.. ?
എപ്പോഴാകും നടപടി?
ഏക് ദോ ദിന്‍മേ.. രണ്ട് ദിവസത്തിനുള്ളില്‍. എന്നിട്ടും വിശ്വാസമായില്ല.
"ക്യാ മേ ചലാസക്താ ഹൂ.. "
"ഈ വാര്‍ത്ത ഞാൻ ചാനലില്‍ കൊടുത്തോട്ടെ?"
"അത് നിനക്ക് തീരുമാനിക്കാം…"
ഈ മറുപടിയാണ് അഹമ്മദ് പട്ടേലിന്റെ രാഷ്ട്രീയ തന്ത്രം.
എന്റെ അവിശ്വസനീയതയും ആശയക്കുഴപ്പവും കണ്ടതോടെ സതീഷ് കാര്യം തിരക്കി. ഇന്ന് പലപ്പോഴും റിപ്പോര്‍ട്ടര്‍മാര്‍ ചെയ്യാത്ത ചിലകാര്യങ്ങള്‍ ഞങ്ങള്‍ അന്ന് ചെയ്യുമായിരുന്നു. സതീഷിനോട് കാര്യം പറഞ്ഞു. രണ്ടു പേര്‍ക്കും ആശയക്കുഴപ്പമായി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിക്കേണ്ടത്. അതില്‍ തര്‍ക്കമൊന്നുമില്ല. പക്ഷെ കേരളത്തില്‍ പാര്‍ട്ടിയെ പിളര്‍പ്പിലെത്തിക്കുന്ന ഈ തീരുമാനം എ.ഐ.സി.സി എടുക്കുമോ?
പുറത്താക്കാനല്ലെങ്കില്‍ പിന്നെ എന്തിന് അഹമ്മദ് പട്ടേല്‍ ഇങ്ങനെയൊരു കാര്യം പറയണം. അതായി പിന്നത്തെ ചോദ്യം. അന്നത്തെ എന്റെ മേധാവി കെ.പി.ജയദീപും ചോദിച്ചത് ഇതേ ചോദ്യം തന്നെ. ജയദീപ് കൂടി ധൈര്യം തന്നതോടെ രണ്ടും കല്‍പ്പിച്ചു വാര്‍ത്ത നല്‍കി. കാറ്റിന് തീ പിടിച്ചത് പോലെ വാര്‍ത്ത ആളിക്കത്തി. കേരളത്തില്‍ നിന്ന് നിറുത്താതെ വിളി, കോണ്‍ഗ്രസ് നേതാക്കളുടെ.
അതില്‍ ഒരു നേതാവ്, കരുണാകരന്‍ വളര്‍ത്തി വലുതാക്കിയവരുടെ കൂട്ടത്തിലെ പ്രമുഖന്‍, എന്നോട് പറഞ്ഞു : "അത് നടക്കാന്‍ പാടില്ല…"
ഞാനും ശരിവച്ചു.
അപ്പോള്‍ ആ നേതാവ് തിരുത്തി. "അതല്ല, പുറത്താക്കല്‍ നാളെയോ മറ്റന്നാളോ നടക്കാന്‍ പാടില്ല. അതു കഴിഞ്ഞാല്‍ കുഴപ്പമില്ല…"
ആ മറുപടി ഓര്‍ക്കുമ്പോള്‍ ഇന്ന് ചിരി വരുന്നുണ്ടെങ്കിലും അന്ന് അമ്പരന്നു പോയി. 'എന്താ ഈ രണ്ട് ദിവസത്തെ കുഴപ്പ'മെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് അതിലും കേമം. "കരുണാകരന്റെ വീട്ടിൽ ഒരു പ്രധാന ചടങ്ങ് നടക്കുന്നുണ്ട്. ആ ദിവസം തന്നെ മുരളീധരനെ പുറത്താക്കിയാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യും. പ്രവര്‍ത്തകരുടെ വികാരം എതിരാകും."
എന്തൊരു ദീര്‍ഘവീക്ഷണം!
ഇനി എന്തു ചെയ്യും? ഉടന്‍ വന്നു നേതാവിന്റെ മറുപടി. "താന്‍ തന്നെ അഹമ്മദ് പട്ടേലിനോട് ഇക്കാര്യം പറയണം…"
നേരിട്ട് പറയുന്നതല്ലെ നല്ലതെന്നു ചോദിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. ഒടുവില്‍ അഹമ്മദ് പട്ടേലിനെ വിളിച്ചു. ഫോണ്‍ എടുത്ത പാടെ ആദ്യത്തെ ചോദ്യം "തുമാര കേരള്‍ മേം ക്യാഖബര്‍ ഹേ.."
"നിന്റെ കേരളത്തില്‍ എന്താണ് വാര്‍ത്ത?" 'താങ്കളുണ്ടാക്കിയ വാര്‍ത്ത തകര്‍ക്കുന്നു' എന്ന് മറുപടി നല്‍കി. മറുഭാഗത്ത് നിന്ന് പ്രതികരണമൊന്നുമില്ല. ഞാന്‍ ഒന്നു പേടിച്ചു. അഹമ്മദ് ഭായി പരീക്ഷിച്ചതാണോ? ബ്രേക്കിങ് ന്യൂസും പ്രതികരണങ്ങളും ചാനലില്‍ തകര്‍ക്കുകയാണ്. അപ്പോഴേക്കും മറുപടി വന്നു : "ചിലത് ചെയ്യാതെ പറ്റില്ല…"
കേരളത്തിലെ നേതാവിന്റെ ആശങ്ക ഞാന്‍ കൈമാറി. ആലോചിക്കാന്‍ പോലും നില്‍ക്കാതെ അദ്ദേഹം മറുപടി നല്‍കി. "നാളെ അല്ലങ്കില്‍ മറ്റന്നാൾ. അതുമല്ലെങ്കില്‍ അതിന് അടുത്ത ദിവസം…"
പക്ഷെ ആ തീരുമാനത്തില്‍ അഹമ്മദ് പട്ടേലിന് സംശയമോ ആശങ്കയോ ഉണ്ടായിരുന്നില്ല. സാധാരണ സമയം നല്‍കി പ്രശ്‌നങ്ങള്‍ക്ക് സ്വയം പരിഹാരമുണ്ടാകട്ടെ എന്ന് കാത്തിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനും അഹമ്മദ് പട്ടേലിനും ഇക്കാര്യത്തില്‍ ഒരു ആശയകുഴപ്പവുമില്ലായിരുന്നു. അത് നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച നടപടിയായിരുന്നു!
മുരളീധരനെ പുറത്താക്കിയ തന്ത്രം
കരുണാകരനെ പുറത്താക്കിയാല്‍ അത് പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കും. കെ.മുരളീധരനെ പുറത്താക്കിയാല്‍ അതുണ്ടാകില്ല. മാത്രവുമല്ല കെ.മുരളീധരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ കെ.കരുണാകരന്‍ സ്വയം പുറത്തു പോകും. ആ ബുദ്ധി ഫലിച്ചു. മകനെ പുറത്താക്കിയതിന് പിന്നാലെ കരുണാകരനും പാര്‍ട്ടി വിട്ടു.
പാതിരാ പട്ടേൽ
ഇന്ത്യന്‍ രാഷ്ട്രീയം തീരെ പരിചിതമല്ലാതിരുന്ന കാലത്താണ് സോണിയഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ടായത്. അന്ന് അംബിക സോണിയായിരുന്നു ഉപദേശക. അംബികാ സോണിയുടെ ഉപദേശത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് അഹമ്മദ് പട്ടേലിനെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി നിയോഗിച്ചത്. അഹമ്മദ് പട്ടേല്‍ ദേശീയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. പക്ഷെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ കിട്ടില്ല. വാര്‍ത്തയില്‍നിന്ന് ഒഴിഞ്ഞുമാറിയുള്ള ആ രാഷ്ട്രീയമാണ് അഹമ്മദ് പട്ടേലിനെ കോണ്‍ഗ്രസ് പ്രസിഡണ്ടിനേയും യുപിഎ സര്‍ക്കാരിനെയും നിയന്ത്രിക്കുന്ന ബുദ്ധികേന്ദ്രമാക്കിയതും. അന്ന് അഹമ്മദ് പട്ടേലിനെ 'അഹമ്മദ് ഭായി' എന്ന് വിളിക്കുന്ന മലയാള മാധ്യമ പ്രവര്‍ത്തകര്‍ കുറവായിരുന്നു. അധികം ഇല്ലെന്ന് തന്നെ പറയാം. അദ്ദേഹം കേരളത്തിന്റെ ചുമതലയിലേക്ക് വന്ന ശേഷമാണ് ആ പ്രദേശിക ബന്ധം വലുതായത്. നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പറയുന്നതിനപ്പുറമുള്ള കേരളത്തിലെ വിശേഷങ്ങള്‍ അറിയാനായിരുന്നു അദ്ദേഹം ആ ബന്ധങ്ങള്‍ക്ക് തുടക്കമിട്ടത്. ഉച്ച കഴിഞ്ഞാണ് അഹമ്മദ് പട്ടേല്‍ സജീവമാകുന്നത്. പിന്നീട് അദ്ദേഹത്തിന്റെ കൂടിയാലോനകളും ചര്‍ച്ചകളും പാതിരാത്രി കഴിഞ്ഞും നീളും.അന്ന് കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങളെല്ലാം ഇതേ രീതിയിലായിരുന്നു. ചിട്ടവിടാതെ ജീവിക്കുന്ന എ.കെ.ആന്റണി പോലും പാതിരാത്രി കഴിഞ്ഞും 23 മദര്‍ തെരേസ ക്രസന്റിലെ അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ ഉണര്‍ന്നിരുന്നു ചര്‍ച്ച ചെയ്തിരുന്നു. ആ ചര്‍ച്ചകള്‍ തുടര്‍ന്നപ്പോള്‍ കേരളത്തിലെ നേതാക്കള്‍ അദ്ദേഹത്തിന് ഒരു ഓമനപേരിട്ടു, 'പാതിര പട്ടേല്‍'. രാജീവ് ഗാന്ധി തുടങ്ങിവച്ച ശീലമാണ് അഹമ്മദ് പട്ടേല്‍ തുടര്‍ന്നത്. പ്രധാനമന്ത്രിയായതോടെ പാര്‍ട്ടികാര്യങ്ങളിലെ ചര്‍ച്ചകള്‍ രാജീവ് ഗാന്ധി പാതിരാത്രിയിലേക്ക് മാറ്റിയിരുന്നു.
ഇന്ദ്രപ്രസ്ഥത്തിലെ തന്ത്രജ്ഞന്‍
സോണിയ ഗാന്ധിയുടെ അതിവിശ്വസ്തനായിരുന്നു അഹമ്മദ് പട്ടേലെങ്കിലും ആ വിശ്വാസത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്. ഗുജറാത്തില്‍ നിന്നുള്ള അഹമ്മദ് പട്ടേലിന് വലിയ പ്രതിസന്ധിയുണ്ടായ ഒരു സംഭവം ഗുജറാത്തില്‍നിന്ന് തന്നെയുള്ള മറ്റൊരു നേതാവിന്റെ നടപടിയായിരുന്നു. അഹമ്മദ് പട്ടേലിന്റെ എതിര്‍ ചേരിയിലായിരുന്നു മാധവ് സിങ് സോളങ്കിയെന്ന മുതിര്‍ന്ന ഗുജറാത്തി കോണ്‍ഗ്രസ് നേതാവ്. അഹമ്മദ് പട്ടേലിന്റെ ഉപദേശം മറികടന്ന് സോണിയഗാന്ധി മാധവ് സിങ് സോളങ്കിയെ അനുകൂലിച്ചു. പൊട്ടിത്തെറിച്ച അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസ് പ്രസിഡണ്ടിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറി സ്ഥാനം രാജിവച്ചു. സോണിയഗാന്ധിയാകട്ടെ കൈയ്യോടെ രാജി സ്വീകരിക്കുകയും ചെയ്തു. ആകെ പ്രതിസന്ധിയിലായ അഹമ്മദ് പട്ടേലിനെ അന്ന് രക്ഷിച്ചത് പ്രവര്‍ത്തകസമിതിയില്‍ അദ്ദേഹത്തോടൊപ്പമുള്ള നേതാക്കളായിരുന്നു. സോണിയഗാന്ധിയെ അവര്‍ അനുനയിപ്പിച്ചു. അഹമ്മദ് പട്ടേല്‍ വീണ്ടും രാഷ്ട്രീയകാര്യ സെക്രട്ടറിയുമായി.
ബിജെപിയുടെ ബുദ്ധികേന്ദ്രം അമിത്ഷായ്ക്കെതിരെവരെ ചാണക്യ തന്ത്രം മെനഞ്ഞ് വിജയം കണ്ട ചരിത്രവും അഹമ്മദ് പട്ടേലിന് മാത്രം അവകാശപ്പെട്ടത്. സ്വന്തം രാജ്യസഭാ തിരഞ്ഞെടുപ്പിലാണ് അഹമ്മദ് പട്ടേലിന്റെ ആ രാഷ്ട്രീയ മെയ് വഴക്കം കണ്ടത്. അമിത്ഷാ നേരിട്ടിറങ്ങി കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിച്ചിട്ടും അഹമ്മദ് പട്ടേല്‍ വിജയിച്ചു. തിരഞ്ഞെടുപ്പ് നിയമങ്ങളിലെ കുരുക്കുകളുപയോഗിച്ചുള്ള കളിയിലൂടെയാണ് അമിത്ഷായുടെ മാസ്റ്റര്‍ ഗെയിം അഹമ്മദ് പട്ടേല്‍ മറികടന്നത്. യുവനിരയുമായി രാഹുല്‍ ഗാന്ധി എത്തിയതോടെയാണ് കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തില്‍ അഹമ്മദ് പട്ടേലിന്റെ തന്ത്രങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടത്. അധികം വൈകാതെ, കോണ്‍ഗ്രസിന്റെതന്നെ പ്രസക്തിയും ഇല്ലാതെയായി!