• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

വികസിത സമൂഹത്തിലെ മാധ്യമ റിപ്പോർട്ടിങ്- ഒരു ഓസ്‌ട്രേലിയൻ മാധ്യമ കാഴ്ച


Updated: July 27, 2018, 3:52 PM IST
വികസിത സമൂഹത്തിലെ മാധ്യമ റിപ്പോർട്ടിങ്- ഒരു ഓസ്‌ട്രേലിയൻ മാധ്യമ കാഴ്ച

Updated: July 27, 2018, 3:52 PM IST
കേരളത്തിലെ മാധ്യമപ്രവർത്തകരുടെ തൊഴിൽ രീതികൾ വിമർശനവിധേയമാകുമ്പോൾ വികസിത രാജ്യത്തിൽനിന്നുള്ള മാധ്യമ റിപ്പോർട്ടിങ് രീതിയെക്കുറിച്ച് പരിശോധിക്കുകയാണിവിടെ. മലയാളികൾ ഏറെ ചർച്ച ചെയ്ത ഒരു കൊലപാതകകേസിലെ കുറ്റവും ശിക്ഷയുമാണ് ഓസ്ട്രേലിയയിലെ എസ്.ബി.എസ് മലയാളം റേഡിയോയിലെ പ്രൊഡ്യൂസർ സൽവി മനീഷ് ഇവിടെ വിവരിക്കുന്നത്...

"നീയറിയാതെ നിന്റെ ഭർത്താവു കൊല്ലപ്പെടുകയില്ല". 2018 ജൂൺ 21. ലോകമൊട്ടുക്കുള്ള മലയാളികൾ ഏറെ ആകാംഷയോടെ ഉറ്റു നോക്കിയ സാം എബ്രഹാം വധക്കേസിന്റെ ശിക്ഷാവിധി വന്ന ദിവസം. ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള വിക്ടോറിയൻ സുപ്രീം കോടതിയിലെ ഗ്രീൻ കോർട്ടിൽ, ജഡ്ജി പോൾ കോഗ്ലൻ പ്രതികൾക്ക് ശിക്ഷ വിധിച്ചു: സാമിന്റെ ഭാര്യ സോഫിയ സാമിനു 22 വർഷം തടവും, കാമുകൻ അരുൺ കമലാസനന് 27 വർഷവും! ഏറെ ഞെട്ടിച്ച ഒരു സസ്പെൻസ് ത്രില്ലറിന്റെ ക്ലൈമാക്സ് പോലെ രണ്ടര വർഷം നീണ്ടു നിന്ന കുതൂഹലതകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ തിരശീല വീണു.

തെറ്റായ വാർത്തകൾ നൽകി കേരളത്തിലെ മുൻനിര മാധ്യമങ്ങൾ
Loading...
സാം വധക്കേസ് ആദ്യമായി റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ ഓൺലൈൻ പത്രങ്ങളിലൂടെ നിരവധി കെട്ടുകഥകളാണ് പുറത്തിവന്നിരുന്നത്. എന്നാൽ അതിനെ വെല്ലുന്ന വിധത്തിലാണ് കേസിന്റെ ശിക്ഷാ വിധി വന്ന ശേഷം കേരളത്തിലെ മുൻനിര മാധ്യമങ്ങൾ എഴുതി ചേർത്ത വാർത്തകൾ. രണ്ടു വർഷത്തോളം ഈ കേസ് റിപ്പോർട്ട് ചെയ്ത ആളെന്ന നിലക്കും ഇതിന്റെ നിജസ്ഥിതിയെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളതുകൊണ്ടും ഈ കേസിനെ കുറിച്ച് കേരളത്തിലെ പല മാധ്യമങ്ങളിലും വന്ന തെറ്റായ റിപ്പോർട്ടുകൾ കൂടി ഇവിടെ ചൂണ്ടി കാണിച്ചു തിരുത്തുന്നു:

•"പലപ്പോഴും വീട്ടിൽ ഇലക്ട്രീഷ്യനായും പ്ളംബറായും പോസ്റ്റ്മാനായുമെല്ലാം പൊലീസെത്തി" - ഒരു മുൻനിര മലയാള പത്രത്തിൽ വന്ന വാചകം. ഇത്തരത്തിലൊരു കാര്യം ഈ കേസുമായി ബന്ധപ്പെട്ടു ഒരു കോടതി നടപടിയിലും പരാമർശിച്ചിട്ടില്ല. തികച്ചും മെനഞ്ഞെടുത്ത ഒരു കഥ!

•"അജ്ഞാത സ്ത്രീയുടെ ഫോൺ കോൾ ആണ് സാമിന്റെ മരണം അന്വേഷിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്" - പൊലീസോ കോടതിയോ പറയാത്ത മറ്റൊരു കഥ. യഥാർത്ഥത്തിൽ സാമിന്റെ മൃതദേഹത്തിൽ സയനൈഡിന്റെ അംശം കണ്ടതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത് എന്നാണ് കോടതിയിൽ അറിയിച്ചത്. എവിടുന്നോ കേട്ടെഴുതിയ തെറ്റായ വാർത്ത !

•“സാം മരിക്കുമെന്ന് താൻ കരുതിയില്ല” എന്ന് സോഫിയ പറഞ്ഞതായുള്ള റിപ്പോർട്ട്. ഇത്തരത്തിലൊരു വാചകം ഒരു ഘട്ടത്തിലും സോഫിയ കോടതിയിൽ പറഞ്ഞിട്ടില്ല. മറിച്ച്, സാമിന്റേത് കൊലപാതകം തന്നെയാണ് എന്ന് സമ്മതിച്ചിരുന്നു സോഫിയയുടെ അഭിഭാഷകർ. എന്നാൽ സോഫിയക്ക് ഇതിൽ പങ്കില്ല എന്നായിരുന്നു വാദം.

•"സാമിന്റെ വീട്ടുകാരാണ് മരണത്തിൽ ദുരൂഹതയാരോപിച്ച് ഓസ്ട്രേലിയൻ പൊലീസിനെ സമീപിച്ചത്. തുടർന്ന് ഇരുവരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. സാമിന്റെ മരണ ശേഷം സോഫിയയും അരുണും ഒന്നിച്ചാണ് കഴിയുന്നതെന്ന് പോലീസ് കണ്ടെത്തി..." - സാമിന്റെ മാതാപിതാക്കൾക്ക് സോഫിയയെ സംശയം ഉണ്ടായിരുന്നില്ല എന്നും അതുകൊണ്ടുതന്നെ അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്നും അവർ തന്നെ പറയുമ്പോൾ ഇതും ഒരു കെട്ടുകഥയാവുന്നു. മാത്രമല്ല ഇവർ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത് എന്നത് പൊലീസും കോടതിയും പറഞ്ഞിട്ടില്ലാത്ത കാര്യം.

2015 ഒക്ടോബർ 14നാണ് പുനലൂർ സ്വദേശി സാം എബ്രഹാം എന്ന 33 കാരനായ യുവാവിനെ മെൽബണിലെ എപ്പിങ്ങിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഹൃദയാഘാതമെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോർട്ട്. ഏറെ ദുഃഖത്തോടെയാണ് മെൽബൺ മലയാളികൾക്കിടയിൽ പ്രിയങ്കരനായിരുന്ന സാം ഏബ്രഹാമിന്റെ മരണ വാർത്ത ഓരോ മലയാളിയും കേട്ടറിഞ്ഞത്. ചെറുപ്രായത്തിൽ ഹൃദയാഘാതം ഉണ്ടാവുക. അവിശ്വസനീയം ആയി തോന്നിയെങ്കിലും, സാമിന്റെ മാതാപിതാക്കൾ ഉൾപ്പടെ ഏവരും ഇത് വിശ്വസിക്കുകയായിരുന്നു.

എന്നാൽ പത്തു മാസങ്ങൾക്ക് ശേഷം 2016 ഓഗസ്റ്റ് 18നു പ്രതികളുടെ അറസ്റ്റ് നടന്നതിന് പിന്നാലെ ഓഗസ്റ്റ് 19-ാം തീയതി മെൽബണിലെ ദി ഹെറാൾഡ് സൺ പത്രമാണ് സാമിന്റെ മരണം ഒരു കൊലപാതകം ആണെന്നും, സാമിന്റെ ഭാര്യ സോഫിയ സാമും കാമുകൻ അരുൺ കമലാസനനും ചേർന്നാണ് കൊല നടത്തിയതെന്നുമുള്ള കോടതിക്ക് മുൻപാകെ സമർപ്പിച്ച പോലീസ് റിപ്പോർട്ട് പുറത്തു വിട്ടത്. ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഈ വാർത്ത.

സാം വധക്കേസ് രണ്ടാമത് കോടതിയിൽ എത്തിയത് 2017 ഫെബ്രുവരി 13നാണ്. അന്ന് ആദ്യമായാണ് ഒരു റിപ്പോർട്ടറായി ഓസ്‌ട്രേലിയൻ കോടതിയുടെ പടി ചവിട്ടുന്നത്. ഭാര്യയും കാമുകനും ചേര്ന്ന് സയനൈഡ് കൊടുത്ത് സാമിനെ കൊലപ്പെടുത്തി എന്നായിരുന്നു പൊലീസ് കേസ്. സാമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ സയനൈഡിന്റെ അംശം കണ്ടതിൽ ദുരൂഹത തോന്നിയ വിക്ടോറിയൻ പോലീസ് അതീവ രഹസ്യമായി കേസ് അന്വേഷിക്കുകയായിരുന്നു. ഈ കേസിന്റെ ചുരുളുകളോരോന്നായി അഴിഞ്ഞത് കോടതി നടപടിക്രമങ്ങളിലൂടെയാണ്. വാർത്തക്ക് പിന്നാലെ പായാതെ, കേട്ടതും കേൾക്കാത്തതുമായ കഥകൾ എഴുതാതെ കോടതി റിപ്പോർട്ടിങ്ങിന്റെ ചട്ട വട്ടങ്ങളിൽ നിന്ന് കൊണ്ടാണ് കേസിന്റെ ഓരോ ഘട്ടവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഓസ്‌ട്രേലിയൻ മാധ്യമ മര്യാദ

ഓസ്‌ട്രേലിയയിലും ഇന്ത്യയിലും ഒരു പോലെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കേസാണ് സാം എബ്രഹാമിന്റെ കൊലപാതകം. സാം വധക്കേസ് കോടതിയിലെത്തിയതു മുതൽ ഓസ്‌ട്രേലിയയിലെ ടി വി ചാനലുകളും പത്രങ്ങളും ഉൾപ്പടെയുള്ള മുൻനിര മാധ്യമങ്ങളെല്ലാം നേരിട്ട് കോടതിയിൽ ഹാജരായി 'സയനൈഡ് മർഡർ കേസ്’ എന്ന തലക്കെട്ടോടുകൂടി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

ചില സന്ദർഭങ്ങളിൽ പ്രധാന വാർത്തയായി ഒന്നാം പേജിൽ തന്നെ അച്ചടിച്ചു വന്നു 'സയനൈഡ് മർഡർ കേസ്.’ ജൂൺ 21നു പ്രതികളുടെ ശിക്ഷ വിധിക്കുമ്പോൾ ഓസ്‌ട്രേലിയൻ മുഖ്യധാരാ മാധ്യമ പ്രതിനിധികളെക്കൊണ്ട് കോടതി മുറി നിറഞ്ഞിരുന്നു. ചൂടോടെ തന്നെ ലൈവ് ടെലികാസ്റ്റായും വീഡിയോ റിപ്പോർട്ടായും വിധി പ്രസ്താവന വാർത്തകളിൽ നിറഞ്ഞു നിന്നു.

റിപ്പോർട്ടിങ്ങിലെ നിയമവശങ്ങളും കേസിന്റെ ഗൗരവവും ഒട്ടും ചോരാതെയായിരുന്നു ഓരോ തവണയും ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ ഈ കേസ് റിപ്പോർട്ട് ചെയ്തത്. ഏതു പ്രമാദമായ കേസിന്റെയും തുമ്പ് കിട്ടിയാൽ അതിനു പൊടിപ്പും തൊങ്ങലും വച്ച് ഫലിപ്പിച്ച് വായനക്കാരുടെയും പ്രേക്ഷകരുടെയും എണ്ണം കൂട്ടാൻ മത്സരിക്കുന്ന സാധാരണ മാധ്യമ ചിന്തകളിൽ നിന്നും തികച്ചും വ്യത്യസ്തം.

നിഷ്പക്ഷമായ റിപ്പോർട്ടിങ് ശൈലിയാണ് ഇതിൽ ഏറ്റവും എടുത്തു പറയാവുന്നതും. വാദിയെയോ പ്രതിയെയോ കൂട്ടുപിടിക്കാതെ കോടതി മുറിയിൽ നടക്കുന്ന കാര്യങ്ങൾ മാത്രം അതി സൂക്ഷ്മതയോടെ നിരീക്ഷിച്ചുകൊണ്ടാണ് ഇവിടുത്തെ മാധ്യമങ്ങൾ സാം വധക്കേസിനെ നോക്കി കണ്ടത് എന്ന് വേണം പറയാൻ.

പ്രണയലേഖനം പോലെ തോന്നിക്കുന്ന പ്രതികളുടെ ഡയറിക്കുറിപ്പുകൾ കോടതി മുറിയിലെ വലിയ സ്‌ക്രീനിൽ തെളിഞ്ഞപ്പോഴും തികച്ചും പ്രൊഫഷണലിസത്തോടെ നടപടിക്രമങ്ങൾ നോക്കിക്കണ്ട മാധ്യമപ്രവർത്തനം. ഒട്ടും കൊഴിപ്പിക്കാതെയാണ് ഈ വിവരങ്ങളെല്ലാം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതും.

ജൂറിക്ക് മുന്നിൽ എത്തുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ നിയമത്തിന്റെ അതിരുകൾ ഭേദിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിൽ ഓസ്ട്രേലിയൻ കോടതിയുടെ കാർക്കശ്യവും കാര്യക്ഷമവുമായ പങ്കും എടുത്തു പറയേണ്ടത്.

(തുടരും)
First published: July 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...