പരിപാടിയുടെ തലേദിവസം രാവിലെ സ്വാഗതസംഘം ഓഫീസിലെത്തുമ്പോൾ നവംബറിലെ തണുപ്പിനെ പോലും ചൂടുപിടിപ്പിക്കുന്ന ചർച്ച നടക്കുന്നു. കരുതൽ ശേഖരമില്ലാത്ത സംഘാടകർ വമ്പൻ പരിപാടി നടത്തുമ്പോൾ ഇത്തരം ചർച്ചകൾ പതിവാണെന്ന് മനസിൽ പറഞ്ഞാണ് കസേരയിലിരുന്നത്. ചർച്ചാ വിഷയം സാമ്പത്തിക പ്രതിസന്ധിയല്ലെന്ന് പെട്ടെന്ന് മനസ്സിലായി. മുഖ്യാതിഥിയുടെ താമസത്തെ കുറിച്ചാണ്. ലളിത ചേച്ചി ഒറ്റയ്ക്കാണ് വരുന്നത്. അതുകൊണ്ട് തന്നെ ഹോട്ടലിൽ താമസിക്കാൻ ബുദ്ധിമുട്ട് അറിയിച്ചിരിക്കുന്നു. ചേച്ചി തന്നെ അതിന് പരിഹാരവും നിർദ്ദേശിച്ചു. ഡൽഹി മലയാളികളുടെ ആരുടെയെങ്കിലും വീട്ടിൽ താമസ സൗകര്യം ഒരുക്കിയാൽ മതി. പക്ഷെ താഴത്തെ നിലയിൽ തന്നെ വേണം. പടി കയറാൻ ബുദ്ധിമുട്ടുണ്ട്.
advertisement
എന്റെ ഫ്ളാറ്റ് താഴത്തെ നിലയിലായത് കൊണ്ട് അവിടെയായാലോ എന്ന ചോദ്യമുയർന്നു. സമ്മതമറിയിക്കാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല. എങ്കിലും ചേച്ചി അതിന് സമ്മതിക്കുമോ എന്ന സംശയം ബാക്കി. ഭാര്യയെ വിവരം അറിയിച്ചപ്പോൾ ഉന്നയിച്ച സംശയവും അത് തന്നെ. ചേച്ചിയോട് തന്നെ ചോദിക്കാമെന്ന് തീരുമാനിച്ചു. മിനിട്ടുകൾക്കുള്ളിൽ മറുപടി വന്നു. ലളിത ചേച്ചിക്ക് സമ്മതം.
സർഗോത്സവ വേദികളുടെ അവസാനവട്ട മിനുക്കു പണികളും കഴിഞ്ഞ് രാത്രി വൈകിയാണ് അന്ന് വീട്ടിലെത്തിയത്. ഏറെ വൈകിയത് കൊണ്ട് തന്നെ കോളിങ് ബെല്ലടിച്ചില്ല. പതിയെ വാതിലിൽ മുട്ടി. ലളിത ചേച്ചിയാണ് വാതിൽ തുറന്നത്. അർദ്ധരാത്രി എന്റെ സ്വന്തം വീട്ടിലേക്ക് കയറാൻ മുൻവാതിൽ തുറന്ന് തന്നപ്പോഴാണ് ഞാൻ ലളിത ചേച്ചിയെ ആദ്യമായി നേരിട്ട് കണ്ടത്. എന്നെ അമ്പരപ്പിക്കാൻ വേണ്ടി തന്നെയായിരുന്നു ചേച്ചി ആ കുസൃതി കാണിച്ചതും.
യാത്രാക്ഷീണം കാരണം ലളിത ചേച്ചി ഉറങ്ങിയിട്ടുണ്ടാകുമെന്നാണ് കരുതിയത്. പക്ഷെ വാതിൽ തുറന്ന് എന്നെ അമ്പരിപ്പിക്കുകയാണ് ചേച്ചി ചെയ്തത്. പിന്നെ ഞങ്ങൾ മൂന്നു പേരും മണിക്കൂറുകൾ സംസാരിച്ചിരുന്നു. ഭരതേട്ടനെ കണ്ടുമുട്ടിയതും ഒപ്പമുള്ള ജീവിതവും. ഭരതൻ പത്മരാജന്റെയും പത്മരാജൻ ഭരതന്റെയും സിനിമകളെ സ്വാധീനിച്ച കഥകളുമൊക്ക ചേച്ചി പറഞ്ഞു കൊണ്ടേയിരുന്നു.
പിറ്റേന്ന് അടുക്കളയിൽ നിന്ന് ചേച്ചിയുടെ സംസാരം കേട്ടാണ് ഉണർന്നത്. എത്ര വൈകി കിടന്നാലും പുലർച്ചേ തന്നെ എഴുന്നേക്കും. അതാണ് ശീലം. കണ്ടയുടൻ ചേച്ചി പറഞ്ഞു. ചായ കുടിച്ചിരിക്കുമ്പോൾ കോളനിയിലെ മലയാളികളായ അയൽവാസികൾ ചേച്ചിയെ കാണാൻ എത്തി. ഞങ്ങളോട് സംസാരിച്ച് നിന്ന അതേ വേഷത്തിൽ ചേച്ചി അവർക്കിടയിലേക്ക് ഇറങ്ങി ചെന്നു. കുശലം പറഞ്ഞു. ഫോട്ടോ എടുത്തു. ഒരു തടസവും പറയാതെ. വൈകിട്ട് സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷവും ഞങ്ങൾ മൂന്ന് പേരും സംസാരിച്ചിരുന്നു. ഒരു പാട് കാര്യങ്ങൾ. അന്ന് പക്ഷെ ചേച്ചി ഞങ്ങളെ കുറിച്ച് ചോദിച്ചറിയുകയായിരുന്നു.
പിറ്റേന്ന് രാവിലെ ചേച്ചി മടങ്ങി പോയി. നാട്ടിലെത്തിയോ എന്നറിയാൻ ഫോണിൽ വിളിച്ചാലോ എന്ന് ഭാര്യ ചോദിച്ചു. അതു വേണോ. രണ്ട് ദിവസം ഒപ്പമുണ്ടായിരുന്നെങ്കിലും ഫോണിൽ വിളിച്ച് അമിത സ്വാതന്ത്ര്യം കാണിക്കണോ എന്നതായിരുന്നു ആദ്യ ആലോചന. ആലോചന കൂടിയാലോചനയായപ്പോൾ വേണ്ട എന്ന് തീരുമാനിച്ചു. പക്ഷെ ഞങ്ങളെ രണ്ട് പേരേയും അമ്പരപ്പിച്ചു കൊണ്ട് ചേച്ചിയുടെ വിളി എത്തി. നാട്ടിൽ സുഖമായെത്തിയെന്നും ഇത്തവണത്തെ ഡൽഹി യാത്ര സന്തോഷമുള്ള ഓർമ്മകളാണ് സമ്മാനിച്ചതെന്നും പറഞ്ഞു. ഇടയ്ക്ക് വിളിക്കണമെന്ന് പറഞ്ഞാണ് ചേച്ചി നിറുത്തിയത്.
Also Read- കെപിഎസി ലളിത - ഇന്നസെന്റ്; മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോംബോ
അത് വെറുതെ പറഞ്ഞതായിരുന്നില്ല. ഇടയ്ക്ക് ചേച്ചി ഇങ്ങോട്ടോ ഭാര്യ അങ്ങോട്ടോ വിളിക്കുമായിരുന്നു. സിദ്ധാർഥിന്റെ അപകടം ചേച്ചിയെ വല്ലാതെ തളർത്തിയെന്ന് ഇടയ്ക്കെപ്പോഴോ സംസാരിച്ച ശേഷം ഭാര്യ പറഞ്ഞു. ഡൽഹി വാസം അവസാനിപ്പിച്ച് നാട്ടിൽ എത്തിയ ശേഷം ചേച്ചിയെ പോയി കാണണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ കോവിഡ് മഹാമാരി വില്ലനായി. രണ്ട് ദിവസത്തെ പരിചയം വർഷങ്ങൾ നീണ്ട ബന്ധത്തിലേക്ക് മാറുമെന്ന് അന്ന് കരുതിയിരുന്നില്ല. ഇന്ന് ആ വിയോഗം കൂടുതൽ നൊമ്പരപ്പെടുത്തുന്നതും ആ ബന്ധം കൊണ്ട് തന്നെ.