TRENDING:

വരികള്‍ക്കിടയില്‍ നഗ്നശൃംഗാരത്തിന്റെ മാദകമലരുകള്‍ ഒളിപ്പിച്ചു വച്ച മലയാളം ഗാനങ്ങൾ

Last Updated:

പിന്നീട് പല ഗാനരചയിതാക്കളും വരികള്‍ക്കിടയില്‍ രതിയുടെ രാസമരാളങ്ങള്‍ ശ്രോതാക്കള്‍ അറിയാതെ ഒളിപ്പിച്ചു വച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എസ്. ബിനുരാജ്
advertisement

യേശുദാസിനോടുള്ള അതിയായ ആരാധന കൊണ്ട് നിരവധി ഹിന്ദി ഗാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയ സംഗീത സംവിധായകനാണ് രവീന്ദ്ര ജയിന്‍. 1976ല്‍ ചിറ്റ്‌ചോർ എന്ന ഹിന്ദി പടത്തില്‍ യേശുദാസിന് നല്‍കിയ ഗാനങ്ങളിലൂടെ അദ്ദേഹവും ആ പാട്ടകുളും മലയാളികള്‍ക്ക് പ്രിയങ്കരമായി.

1977ല്‍ തന്നെ അദ്ദഹം മലയാളത്തിലും പാട്ടുകള്‍ ചെയ്തു. സുജാത എന്ന പടത്തിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. പിന്നീട് അദ്ദേഹം മലയാളത്തില്‍ വരുന്നത് 1994ല്‍ ആയിരുന്നു. ആ സമയം ആയപ്പോഴേക്കും പാട്ടുകള്‍ തിരഞ്ഞു പിടിച്ച് റെക്കോഡ് ചെയ്യുന്ന പ്രായം എനിക്കുണ്ട്.

advertisement

ഏതോ സിനിമാ വാരികയില്‍ വായിച്ചാണ് അറിഞ്ഞത് സുഖം സുഖകരം എന്ന ചിത്രത്തില്‍ രവീന്ദ്ര ജയിനാണ് സംഗീതമെന്ന്. രചന തിക്കുറിശ്ശി. അതൊരു അപൂര്‍വ ചേരുവയാണല്ലോ എന്ന് ഞാന്‍ കണക്കു കൂട്ടി. മലയാള സിനിമയുടെ തുടക്കം എന്ന് പറയാവുന്ന കാലത്ത് എഴുതി തുടങ്ങിയ തിക്കുറിശ്ശിയും മലയാളിയല്ലാത്ത ഒരു സംഗീത സംവിധായകനും ഒരുമിക്കുന്നത് ചില്ലറ കാര്യമല്ലല്ലോ. പാട്ട് കേള്‍ക്കാനൊന്നും നിന്നില്ല, പാട്ട് റെക്കോഡ് ചെയ്തു തരുന്ന കടയില്‍ സുഖം സുഖകരത്തിലെ എല്ലാ പാട്ടുകളും ഒരു കാസറ്റിലാക്കി തരാന്‍ പറഞ്ഞു.

advertisement

വളരെ പ്രതീക്ഷയോടെയാണ് കാസറ്റ് വീട്ടില്‍ കൊണ്ട് വന്ന് കേട്ടത്.

ആദ്യഗാനം “നിന്റെ നീല താമര മിഴികള്‍ക്ക് ആരാണ് അഴകേകി…” കൊള്ളാം, പഴയ കവികളുടെ അതേ ലൈനില്‍ തന്നെയാണ് തിക്കുറിശ്ശി എഴുതിയിരിക്കുന്നത്.

പാട്ട് അങ്ങനെ പുരോഗമിക്കുകയാണ്. “പുഞ്ചിരിച്ചാല്‍ പുറത്തു കാണ്‍മത് മുത്തോ, മുല്ലപ്പൂമൊട്ടോ, സഞ്ചരിച്ചാല്‍ കുണുങ്ങിടുന്നത് പന്തോ, ചെമ്പവിഴച്ചെപ്പോ…”

ഞാന്‍ തല കുടഞ്ഞു. ഹെന്ത്!

ഞാന്‍ ടേപ്പ് റിക്കോര്‍ഡര്‍ നിര്‍ത്തി. ചുറ്റും നോക്കി. ഭാഗ്യം പാട്ട് ആരും കേട്ടിട്ടില്ല, ആരും ശ്രദ്ധിക്കുന്നില്ല.

advertisement

റീവൈന്‍ഡ് ചെയ്ത് കേട്ടു. അതേ അത് തന്നെയാണ് കവി ഉദ്ദേശിച്ചിരിക്കുന്നത്. സഞ്ചരിച്ചാല്‍ കുണുങ്ങിടുന്നത് പന്തോ…എന്റെ തിക്കുറിശ്ശി അമ്മാവാ, നമിച്ചു!

“നിന്റെ നെഞ്ചിലൊന്ന് നോക്കിപ്പോയാല്‍ കണ്ണിന് തേരോട്ടം” എന്നൊക്കെ അദ്ദേഹം എഴുതിയിട്ടുണ്ടെന്ന് അറിയാം. എന്നാലും ഇത് ഇത്തിരി കടുത്തു പോയി എന്നോര്‍ത്തു.

പിന്നെയാണ് ഇത്തരം പാട്ടുകള്‍ പലതും മലയാളത്തിലുണ്ടെന്ന് മനസിലായത്. വരികള്‍ക്കിടയില്‍ നഗ്നശൃംഗാരത്തിന്റെ മാദകമലരുകള്‍ ഒളിപ്പിച്ചു വച്ച വരികള്‍.

ഇരയിമ്മന്‍ തമ്പിയുടെ പ്രാണനാഥനെനിക്കു നല്‍കിയ എന്ന വരികളില്‍ പ്രകടമായ സംഭോഗ ശൃംഗാരമായിരുന്നു. അത് കൊണ്ട് തന്നെ ആകാശവാണി അത് അന്ന് നിരോധിച്ചു. 1973ല്‍ ഇറങ്ങിയ ഏണിപ്പടികള്‍ എന്ന പടത്തിലാണ് ഈ ഗാനം ഉള്‍പ്പെടുത്തിയിരുന്നത്.

advertisement

Also Read- ഇന്ന് പ്യൂർ വെജിറ്റേറിയനായ മസാല ദോശ ഒരു കാലത്ത് ബ്രാഹ്മണർക്ക് നിഷിദ്ധമായിരുന്നുവെന്ന് അറിയാമോ?

അമിതമായ രതികല്‍പ്പനകളുള്ളതിനാല്‍ മറ്റൊരു പാട്ടും ആകാശവാണി വിലക്കിയിട്ടുണ്ട്. 1978ല്‍ പുറത്തിറങ്ങിയ ഒട്ടകം എന്ന ചിത്രത്തില്‍ “ആറ്റിന്‍കര നിന്ന് കുറവന്‍ പുല്ലാങ്കുഴലൂതി..” എന്ന് തുടങ്ങുന്ന ഗാനം. നിര്‍ഭാഗ്യവശാല്‍ ആ പടം പുറത്തിറങ്ങിയില്ല. ജയചന്ദ്രന്‍ വളരെ ഭംഗിയായി തന്നെ ഇത് പാടിയിട്ടുണ്ട്. ജയേട്ടന്റെ ശൈലിയില്‍ പറഞ്ഞാല്‍ വഷള് പാട്ട്. ഒപ്പം പാടിയ എല്‍ ആര്‍ ഈശ്വരിക്ക് മലയാളം അറിയില്ലായിരിക്കണം. ഇതിന്റെ വരികള്‍ എഴുതിയത് പാപ്പനംകോട് മാണിക്കം എന്നൊരു വിദ്വാനാണ്. മാണിക്കം അല്ല അണ്ണാ നിങ്ങള്‍ മരതകം ആണ്!

പിന്നീട് പല ഗാനരചയിതാക്കളും വരികള്‍ക്കിടയില്‍ രതിയുടെ രാസമരാളങ്ങള്‍ ശ്രോതാക്കള്‍ അറിയാതെ ഒളിപ്പിച്ചു വച്ചു.

വളരെ പൊതിഞ്ഞാണ് ഒ എന്‍ വി ഈ വിഷയം പാട്ടുകളില്‍ അവതരിപ്പിക്കുക. ഒരു കൊച്ചു സ്വപ്നം എന്ന പടത്തിലെ “മാറില്‍ ചാര്‍ത്തിയ മരതക കഞ്ചുകമഴിഞ്ഞു വീഴുന്നു, മാര കരാംഗുലി കളഭം പൂശി പൂവുടലുഴിയുന്നു..” എന്ന ഗാനവും വൈശാലിയിലെ രണ്ട് ഗാനങ്ങളും ഉദാഹരണം. പക്ഷേ ഇതേ ഒ എന്‍ വി തന്നെ 1968ല്‍ ഇറങ്ങിയ കരുണയില്‍ കുറച്ച് പ്രകടമായി തന്നെ വാസവദത്തയെ വര്‍ണിക്കുന്നുണ്ട്. വാര്‍ത്തിങ്കള്‍ തോണിയേറി വാസന്തരാവില്‍ വന്ന ലാവണ്യ ദേവതയല്ലേ എന്ന പാട്ടില്‍ ” പിന്തിരിഞ്ഞു നീ നില്‍ക്കെ കാണ്‍മൂ ഞാന്‍ മണിത്തമ്പുരു അത് മീട്ടാന്‍ കൊതിച്ചു നില്‍പ്പൂ, കൈകള്‍ തരിച്ചു നില്‍പ്പൂ” എന്നെഴുതിയിട്ടുണ്ട്.

തിരണ്ടു നിൽക്കുന്നൊരു താരുണ്യമെ നിൻ തിരുവുടൽ ഭംഗി ഞാൻ ആസ്വദിക്കും, നിൻ്റെ നാഭി മന്മഥൻ്റെ കുളമല്ലോ, കരളിനുള്ളിൽ പ്രേമത്തിന് കുളി തെറ്റി ഇങ്ങനെയുള്ള നിരവധി വരികൾ ആർ കെ ദാമോദരനും എഴുതിയിട്ടുണ്ട്.

സരിഗമ പാടും നിൻ അരക്കെട്ടിലെ കളി അരഞ്ഞാണത്തിൻ മണിച്ചെപ്പിലോ എന്ന വരികൾ ഇന്ദ്രനീലം എഴുതിയ മിഴികൾ തൻ മാഹേന്ദ്ര ജാലത്തിലോ എന്ന് തുടങ്ങുന്ന ഗാനത്തിലാണ്. ചിത്രം ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ. യേശുദാസ് പാടിയ ഈ ഗാനത്തിൻ്റെ രചന പുതിയങ്കം മുരളി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിക്കുറിശ്ശി സുകുമാരൻനായരുടെ രചനയിൽ ആണല്ലോ ഈ കുറിപ്പ് തുടങ്ങിയത്. അതിൽ തന്നെ അവസാനിപ്പിക്കാം. തൻ്റെ സ്വന്തം ഗാനങ്ങൾക്ക് അശ്ലീല പാരഡി എഴുതാൻ വിരുതൻ ആയിരുന്നു അദ്ദേഹം. ഗാനം റെക്കോർഡ് ചെയ്യുമ്പോൾ തന്നെ ഒരു വശത്ത് ഇരുന്ന് അതിൻ്റെ പാരഡി എഴുതും. അദ്ദേഹത്തിൻ്റെ അവസാന സിനിമാ ഗാനവും ശൃംഗാര സമ്പന്നം ആയിരുന്നു. പുറത്തിറങ്ങാത്ത ചിത്രമായ പുഴയോരത്തെ പൂജാരി എന്ന പടത്തിൽ ചിത്ര പാടിയ “പറയുവതെങ്ങിനെ പതിവില്ലാതിന്നലെ പാതിരാവിൽ…” എന്ന് തുടങ്ങുന്ന ഗാനം.

മലയാളം വാർത്തകൾ/ വാർത്ത/Opinion/
വരികള്‍ക്കിടയില്‍ നഗ്നശൃംഗാരത്തിന്റെ മാദകമലരുകള്‍ ഒളിപ്പിച്ചു വച്ച മലയാളം ഗാനങ്ങൾ
Open in App
Home
Video
Impact Shorts
Web Stories