കോൺഗ്രസിലെ ജി23 ( ഗ്രൂപ്പ് 23) ലിസ്റ്റിലെ പ്രമുഖനാണ് കപിൽ സിബൽ. സോണിയഗാന്ധിയുടെ നേതൃത്വത്തെ വിമർശിച്ച് തുറന്ന കത്ത് എഴുതിയ നേതാക്കളാണ് ഇപ്പോൾ പാർട്ടിയിൽ ജി23 എന്ന പേരിൽ അറിയപ്പെടുന്നത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് മുതൽ തിരുവനന്തപുരം എം.പി ശശി തരൂർ വരെയുണ്ട് ജി23ൽ. സാധാരണയായി നേതൃത്വത്തിനെതിരെ ഇത്തരം വിമർശനമുയർത്തിയാൽ പിന്നെ അവർക്ക് പാർട്ടിയിൽ നിൽക്കുക എളുപ്പമല്ല. ഒരു ദാക്ഷണ്യവുമില്ലാതെ വെട്ടി ഒതുക്കപ്പെടുമെന്നതാണ് മുൻഅനുഭവം. പക്ഷെ ജി23 നേതാക്കൾക്കെതിരെ അത്തരം പടപുറപ്പാടിനൊന്നും സോണിയ-രാഹുൽ ഭക്തർ മുതിർന്നില്ല. അങ്ങനെയൊരു ആലോചന പോലും ഉണ്ടായില്ല. പഴയത് പോലെ നടപടികൾക്ക് പിന്തുണ ലഭിക്കുമെന്ന ഉറപ്പില്ലാത്തതാണ് കാരണം.
advertisement
ബീഹാർ തോൽവി പുതിയ പ്രതിസന്ധി
ബീഹാറിലെ കനത്ത പരാജയമാണ് കോൺഗ്രസ് പാർട്ടിയിൽ വീണ്ടും കലാപകൊടി ഉയർന്നതിന് കാരണം. എഴുപത് സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് എഴുപത് റാലികൾ പോലും നടത്താനായില്ലെന്നാണ് മഹാസഖ്യത്തിലെ മറ്റ് പാർട്ടികളുടെ വിമർശനം. ഇരുപത് സീറ്റെങ്കിലും കോൺഗ്രസ് തിരികെ ആർ.ജെ.ഡിക്ക് നൽകിയിരുന്നെങ്കിൽ ബീഹാർ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്.
മഹാസഖ്യത്തിലെ പാർട്ടികളുടെ ഇത്തരം വിമർശനങ്ങൾക്ക് കരുത്ത് പകർന്നാണ് കോൺഗ്രസിലെ ജി23ൽ നിന്ന് കപിൽ സിബൽ എത്തിയിരിക്കുന്നത്. കപിൽ സിബലിന്റെ പുതിയ കലാപത്തിന് ലക്ഷ്യങ്ങൾ വേറെയുമുണ്ട്. ബീഹാർ തിരഞ്ഞെടുപ്പ് തോൽവി കാത്തിരുന്ന നിമിത്തം മാത്രമാണ്. കപിൽ സിബൽ അടക്കമുള്ളവർ ലക്ഷ്യമിടുന്നത് സംഘടന തെരഞ്ഞെടുപ്പ് തന്നെയാണ്. ആ ലക്ഷ്യത്തിലേക്കെത്താൻ വേണ്ടിയാണ് ഈ നേതാക്കൾ പ്രവർത്തകസമിതിയെ കടന്നാക്രമിക്കുന്നത്. നാമനിർദ്ദേശം ചെയ്യപ്പെട്ട് പ്രവർത്തകസമിതിയിൽ എത്തിയിട്ടുള്ള നേതാക്കൾ കൂറുപുലർത്തി മിണ്ടാതിരിക്കുന്നതാണ് കോൺഗ്രസിലെ ഇപ്പോഴത്തെ പ്രതിസന്ധിയെന്നാണ് സിബലിന്റെ കുറ്റപ്പെടുത്തൽ.
എന്തുകൊണ്ട് പ്രവർത്തകസമിതി
പ്രവർത്തക സമിതിയിലെ ഏറ്റവും മുതിർന്ന അംഗങ്ങളായ മൻമോഹൻ സിങ്, എ.കെ.ആന്റണി തുടങ്ങിയ നേതാക്കളെ തന്നെയാണ് സിബലും കൂട്ടരും ലക്ഷ്യമിടുന്നത്. കോൺഗ്രസ് പ്രസിഡന്റും പാർലമെന്റിലെ രണ്ട് സഭകളിലേയും പാർട്ടി നേതാക്കൾക്കും പുറമെ 23 അംഗങ്ങളാണ് പ്രവർത്തകസമിതിയിലുള്ളത്. കോൺഗ്രസിന്റെ ഏറ്റവും പരമോന്നത വേദിയാണ് പ്രവർത്തകസമിതി. ഈ 23 അംഗങ്ങളിൽ 12 പേരെ തിരഞ്ഞെടുപ്പിലൂടെയാണ് കണ്ടെത്തേണ്ടത്. ബാക്കിയുള്ളവരെ കോൺഗ്രസ് പ്രസിഡന്റിന് നാമനിർദ്ദേശം ചെയ്യാം. നിലവിൽ സോണിയഗാന്ധി നാമനിർദ്ദേശം ചെയ്തവരാണ് പ്രവർത്തകസമിതിയിലെ 23 പേരും. ഇവർ സോണിയ ഭക്തിയിൽ പാർട്ടിയിലെ പ്രതിസന്ധികൾ സംബന്ധിച്ച് പ്രതികരിക്കുന്നില്ലെന്നതാണ് കപിൽ സിബലിന്റെയും ജി23 നേതാക്കളുടേയും ആരോപണം.
നേതൃത്വത്തിന്റെ നിലപാടുകൾക്കും നടപടികൾക്കും എതിരെ തിരുത്തൽ ശക്തിയായി രംഗത്തെത്തിയ പുതിയ ഗ്രൂപ്പിന്റെ എണ്ണവും 23 ആണെനത് വെറും യാദൃശ്ചികമാണെന്ന് കരുതിയാലും ഇതിൽ നിന്ന് അര ഡസൻ പേരെയെങ്കിലും തെരഞ്ഞെടുപ്പിലൂടെ പ്രവർത്തകസമിതിയിൽ എത്തിക്കുകയെന്നത് തന്നെയാണ് കപിൽ സിബലിന്റെയും സംഘത്തിന്റെയും ശ്രമം. ഇതിനായി ഇപ്പോൾ സമ്മർദ്ദം ശക്തമാക്കുന്നതിലും കാര്യമുണ്ട്. ജനുവരിയിലാണ് പുതിയ പാർട്ടി പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടത്. അത് അനിശ്ചിതമായി നീണ്ടു പോകരുത്. അതുപോലെ വീണ്ടും രാഹുൽ ഗാന്ധിയിലേക്കോ പ്രിയങ്ക ഗാന്ധിയിലേക്കോ കാര്യങ്ങൾ എത്തുന്ന അവസ്ഥയുണ്ടാകരുത്. ഇങ്ങനെ പരസ്യ പോരിന് പിന്നിലെ ലക്ഷ്യം പലതാണ്.
മത്സരത്തിലെത്തുമോ പ്രതിഷേധങ്ങൾ
പരസ്യ വിമർശനങ്ങൾക്കും വിഴുപ്പലക്കലുകൾക്കും അപ്പുറം പാർട്ടിയെ തിരുത്താൻ ജി23 നേതാക്കൾ എന്തു ചെയ്യും? ജനുവരിയിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തിക്കാൻ ജി23 നേതാക്കൾക്ക് കഴിയുമോ. അതിലേക്കാണ് കരുക്കൾ നീക്കുന്നതെന്നാണ് ജി23 നേതാക്കള്‍ക്കൊപ്പമുള്ളവർ നൽകുന്ന സൂചന. അത് ആരാകും എന്നത് സംബന്ധിച്ച വ്യക്തത ഉണ്ടായിട്ടില്ലെന്നു മാത്രം. ജി23 നേതാക്കളിൽ ഒരാൾ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇറങ്ങിയാൽ സോണിയ-രാഹുൽ -പ്രിയങ്ക ടീം എന്ത് ചെയ്യും? മുമ്പ് സോണിയഗാന്ധിക്കെതിരെ മത്സരിക്കാൻ പത്രിക നൽകിയ ജിതിൻ പ്രസാദയെ പാർട്ടി ആസ്ഥാനത്ത് കയറ്റാതെ നടത്തിയത് പോലുള്ള നാടകങ്ങൾ ഇനി നടക്കില്ല. അതിനുള്ള ആൾബലവുമില്ല, അധികാരവുമില്ല.
പാർട്ടിയെ കൈപ്പിടിയിൽ തന്നെ നിർത്തണമെങ്കിൽ മത്സരിക്കേണ്ടി വരും. പക്ഷെ ആരിറങ്ങും? സോണിയഗാന്ധിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഇനി പ്രസിഡന്റാകാനില്ലെന്ന പ്രഖ്യാപനം രാഹുൽ ഗാന്ധി തിരുത്തിയിട്ടുമില്ല. പ്രിയങ്ക ഗാന്ധിയാകട്ടെ സംഘടന രംഗത്തോ തെരഞ്ഞെടുപ്പ് രംഗത്തോ കഴിവ് തെളിയിച്ചിട്ടുമില്ല. നിലവിലെ സാഹചര്യത്തിൽ സോണിയ ഗാന്ധിയുടെ അനുഗ്രഹത്തോടെ എത്തുന്ന സ്ഥാനാർഥിക്ക് തന്നെയാകും ഒരുപക്ഷെ വിജയം.
ജി23 നേതാക്കളുടെ കൂട്ടത്തിൽ നിന്ന് ആർക്കും മത്സരിക്കാം. എന്നാൽ ഔദ്ദ്യോഗികപക്ഷത്ത് നിന്ന് ആരെന്ന ചോദ്യത്തിന് ഇന്നത്തെ അവസ്ഥയിലും ഉയരുന്ന ആദ്യ പേര് രാഹുൽ ഗാന്ധിയുടേത് തന്നെയാകും. പിന്നാലെ ഉയരും അനുനയിപ്പിക്കലിന്റെ മുറവിളി. ജി23 നേതാക്കളുടെ പുതിയ തിരക്കഥയെ പഴയ ഭക്തര്‍ എങ്ങനെ നേരിടും. ആ ഒരുക്കങ്ങളാകും ഇനിയുള്ള ദിവസങ്ങളിൽ.