സൂട്ടും കോട്ടുമണിഞ്ഞു പ്രതികൾ - ഒരു ഓസ്‌ട്രേലിയൻ മാധ്യമ കാഴ്ച

webtech_news18 , News18 India
ഓസ്ട്രേലിയയിൽ മലയാളിയായ സാം എബ്രഹാം കൊല്ലപ്പെട്ട സംഭവം അവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് ഇവിടെ. എസ്.ബി.എസ് മലയാളം റേഡിയോയിലെ പ്രൊഡ്യൂസർ സൽവി മനീഷ് എഴുതുന്ന പരമ്പര- അവസാനഭാഗംസൂട്ടും കോട്ടുമണിഞ്ഞു പ്രതികൾ


കുറ്റം തെളിയുന്നത് വരെയും പ്രതികളെ നോട്ടം കൊണ്ടുപോലും കുറ്റവാളികളായി വ്യാഖ്യാനിക്കാൻ അവസരം കൊടുക്കാത്ത നീതി ധർമം ആണ് ഓസ്‌ട്രേലിയയിൽ. പ്രതികളായ സോഫിയ സാമിനെയും അരുൺ കമലാസനനെയും കേസിന്റെ ഓരോ ഘട്ടത്തിലും കോടതി മുറിയിലെത്തിക്കുന്നത് വളരെ അതിശയത്തോടെയാണ് നോക്കികണ്ടത്.  ഒട്ടും അലങ്കോലപ്പെടാതെ, ഏറ്റവും മികച്ച ഫോർമൽ ഡ്രസ്സിങ്ങിൽ തന്നെയാണ് സോഫിയയെയും, അരുണിനെയും കോടതിയിൽ ഹാജരാക്കിയിരുന്നത്. കൊട്ടിയടച്ച വാനിൽ, പുറത്തു നിന്നു ഒരു നോട്ടം പോലും ഏൽക്കാത്ത വിധത്തിലാണ് പ്രതികളെ ജയിലിൽ നിന്ന് കോടതിയിലേക്കും തിരിച്ചും എത്തിക്കുന്നത്. കോടതിയിലെ വലിയ ഇരുമ്പു ഗേറ്റിനുള്ളിലേക്ക് ഈ വാൻ കയറ്റി ഗേറ്റ് അടച്ച ശേഷം മാത്രമാണ് പ്രതികളെ വാഹനത്തിൽ നിന്നും ഇറക്കുന്നത് പോലും.കോടതി പരിസരത്ത് ക്യാമറകൾക്ക് കർശന വിലക്ക് നിലനിൽക്കുന്നതുകൊണ്ടുതന്നെ പ്രതികളുടെ ചിത്രങ്ങൾ ലഭിക്കുക അത്ര എളുപ്പമല്ല. അതിനാൽ ഇവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും മറ്റും എടുക്കണമെങ്കിൽ പ്രതികളെ ഈ വലിയ വാനിൽ കയറ്റുന്നതിനും ഇറക്കുന്നതിനും ഇടയിൽ മാത്രമാണ് അവസരം ഉള്ളത്. പ്രതികളുടെ സ്വകാര്യതക്ക് പോലും സംരക്ഷണം നൽകുന്ന ഓസ്‌ട്രേലിയൻ നിയമം! തുറന്ന ജീപ്പിൽ ജനക്കൂട്ടത്തിനും വീഡിയോ ക്യാമറകൾക്കും ഇടയിലൂടെ ഉന്തും തള്ളും  നിയന്ത്രിക്കാൻ പാട് പെടുന്ന പോലീസിന്റെ അകമ്പടിയോടെ ഒരു കെട്ടുകാഴ്ച പോലെ എഴുന്നള്ളിക്കപ്പെടുന്ന ഇന്ത്യൻ പ്രതികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു ഇത്.ജൂറി വിചാരണതെളിവുകൾ പൂർണമായും ഹാജരാക്കാൻ കോടതി പൊലീസിന് ഉത്തരവിട്ട ശേഷം കേസ് ജൂറി വിചാരണക്കായി മാറ്റി വച്ചു. പൊതു സമൂഹത്തിൽ നിന്നും സാധാരണക്കാരായ ജനങ്ങളെയാണ് ജൂറിയിലേക്ക് തെരഞ്ഞെടുക്കുന്നത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പല പ്രായത്തിലുള്ള 12 അംഗ ജൂറിക്ക് മുന്നിലായിരുന്നു കേസിന്റെ അന്തിമ വിചാരണ. ക്രിമിനൽ കേസുകളിൽ സാധാരണ 12 പേരെയാണ് ജൂറി അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നാണ് പ്രധാനമായും ഇവരെ തെരഞ്ഞെടുക്കുക. ഇവർക്കും ചില നിബന്ധനകളൊക്കെയുണ്ട്. കോടതി വിട്ടാൽ കേസിനെക്കുറിച്ച് ആരോടും സംസാരിക്കുവാനോ ചർച്ച ചെയ്യുവാനോ അനുവാദമില്ല. സ്വന്തം കുടുംബാംഗങ്ങളോട് പോലും. മാത്രമല്ല കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്‍റർനെറ്റിലൂടെയോ അല്ലാതെയോ കണ്ടെത്താൻ ശ്രമിക്കുക, പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തുക തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെട്ടാൽ വിക്ടോറിയയിലെ ജൂറിസ് ആക്ട് 2000 പ്രകാരം 15,000 ഡോളറാണ് പിഴ.ഓസ്‌ട്രേലിയയിൽ ക്രിമിനൽ കേസുകളിലെ വിചാരണ ജൂറിയുടെ സാന്നിധ്യത്തിലാണ് നടക്കുക. തെളിവുകളും സാക്ഷിമൊഴികളും പ്രോസിക്യൂഷൻ ജൂറിക്ക് മുന്നിൽ ഹാജരാക്കും. സാക്ഷികളുടെ വിസ്താരവും ക്രോസ്സ് വിസ്താരവും നടക്കും. ഇവയെല്ലാം നോക്കിക്കണ്ട ശേഷം അന്തിമവിചാരണയുടെ അവസാനം പ്രതികൾ കുറ്റക്കാരാണോ അല്ലയോ എന്ന് ജൂറി വിധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജി ശിക്ഷ വിധിക്കുക. ഈ നടപടിക്രമങ്ങൾ തന്നെയാണ് സാം എബ്രഹാം വധക്കേസിലും നടന്നത്. 2018 ജനുവരി 29നാണ് സാം വധക്കേസിന്റെ അന്തിമ വിചാരണ വിക്ടോറിയൻ സുപ്രീം കോടതിയിൽ തുടങ്ങിയത്.മാധ്യമങ്ങളുടെ പരിധി; പരിമിതി ജൂറി വിചാരണ റിപ്പോർട്ട് ചെയ്യുന്നതിലും മാധ്യമങ്ങൾക്ക് പരിമിതികൾ ഏറെയാണ്. വിചാരണക്ക് മുൻപ് നടന്ന ഒരു കാര്യവും റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് അനുവാദമില്ല. ജൂറിക്ക് മുൻപാകെ നടക്കുന്ന കാര്യങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്യാൻ അവകാശമുള്ളൂ. ഏതെങ്കിലും കാര്യത്തിൽ സപ്രെഷൻ ഓർഡർ ഉണ്ടോ എന്ന് ഓരോ ദിവസവും ഉറപ്പുവരുത്തണം. സാമിന്റെയും സോഫിയയുടെയും കുട്ടിയുടെ കാര്യം കോടതിയിൽ പരാമർശിച്ചെങ്കിലും കുട്ടിയുടെ പേരും വ്യക്തിത്വം വെളിപ്പെടുത്തുന്ന ഒരു വിവരവും റിപ്പോർട്ട് ചെയ്യാൻ നിയമപ്രകാരം അനുവാദമില്ല. റിപ്പോർട്ടിൽ ഫോട്ടോ ഉൾപ്പെടുത്തിയാൽ കുട്ടിയുടെ മുഖം മറച്ചിരിക്കണം. അങ്ങനെ  നിരവധി നിയമങ്ങൾ. അച്ഛനെ മരണത്തിനും അമ്മയെ നിയമത്തിനും വിട്ടു കൊടുക്കേണ്ടി വന്ന ഒൻപതുകാരന്റെ വ്യക്തിത്വവും സ്വകാര്യതയും സംരക്ഷിക്കുന്ന ഈ നിയമങ്ങൾ ഈ കേസ് റിപ്പോർട്ട് ചെയ്ത എല്ലാ ഓസ്ട്രേലിയൻ മാധ്യമങ്ങളും കൃത്യമായി പാലിച്ചു. അല്ലാത്ത പക്ഷം ലഭിക്കുന്ന ശിക്ഷ അല്പം കഠിനമാണ്. അത്തരത്തിൽ മറ്റൊരു കേസ് റിപ്പോർട്ട് ചെയ്ത ഒരു മാധ്യമത്തിനും മാധ്യമ പ്രവർത്തകക്ക് കോടതി വിധിച്ച ശിക്ഷ ഉദാഹരണമായി കൊടുക്കുന്നു. തെറ്റായ റിപ്പോർട്ടിങിലൂടെ കോടതി നടപടികൾ തടസ്സപ്പെടുത്തിയതിനാണ് ഇവരെ കോടതി ശിക്ഷിച്ചത്."വിക്ടോറിയൻ പൊലീസിന്റെ അന്വേഷണ മികവ്" പതിനാലു ദിവസങ്ങൾ നീണ്ട വിചാരണയിൽ കുറ്റകൃത്യത്തിന്റെയും പ്രതികൾ തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന്റേതുമായ നിരവധി തെളിവുകളും സാക്ഷി മൊഴികളുമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. സാമിന്റെ മൃതദേഹത്തിൽ സയനൈഡിന്റെ അംശം കണ്ടതുമുതൽ പൊലീസിന്റെ മാസങ്ങൾ നീണ്ട ചടുലവും സമർത്ഥവുമായ രഹസ്യാന്വേഷണമായിരുന്നു ഇതിന്റെ സ്രോതസ്.2015 ഒക്ടോബർ 14നു സാമിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതോടെയാണ് മരണ കാരണം സയനൈഡ് ആണെന്ന് കണ്ടെത്തിയത്. ഇതേതുടർന്ന് സംശയം തോന്നിയ പൊലീസ് അതീവ രഹസ്യമായി അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് വരെ ജനന മരണ വിവാഹ റജിസ്ട്രിയിൽ പോലും മരണ കാരണം റജിസ്റ്റർ ചെയ്തിരുന്നില്ല. മാത്രമല്ല, സാമിന്റെ ഭാര്യയിൽ നിന്നും ബന്ധുക്കളിൽ നിന്നും ഇത് മറച്ചുവയ്ക്കുകയും ചെയ്തുകൊണ്ടായിരുന്നു അന്വേഷണം. മരണ കാരണമറിയാൻ അഞ്ചു തവണ സോഫിയ കോറോണേഴ്സ് കോർട്ടിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ കാരണം ഇവർ വ്യക്തമാക്കിയില്ല. അന്വേഷണം ഊര്ജിതപ്പെടുത്തിയ പോലീസ് പ്രതികളുടെ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയും ഇവർ ഒരുമിച്ചുള്ള ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഇതിന്റെ  പശ്ചാത്തലത്തിലാണ് സാം കൊല്ലപ്പെട്ടു പത്തു മാസങ്ങൾക്ക് ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുന്നതും. വെറും പത്ത് മാസങ്ങൾ കൊണ്ടാണ് ഇത്രയും സങ്കീർണമായ ഒരു കേസിന്റെ അന്വേഷണം ഇവർ പൂർത്തിയാക്കിയത്.നിർണായക തെളിവുകൾ പ്രതികൾ തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകൾ ഹാജരാക്കി കൊണ്ടാണ് അന്തിമ വിചാരണ തുടങ്ങിയത്. സോഫിയയും അരുണും സ്വന്തം കൈപ്പടയിലെഴുതിയ ഡയറിക്കുറിപ്പുകൾ, ഇവരുടെ സംയുക്ത ബാങ്ക് അക്കൗണ്ട്, അരുൺ നൽകിയ സിം കാർഡ് ഉപയോഗിച്ച് സോഫിയ അരുണിനെ ബന്ധപ്പെട്ടിരുന്നതിന്റെ കോൾ ലിസ്റ്റുകൾ, സാമിന്റെ മരണ ശേഷം സാമിന്റെ പേരിലുള്ള കാർ അരുണിന്റെ പേരിലേക്ക് മാറ്റിയതിന്റെ രേഖകൾ തുടങ്ങി കോടതി മുറിയിൽ ഇരുന്ന ഏവരെയും ഞെട്ടിക്കുന്ന വിധത്തിലുള്ള  തെളിവുകൾ കോടതിക്കുള്ളിലെ വലിയ സ്‌ക്രീനിൽ വ്യക്തമായി കാണിച്ചു.അരുണിനോട് അടുത്തിടപഴകി വിശ്വാസം നേടിയെടുത്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് കൊല എങ്ങനെ ചെയ്തു എന്ന് അരുൺ വിവരിക്കുന്നുണ്ട്. അരുണിന്റെ ഈ കുറ്റസമ്മതം ഇവർ രഹസ്യമായി റെക്കോർഡ് ചെയ്തതിന്റെ ഓഡിയോയും, കൊലപാതകം ചെയ്യാൻ സാമിന്റെ വീടിനുള്ളിൽ എങ്ങനെ പ്രവേശിച്ചു എന്ന് വരച്ചു കാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുമായിരുന്നു അരുണിനെതിരെയുള്ള പ്രധാന തെളിവുകൾ. സാമിന്റെ വീടിനുള്ളിൽ പതുങ്ങിയിരുന്ന അരുൺ, സോഫിയ ഉണ്ടാക്കി വച്ച അവോക്കാഡോ ഷേക്കിൽ മയങ്ങിക്കിടക്കാനുള്ള മരുന്ന് ചേർത്തു. ശേഷം ഓറഞ്ചു ജ്യൂസിൽ സയനൈഡ് കലർത്തി ഉറങ്ങിക്കിടന്ന സാമിന്റെ വായിലേക്ക് ഒഴിച്ച് കൊടുക്കുകയും ചെയ്തു എന്നായിരുന്നു അരുണിന്റെ കുറ്റസമ്മതം.ഇവയെല്ലാം കോടതിമുറിയിൽ ഇരിക്കുന്ന ഓരോരുത്തർക്കും മനസിലാകത്തക്ക വിധത്തിലായിരുന്നു കോടതിയിൽ ഹാജരാക്കിയത്.ഇതിനു പുറമെ സയനൈഡ് തന്നെയാണ് മരണകാരണമെന്ന് തെളിയിക്കുന്ന ഫോറൻസിക് വിദഗ്ധരുടെ മൊഴികൾ, മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ, സംശയം തോന്നിയത് മുതൽ പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ച സർവീലൻസ് ഓപ്പറേറ്റീവ്സ് തുടങ്ങിയവരെല്ലാം നേരിട്ട് ഹാജരായി മൊഴി നൽകി.കോടതി നൽകിയ തീയതികൾക്കുള്ളിൽ ഈ തെളിവുകളെല്ലാം ജൂറിക്ക് മുന്നിൽ ഹാജരാക്കിക്കൊണ്ടായിരുന്നു അന്തിമ വിചാരണ നടന്നതും. അരുണിനെതിരെ ശക്തമായ തെളിവുകൾ ആണ് ഉണ്ടായിരുന്നതെങ്കിൽ, സോഫിയക്കെതിരെ സാഹചര്യ തെളിവുകൾ മാത്രമായിരുന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചത്. കോടതിമുറിയിൽ ഓരോരുത്തരും വർദ്ധിച്ച ആകാംഷയോടെയാണ് ഓരോ ദിവസവും കേസിന്റെ പുരോഗതി വീക്ഷിച്ചത്. വിചാരണക്കൊടുവിൽ ജൂറി വിധി പറയാനായി കോടതി പിരിഞ്ഞു. ആറ് ദിവസങ്ങൾക്ക് ശേഷം പ്രതികൾ രണ്ടു പേരും കുറ്റക്കാരാണെന്ന് ജൂറി അംഗങ്ങൾ വിധിച്ചു. മാധ്യമ വിചാരണ ഇല്ലാത്ത, ഒരു സ്വാധീനവും ചെലുത്താത്ത, മുൻ വിധികളില്ലാത്ത തികച്ചും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം വന്ന പൊതുജന പ്രതിനിധികളുടെ വിധി. നിർവികാരരായി വിധി കേട്ട പ്രതികൾ വീണ്ടും റിമാൻഡിലേക്ക്.ശിക്ഷാ വിധി ഒരു മാസത്തിനു ശേഷം ശിക്ഷ കുറച്ചു നൽകാനുള്ള ഇരു പ്രതികളുടെയും പ്ലീ ഹിയറിങ് നടന്നു. കുട്ടിയുടെ ഭാവി കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് നൽകണമെന്ന് സോഫിയയും മാനസികാസ്വാസ്ഥ്യമുള്ളതിനാൽ ശിക്ഷ കുറയ്ക്കണമെന്ന് അരുണും. എന്നാൽ ഇതൊന്നും അത്രകണ്ട് പരിഗണിക്കാതെയാണ് ജൂൺ 21ന് പ്രതികളുടെ ശിക്ഷ വിക്ടോറിയൻ സുപ്രീം കോടതി വിധിച്ചത്.മനുഷ്യാവകാശത്തിന് ഏറെ മുൻതുക്കം നൽകുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. എന്നിട്ടും തെളിവുകളുടെ പിൻബലം ശിക്ഷയിൽ ഇളവ് വരുത്താൻ കാരണമായില്ല. ജസ്റ്റിസ് പോൾ കൊഗ്‌ലൻ വിക്ടോറിയൻ സുപ്രീം കോടതിയുടെ ഗ്രീൻ കോർട്ടിലെ കോടതിമുറിയിൽ മുക്കാൽ മണിക്കൂർ നീണ്ട വിധി പ്രസ്താവം വായിച്ചു കേൾപ്പിച്ചതിൽ നിന്നും ഇത് വ്യക്തം.“You Sofia Sam, I am satisfied that you are involved in the murder of your husband
And am satisfied that your husband could not have been murdered without your knowledge or acquiescence”- Justice Paul Coghlan"നീയറിയാതെ നിന്റെ ഭർത്താവു കൊല്ലപ്പെടുകില്ല" എന്ന വിധി പ്രസ്താവം വായിച്ചു കേൾപ്പിച്ചു കൊണ്ടാണ് സോഫിയയുടെ ശിക്ഷ കോടതി വിധിച്ചത്. സാഹചര്യ തെളിവുകളുടെയും ജൂറിവിധിയുടെയും അടിസ്ഥാനത്തിൽ മാത്രം! സാം എബ്രഹാം വധക്കേസിൽ 22 വർഷം ജയിൽ ശിക്ഷയാണ് സോഫിയയ്ക്ക് കോടതി വിധിച്ചത്. 18 വർഷത്തിന് ശേഷം മാത്രമേ സോഫിയയ്ക്ക് പരോൾ ലഭിക്കുകയുള്ളു.മൂന്ന് വർഷം നീണ്ട പദ്ധതിക്കൊടുവിലാണ് കൊല നടത്തിയത് എന്നാണ് കണ്ടെത്തൽ. പ്രതികൾ തമ്മിൽ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കും വിധത്തിലായിരുന്നു അരുൺ കമലാസനന്റെ ശിക്ഷ വിധിച്ചത്.“ഈ കൊലപാതകത്തിന്റെ സൂത്രധാരൻ നീയാണ്” എന്ന് പറഞ്ഞുകൊണ്ട് 27 വർഷം തടവാണ് കോടതി അരുൺ കമലാസനന് വിധിച്ചത്. 23 വർഷത്തിന് ശേഷം മാത്രമേ അരുൺ പുറംലോകം കാണുകയുള്ളൂ!
“Arun Kamalasanan you are sentenced to be in prison for a term of 27 years”-Justice Paul Coghlan. വളരെ ആസൂത്രിതമായി നടത്തിയ ഒരു കൊലപാതകത്തിന് ശിക്ഷയായി ഓസ്‌ട്രേലിയൻ നീതി പീഠം നൽകിയ കാലയളവ്!!കൊലപാതകവും ബലാത്സംഗവും ഉൾപ്പടെ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂര കൃത്യങ്ങൾ നടത്തിയിട്ടും ഏഴും എട്ടും വർഷങ്ങൾ പോലും തികയ്ക്കാതെ നിയമത്തിന്റെ അയഞ്ഞ കണ്ണികളിലൂടെ ഊർന്നു പോയ എത്രയോ കൊലയാളികൾ ഇപ്പോഴും നമ്മുടെ ഇന്ത്യയിൽ സ്വതന്ത്രരായി റോന്തു ചുറ്റുന്നു!!!!നിർവികാരനായാണ് അരുൺ ശിക്ഷാ വിധി കേട്ടതെങ്കിൽ, കണ്ണീർ ഒഴുക്കിക്കൊണ്ടാണ് സോഫിയ ശിക്ഷ ഏറ്റുവാങ്ങിയത്. തെറ്റായി വാർത്ത റിപ്പോർട്ട് ചെയ്യാതിരിക്കാനും സ്ഫുടമായി കാര്യങ്ങൾ മനസിലാക്കാനുമായി ശിക്ഷാ വിധിയുടെ ശബ്ദസംപ്രേക്ഷണം തത്സമയം മാധ്യമങ്ങൾക്ക് കോടതി നൽകി.ഒരു സസ്പെൻസ് ഡ്രാമയുടെ എല്ലാ ചേരുവകളും വേണ്ടത്ര ഉണ്ടായിരുന്ന ഒരു കേസായിരുന്നു ഇതെന്നു വേണമെങ്കിൽ പറയാം. അത്തരം ഒരു സെൻസേഷണൽ കേസ് ധാർമ്മിക പത്രപ്രവർത്തനത്തിന്റെ നേർവരകൾക്കുള്ളിൽ നിന്ന് കൊണ്ട്, പൊടിപ്പും തൊങ്ങലും ഇല്ലാതെ റിപ്പോർട്ട് ചെയ്ത ഓസ്ട്രേലിയൻ മാധ്യമ സമൂഹം ഏറെ അഭിനന്ദനം അർഹിക്കുന്നു. ഒരു വാർത്താ ബീജം പൊട്ടിമുളയ്ക്കുന്നതിനു മുൻപേ വൻമരമാക്കുകയും ശേഷം വെട്ടി കുഴിച്ചു മൂടുകയും ചെയ്യുന്ന നമ്മുടെ "SENSATIONAL" വാർത്താ സംസ്കാരം ഉടച്ചു വാർക്കേണ്ടിയിരിക്കുന്നു എന്നു ഓർമ്മിപ്പിക്കുന്നതായിരുന്ന ഓസ്ട്രേലിയൻ മാധ്യമങ്ങൾ പാലിച്ച ഈ സാമാന്യമര്യാദകൾ.(അവസാനിച്ചു)ഒന്നാംഭാഗംവികസിത സമൂഹത്തിലെ മാധ്യമ റിപ്പോർട്ടിങ്- ഒരു ഓസ്‌ട്രേലിയൻ മാധ്യമ കാഴ്ചരണ്ടാംഭാഗംനിറംപിടിപ്പിച്ച കഥകളല്ല റിപ്പോർട്ടിങ്; മാധ്യമപ്രവർത്തക പറയുന്നു
>

Trending Now