ഏതോ മൂന്നാല് പോലീസുകാരുടെ കൈയിലിരുപ്പിന്റെ പേരിൽ മന്ത്രി തന്നെ വന്ന് നിന്ന് സമസ്താപരാധം പറയുന്ന ഏർപ്പാടും നമ്മളിത് ആദ്യമായല്ല കാണുന്നത്. മന്ത്രി ഇന്നല്ല ഇനിയൊരു പതിനഞ്ച് തവണ കൂടി നിർഭാഗ്യകരമായിപ്പോയി എന്ന് പറഞ്ഞാലും നമ്മുടെ പോലീസ് അടുത്ത ഗ്യാപ്പ് കിട്ടിയാൽ പഴയ ഇടിയൻ പോലീസിന്റെ ഉടുപ്പ് എടുത്തണിയും.
ഒമിക്രോണിന്റേയും കോവിഡിന്റേയും വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സര ആഘോഷങ്ങളിൽ നിയന്ത്രണം വേണമെന്ന് സർക്കാർ തീരുമാനിക്കുന്നു. കാര്യങ്ങളുടെ നടത്തിപ്പും നിയന്ത്രണവും കൈയിലേക്ക് കിട്ടിയാൽ കേരളാ പോലീസ് പിന്നെ വേറൊരു ലെവലാണ്. കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ കോവളത്തേക്ക് പേകുന്ന വണ്ടികളൊക്കെ തടയുകയാണ്. വണ്ടികളൊക്കെ തടഞ്ഞ് നിർത്തി ബാഗ് പരിശോധിക്കകയാണ്. മദ്യമുണ്ടോയെന്ന് നോക്കുകയാണത്രേ... ഇവരാരാണ് മദ്യമുണ്ടോയെന്ന് നോക്കാൻ... ഒരു ന്യൂ ഇയർത്തലേന്ന് കോവളത്തേക്ക് പോകുന്ന വണ്ടികളില് ഒന്നോ രണ്ടോ കുപ്പി മദ്യം കണ്ടാൽ എന്താണ് കുഴപ്പം. മൂന്ന് ലിറ്റർ റമ്മാണ് ആ വിദേശിയുടെ കൈയിൽ ഉണ്ടായിരുന്നത് എന്നാണ് മനസ്സിലാക്കുന്നത്. രണ്ട് ലിറ്റർ മദ്യം റോഡില് ഒഴുക്കി കളഞ്ഞാണ് ആ വിദേശി നമ്മുടെ പൊലീസിന്റെ പെരുമാറ്റത്തോട് പ്രതികരിച്ചത്. ആ ഒഴുക്കിയ മദ്യം വന്ന് വീണത് പോലീസിന്റെ മുഖത്ത് തന്നെയാണ്.
advertisement
രാത്രി 10 മണിക്ക് ശേഷം ആഘോഷങ്ങൾ പാടില്ലെന്ന് സർക്കാർ തീരുമാനിച്ചാൽ ഉച്ചയ്ക്ക് ഒരു മണിയാകുമ്പോഴേ പൊലീസ് സ്ഥലത്ത് ഹാജരാകും. നേരത്തേ സ്ഥലത്തെത്തി ഉള്ളവരെ കൂടി പറഞ്ഞ് വിട്ടാല് ഡ്യൂട്ടി വെടിപ്പായി. അല്ലെങ്കിൽ തന്നെ തകർന്ന് തരിപ്പണമായി കുത്തുപാളയുമെടുത്തിരിക്കുയാണ് കേരളാ ടൂറിസം. വലിയ തരത്തിലുള്ള അധ്വാനവും പദ്ധതികളും ഒക്കെ കൊണ്ടു വന്നാൽ മാത്രമേ കോവിഡ് കൊണ്ട് പോയതിന്റെ ഒരംശമെങ്കിലും തിരികെ കൊണ്ടുവരാൻ കഴിയൂ. സഞ്ചാരികളേയും സംരംഭകരേയും ആകർഷിക്കാൻ എന്തൊക്കെയാണ് വേണ്ടതെന്ന് ഒരു വശത്ത് ആലോചന നടക്കുന്നു.
ഐടി മേഖലകളിൽ അടക്കം പബ്ബുകൾ വരുമെന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നു. പുതിയ ചിന്തകളും പ്രഖ്യാപനങ്ങളും ഒക്കെ നല്ലതാണ്. പക്ഷേ നമ്മുടെ സ്ഥിരം പോലീസിങ്ങിനെ മാറ്റി നിർത്തിയിട്ട് വേണം ഇതൊക്കെ നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ. അല്ലെങ്കിൽ സർക്കാർ തുറന്നുവച്ചിരിക്കുന്ന ഔട്ട്ലെറ്റിൽ നിന്ന് ലോകത്തെങ്ങുമില്ലാത്ത നികുതിയും കൊടുത്ത് മദ്യവും വാങ്ങി ആഘോഷിക്കാൻ വീട്ടിലേക്ക് പോകുന്ന നാട്ടുകാരെ പിടിച്ചുനിർത്താൻ നമ്മുടെ പോലീസ് വീണ്ടും വരും. റോഡുവക്കിൽ വീണ്ടും ഫുള്ളുകൾ ഒഴുക്കപ്പെടും. പിറ്റേന്ന് ഇതു ഞങ്ങളുടെ നയമല്ല എന്നുപറഞ്ഞ് മന്ത്രിക്ക് വന്ന് പരിഭവം പറയേണ്ടിവരും.
പോലീസ് തലപ്പത്ത് അഴിച്ചുപണി എന്നുള്ളത് കൂടെക്കൂടെ വലിയ വാർത്തയായി പ്രത്യക്ഷപ്പെടാറുണ്ട്. തലപ്പത്തും താഴെയും അഴിച്ചുപണി നടന്നിട്ട് കാര്യമില്ല. മാറ്റമുണ്ടാകേണ്ടത് മനോഭാവത്തിലാണ്. ടൂറിസ്റ്റിനോടും ക്രിമിനലിനോടും ഒരേ പെരുമാറ്റവും ഒരേ മനോഭാവവും കയ്യാളുന്ന പോലീസിനെ നമ്മൾ വിളിക്കുന്ന പേരാണ് ബഹുരസം. ജനമൈത്രി പോലീസ്.