ഇന്ന് പ്യൂർ വെജിറ്റേറിയനായ മസാല ദോശ ഒരു കാലത്ത് ബ്രാഹ്മണർക്ക് നിഷിദ്ധമായിരുന്നുവെന്ന് അറിയാമോ?
- Published by:Rajesh V
- news18-malayalam
Last Updated:
പുളിച്ച മാവ് കൊണ്ടുള്ള ഭക്ഷണം ബ്രാഹ്മണർക്ക് നിഷിദ്ധം ആയിരുന്ന കാലത്താണ് ഒരു കർണാടക അഡിഗ പാചകക്കാരൻ തന്നെ ഈ വിലക്ക് മറി കടക്കാൻ തീരുമാനിച്ചത്
എസ്. ബിനുരാജ്
ശുദ്ധ വെജിറ്റേറിയൻ വിഭവം അല്ലെങ്കിൽ ബ്രാഹ്മണ വിഭവം എന്ന് പേരുദോഷം കേൾക്കേണ്ടി വന്ന മസാല ദോശ ഒരു കാലത്ത് ബ്രാഹ്മണർക്ക് തന്നെ നിഷിദ്ധം ആയിരുന്നു എന്നറിയാമോ?
പുളിച്ച മാവ് കൊണ്ടുള്ള ഭക്ഷണം ബ്രാഹ്മണർക്ക് നിഷിദ്ധം ആയിരുന്ന കാലത്താണ് ഒരു കർണാടക അഡിഗ പാചകക്കാരൻ തന്നെ ഈ വിലക്ക് മറി കടക്കാൻ തീരുമാനിച്ചത്. അരിയും ഉഴുന്നും അരച്ച് പുളിപ്പിച്ച മാവ് ചൂടുള്ള ഇരുമ്പ് കല്ലിൽ ഒന്ന് ഒഴിച്ച് നോക്കി. അതാണ് ചരിത്രത്തിലെ ആദ്യത്തെ ദോശ എന്ന് പറയപ്പെടുന്നു. നിഷിദ്ധമായ ഒരു ഭക്ഷണം ഉണ്ടാക്കിയതിലൂടെ അഡിഗ ദോഷം പ്രവർത്തിച്ചു! അങ്ങനെ ദോഷം ഉണ്ടാക്കിയ പലഹാരം ആയതിനാൽ ദോഷ എന്ന് പേരും കിട്ടി. ആളുകൾ കഴിച്ചു കഴിച്ച് ദോഷം മാറിയത് കൊണ്ടാവും ദോഷ ലഘൂകരിക്കപ്പെട്ട് ദോശ ആയി.
advertisement
ഇതാണോ ദോശയുടെ ചരിത്രം എന്നറിയില്ല പക്ഷേ ഇതാണ് ഏറെ പ്രചാരത്തിൽ ഉള്ള കഥ.
മസാല ദോശയിലെ മസാലയിൽ സവാള ചേർക്കാറുണ്ട്. സവാള പല ബ്രാഹ്മണർക്കും നിഷിദ്ധമാണ്. പുളിച്ച മാവ് കൊണ്ടുള്ള ദോശ കഴിക്കുമ്പോൾ വിലക്കുകൾക്ക് എതിരെ ദോശ ഉണ്ടാക്കി കലാപം നടത്തിയ പുരോഗമനവാദി ആയ ഒരു ബ്രാഹ്മണ പാചകക്കാരനെ നിങ്ങൾ പിന്തുണയ്ക്കുകയും സവാള അടങ്ങിയ മസാല ദോശ കഴിക്കുന്നതിലൂടെ നിങ്ങൾ പിന്തിരിപ്പൻ ബ്രാഹ്മണ വിശ്വാസങ്ങൾക്ക് എതിരെ ഭക്ഷണത്തിലൂടെ പോരാടുകയും ചെയ്യുകയാണ്.
advertisement
കേരളത്തിൽ മസാല ദോശയുടെ ചരിത്രം അന്വേഷിച്ചു പോയാൽ ചെന്നെത്തുക കൊങ്കണ ദേശത്ത് നിന്നും ഇവിടെ കുടിയേറിയ തുളു ബ്രാഹ്മണരിലാണ്. തെക്കൻ കർണാടകത്തിലെ ഉഡുപ്പിയിൽ നിന്നും 1940 കളിൽ മട്ടാഞ്ചേരി പ്രദേശത്ത് എത്തിയ ഉഡുപ്പി ബ്രാഹ്മണ കുടുംബങ്ങൾ ആണ് മസാല ദോശയുടെ രുചി കേരളത്തിൽ എത്തിച്ചത്.
1500കളിൽ ആണ് ഗോവയിൽ നിന്നും വലിയ തോതിൽ ഗൗഡ സാരസ്വത ബ്രാഹ്മണരുടെ കുടിയേറ്റം കേരളത്തിലേക്ക് ഉണ്ടാവുന്നത്. പോർച്ചുഗീസുകാരുടെ ആക്രമണം ആയിരുന്നു ഈ പലായനത്തിന് പിന്നിൽ. ഗോവയിൽ പോർച്ചുഗീസുകാർ വ്യാപകമായി ക്ഷേത്രങ്ങൾ തകർത്തപ്പോൾ വരാഹ മൂർത്തിയുടെ വിഗ്രഹവും കൊണ്ട് ഓടി രക്ഷപ്പെട്ട ഗൗഡ സാരസ്വത ബ്രാഹ്മണർക്ക് കേരളം അഭയകേന്ദ്രം ആയി. ചെറായി പള്ളിപ്പുറത്ത് 1565ൽ അവർ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ചു.
advertisement
സാമ്രാജ്യത്വ ശക്തി ആയിരുന്ന പോർച്ചുഗീസുകാരുടെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെട്ട ഗൗഡ സാരസ്വത ബ്രാഹ്മണർ അവതരിപ്പിച്ച മസാല ദോശ കഴിക്കുന്നതിലൂടെ സാമ്രാജ്യത്വത്തിന് നമ്മൾ ചരിത്രപരമായ തിരിച്ചടി നൽകുന്നു എന്നും പറയാം.
1946 ൽ പി ആർ ഗോവിന്ദ റാവു എന്ന തുളു ബ്രാഹ്മണൻ മട്ടാഞ്ചേരി പാലസ് റോഡിൽ സ്ഥാപിച്ച ശ്രീകൃഷ്ണ കഫെ ആണ് മസാല ദോശ ആദ്യമായി വിൽപ്പന നടത്തിയത് എന്ന് പറയപ്പെടുന്നു. അത് വരെ മട്ടാഞ്ചേരിയിലെ ഗൗഡ സാരസ്വത ഭവനങ്ങളിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞ മസാല ദോശ അങ്ങനെ ഒരു ജനകീയ വിഭവം ആയി. ഗോവിന്ദ റാവുവിൻ്റെ രണ്ടാം തലമുറയിൽ പെട്ട എസ് രമേശ് റാവു ആണ് ഇപ്പൊൾ കഫെ നടത്തുന്നത്.
advertisement
അന്നത്തെ മസാല ദോശയുടെ വലിപ്പവും ചെറുത് ആയിരുന്നു. പൂർണ്ണമായും നെയ്യിൽ ആണ് ഉണ്ടാക്കിയിരുന്നത്. പിൽക്കാലത്ത് മസാല ദോശക്കും നെയ് റോസ്സ്‌ടിനും ഒക്കെ പാത്രം കവിഞ്ഞു നിൽക്കുന്ന വലിപ്പം നൽകിയത് ഒരു ദൃശ്യ സമ്പന്നത കിട്ടാൻ ആവണം. ഇപ്പൊൾ സ്പെഷ്യൽ മസാല ദോശയിൽ മാത്രമേ ശ്രീകൃഷ്ണ കഫേയിൽ പോലും നെയ് ചേർക്കാറുള്ളു.
കേരളത്തിൽ മസാല ദോശ അവതരിപ്പിക്കപ്പെടുന്നതിന് വളരെ മുമ്പ് തന്നെ മദിരാശിയിൽ മസാല ദോശ എത്തി. 1920കളിൽ അവിടെ എത്തിയ ഉഡുപ്പി ബ്രാഹ്മണ സമൂഹം ജീവിക്കാൻ വേണ്ടി ഏറ്റെടുത്ത ഒരു വഴി പാചകം ആയിരുന്നു. ഇവരിൽ കടന്ദലെ കൃഷ്ണ റാവു എന്ന ആൾ ജോർജ് ടൗണിലെ ഒരു ഭക്ഷണശാലയിൽ അരിയും ഉഴുന്നും അരയ്ക്കൽ തൊഴിലാളി ആയാണ് മദിരാശി നഗരത്തിൽ ജീവിതം തുടങ്ങിയത്. ഇദ്ദേഹത്തിൻ്റെ മാവ് നിർമ്മാണ വൈദഗ്ധ്യം കണ്ട മുതലാളി മറ്റു രണ്ടു ഭക്ഷണശാലകളുടെ മേൽനോട്ട ചുമതല കൂടി ഇദ്ദേഹത്തിന് നൽകി. ഇവിടെ നിന്നുള്ള പരിചയത്തിൻ്റെ ബലത്തിൽ 1926 ൽ ചെന്നൈ മൗണ്ട് റോഡിൽ ഉഡുപ്പി ശ്രീകൃഷ്ണ വിലാസ് എന്ന റെസ്റ്റോറൻ്റ് തുടങ്ങി. ഇവിടെ നിന്നുള്ള മസാല ദോശ മദിരാശി ജീവിതത്തിൻ്റെ ഒഴിച്ചു കൂടാനാവാത്ത ഭക്ഷണ വിഭവം ആയി മാറി.
advertisement
മസാല ദോശയുടെ ഉത്ഭവം സംബന്ധിച്ച് രസകരമായ ഒരു കഥ കൂടിയുണ്ട്. ചാലുക്യ രാജാവായിരുന്ന സോമേശ്വരൻ മൂന്നാമൻ ഒരു ഗംഭീര വിരുന്നു നടത്തി. പക്ഷേ കുറച്ചു പച്ചക്കറി ബാക്കി വന്നു. ഭക്ഷണം പാഴാക്കുന്നത് രാജാവിന് ഒട്ടും ഇഷ്ടമുള്ള കാര്യം ആയിരുന്നില്ല. ബാക്കി ആയ പച്ചക്കറി ഉപയോഗിച്ച് എന്തെങ്കിലും ഉണ്ടാക്കാൻ അദ്ദേഹം പാചകക്കാർക്ക് നിർദേശം നൽകി. അവർ ആണത്രേ ദോശയ്ക്കുള്ളിൽ ബാക്കി വന്ന മസാല നിറച്ച് മസാല ദോശ സൃഷ്ടിച്ചത്!
സോമേശ്വരൻ മൂന്നാമൻ മരിച്ചത് 1138ൽ ആണ്. അപ്പൊൾ അതിന് മുമ്പേ ദോശ ഉണ്ടെന്ന് അനുമാനിക്കാം. മാത്രമല്ല ഇദ്ദേഹം പാചക കലയിൽ അതീവ തൽപരനും ആയിരുന്നു. അദ്ദേഹം രചിച്ച മാനസോല്ലാസ എന്ന കൃതിയിൽ വിവിധ ഭക്ഷണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കല,
advertisement
കൃഷി, ഭരണം എന്നിങ്ങനെ വിപുലമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഗ്രന്ഥം ആണ് ഇത്.
അപ്പൊൾ ഇതൊക്കെ ആണ് മസാല ദോശയുടെ കഥ. പല ഭക്ഷണ ശാലകളിലും മസാല ദോശ അല്ലെങ്കിൽ നെയ് ദോശ ഓർഡർ ചെയ്താൽ നമ്മൾ ആവശ്യപ്പെടാതെ ഒരു ഉഴുന്ന് വട കൂടി വച്ച് തരും. മസാല ദോശക്ക് ഒപ്പം ഉള്ള വിവാദങ്ങളെ ഈ ഉഴുന്ന് വട ആയി കണ്ടാൽ മതി. വേണമെങ്കിൽ നിങ്ങൾക്ക് കഴിക്കാം അല്ലെങ്കിൽ തിരികെ എടുത്ത് കൊണ്ട് പോകാൻ ആവശ്യപ്പെടാം.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 26, 2023 2:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ഇന്ന് പ്യൂർ വെജിറ്റേറിയനായ മസാല ദോശ ഒരു കാലത്ത് ബ്രാഹ്മണർക്ക് നിഷിദ്ധമായിരുന്നുവെന്ന് അറിയാമോ?