2025 ഒക്ടോബർ 27. ഉച്ചകഴിഞ്ഞ് സംസ്ഥാനത്തെ എല്ലാ മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും ഫോണിലേക്ക് ഡൽഹിയിലെ AICC ആസ്ഥാനത്തുനിന്ന് കോൾ വന്നു. അടിയന്തരമായി നാളെ രാവിലെ 11 മണിക്ക് ഡൽഹിയിലെത്തുക. കാര്യം ഫോണിലൂടെ വിശദീകരിച്ചില്ലെങ്കിലും. കടുപ്പമുള്ള കാര്യത്തിനാണ് വിളിപ്പിക്കുന്നതെന്ന് നേതാക്കന്മാർക്ക് ഒരുപോലെ ബോധ്യമായി. പിന്നെ, കിട്ടിയ ഫ്ലൈറ്റിന് നേതാക്കൾ ഓരോരുത്തരായി ഡൽഹിയിൽ ലാൻഡ് ചെയ്തു.
താക്കീതെന്നോ, അന്ത്യശാസനമെന്നോ എങ്ങനെ വേണമെങ്കിലും വിശേഷിപ്പിക്കാവുന്ന ഒരു കൂടിക്കാഴ്ചയാണ് തുടർന്ന് കോൺഗ്രസ് അധ്യക്ഷന്റെ സാന്നിധ്യത്തിൽ എഐസിസി ആസ്ഥാനത്ത് നടന്നത് ഇങ്ങനെയൊരു അടിയന്തര ഇടപെടലിന് കോൺഗ്രസ് ഹൈക്കമാന്റ് മുൻകൈയെടുത്തത് പത്തുവർഷം മുൻപത്തെയൊരു ദൗർഭാഗ്യകരമായ അനുഭവം വീണ്ടും ആവർത്തിക്കപ്പെടാതിരിക്കാൻ തന്നെ.. അത് മറന്നു പോയവർക്ക് വേണ്ടി ഓർമിപ്പിക്കാം.
advertisement
ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്ത് നിയമസഭാ സ്പീക്കർ ആയിരുന്ന ജി കാർത്തികേയന്റെ നിര്യാണത്തെ തുടർന്ന് 2015- ജൂണിലായിരുന്നു അരുവിക്കരയിൽ ഉപതിരഞ്ഞെടുപ്പ്. തുടർഭരണം ലക്ഷ്യമിട്ട ഉമ്മൻചാണ്ടി സർക്കാരിന്റെ വിലയിരുത്തലാവും എന്ന് വിശേഷിപ്പിക്കപ്പെട്ട ഉപതിരഞ്ഞെടുപ്പിന് രാഷ്ട്രീയ നിരീക്ഷകർ ഏറെ പ്രാധാന്യം കൽപ്പിച്ചു. സോളാറും ബാർ കോഴയും അടക്കം മാധ്യമങ്ങൾ ഉമ്മൻചാണ്ടി സർക്കാരിനെ അതിനിശിതമായി വേട്ടയാടുന്നതിനിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ എസ് ശബരിനാഥന് ഉണ്ടായതാകട്ടെ മിന്നും വിജയം.
എന്നാൽ ഈ വിജയത്തിൽ നിന്നുണ്ടായ അമിത ആത്മവിശ്വാസമാണ് ഒരു കൊല്ലം തികയും മുമ്പ് 2016 ൽ അനായാസം ഭരണത്തുടർച്ച ഉണ്ടാകുമെന്ന മിഥ്യാധാരണയിലേക്ക് ഐക്യ ജനാധിപത്യ മുന്നണിയെ നയിച്ചത്. പക്ഷേ അതിന് കൊടുക്കേണ്ടി വന്നതാകട്ടെ കനത്ത വിലയും. എൽഡിഎഫിന് 2016 ന്റെ തനിയാവർത്തനം 2021ലും ഉണ്ടായത് ഇടതുമുന്നണിയുടെ ഇലക്ഷൻ എൻജിനീയറിങ്ങിന്റെയും സ്ട്രാറ്റജിയുടെയും ഫലമായി വ്യാഖ്യാനിക്കപ്പെട്ടു. 99 സീറ്റു നേടി അധികാരം നിലനിർത്തിയ ഇടതുമുന്നണി അധികമായി നേടിയത് 8 സീറ്റുകൾ.
1977 ലെ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഒരു സഖ്യം തുടർച്ചയായി രണ്ട് തവണ വിജയിക്കുന്നതാദ്യം. 2016ലെ തിരഞ്ഞെടുപ്പിനേക്കാൾ 6 സീറ്റുകൾ കുറഞ്ഞ യുഡിഎഫിന് 41 സീറ്റു മാത്രം. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി വീണ്ടും മുഖ്യമന്ത്രിയാകുന്ന കേരളത്തിലെ ആദ്യത്തെ നേതാവായി പിണറായി വിജയൻ മാറിയത് വിദഗ്ധമായ ഇലക്ഷൻ എൻജിനീയറിങ്ങിന്റെ ഫലമായിത്തന്നെ. ഏറെക്കുറെ സമാനമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ ഉരിത്തിരിയുന്നത്.
അതുകൊണ്ടുതന്നെയാണ് അല്പം പിന്നിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടി വരുന്നത് 2022 മെയ് 31നാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. 25,016 വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്ക് ഉമാ തോമസ് സഭയിലെ കോൺഗ്രസിന്റെ ഏക വനിതാ മുഖമായെത്തി. 2023 സെപ്റ്റംബറിൽ ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ അലയടിച്ച പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മന്റെ മിന്നും വിജയം. 2024 നവംബറിൽ നടന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിജയം 18840 വോട്ടുകൾക്ക്. പിണറായി സർക്കാരിനോട് മല്ലടിച്ച് ഇടതുമുന്നണി വിട്ട് പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ച നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചതാകട്ടെ 11077 വോട്ടുകൾക്ക്. ഈ തുടർച്ചയായ നാല് ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനുണ്ടായ വിജയമാണ് കേരളത്തിൽ ഭരണമാറ്റത്തിന്റെ കാറ്റു വീശുന്നു എന്ന വിലയിരുത്തലിലേക്ക് കോൺഗ്രസ് കേന്ദ്രങ്ങളെ എത്തിച്ചത്.
ഈ വലിയ ഭൂരിപക്ഷത്തിലെ വിജയങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ നിന്നാണ് പൊതുതിരഞ്ഞെടുപ്പിന് ഏറെമുമ്പേ അധികാര വടം വലിയിലേക്കും മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള കലഹങ്ങളിലേക്കും ഒരുപറ്റം നേതാക്കൾ കടന്നത്. അവിടെയാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിന് മുമ്പിൽ വിസ്മരിക്കാനാവാത്ത പാഠമായി അവശേഷിക്കുന്നത്. ഉപതിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ സാഹചര്യവും പ്രചാരണ വിഷയങ്ങളുമാകില്ല പൊതു തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്നതാണ് വസ്തുത.
തൃക്കാക്കരയിൽ പി ടി തോമസിനോട് വോട്ടർമാർക്കുള്ള വൈകാരിക ബന്ധവും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയോടുള്ള ജനങ്ങളുടെ ഇഴയടുപ്പവും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നതാണ് യാഥാർത്ഥ്യം. പക്ഷേ പാലക്കാടും നിലമ്പൂരും യുഡിഎഫിന് മേൽക്കൈ നേടിക്കൊടുത്തത് രാഷ്ട്രീയ സാഹചര്യങ്ങൾ തന്നെ. എന്നാൽ പാർട്ടിയുടെ മുഴുവൻ സംഘടനാ സംവിധാനങ്ങളും ഒരു മണ്ഡലത്തിലേക്ക് കേന്ദ്രീകരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിക്കൊപ്പം പാർട്ടിയുടെ പ്രമുഖ മുഖങ്ങളും ഒരേപോലെ പ്രചാരണത്തിന് ഇറങ്ങുന്ന ശൈലി 140 മണ്ഡലങ്ങളിൽ ഒരേസമയം നടക്കുന്ന പ്രചാരണങ്ങളിലും വോട്ടെടുപ്പിലും അവലംബിക്കാനാവില്ല.
ഇവിടെയാണ് കേഡർ സംഘടനാ സംവിധാനങ്ങളുടെ പ്രസക്തി. 2001ൽ എ കെ ആന്റണി നയിച്ച സർക്കാർ ഭരണത്തിലേറിയപ്പോൾ കോൺഗ്രസ് ജയിച്ചത് 63 മണ്ഡലങ്ങളിൽ. അഞ്ചു വർഷം കഴിഞ്ഞപ്പോൾ ഇത് 24 ആയി കുറഞ്ഞു. മണ്ഡല പുനർ നിർണയം കഴിഞ്ഞു വന്ന ആദ്യ തിരഞ്ഞെടുപ്പായ 2011ൽ കേവലം 2 സീറ്റ് ഭൂരിപക്ഷം മാത്രം നേടി അധികാരത്തിലെത്തിയ ഉമ്മൻചാണ്ടിയുടെ കാലത്ത് കോൺഗ്രസ് തനിച്ചു നേടിയത് 38 സീറ്റുകൾ. തുടർഭരണം പ്രതീക്ഷിച്ച് പോരാട്ടത്തിനിറങ്ങിയ 2016ലാകട്ടെ 22 സീറ്റു മാത്രം.
ജനസമ്പർക്ക പരിപാടി ഉൾപ്പെടെയുള്ള ജനകീയ ഇടപെടലുകളിലൂടെ ഇടതുപക്ഷത്തിന് വെല്ലുവിളി തീർത്ത തിരഞ്ഞെടുപ്പിലാണ് കോൺഗ്രസിലെ ഉൾപാർട്ടി പ്രശ്നങ്ങളും ഗ്രൂപ്പ് പോരും ജയിച്ച മണ്ഡലങ്ങളുടെ എണ്ണം 22 ആയി ചുരുക്കിയത്. എന്നാൽ ഒന്നാം പിണറായി സർക്കാരിനെതിരെ നയതന്ത്ര ബാഗേജിലെ സ്വർണ്ണക്കടത്തും സ്പ്രിംഗ്ലർ അഴിമതിയും കരിമണൽ ഖനനത്തിലെ അഴിമതിയുമടക്കം ആരോപണങ്ങളുടെ പെരുമഴ തീർത്ത് പ്രചാരണം നടത്തിയിട്ടും 2021ൽ കൈപ്പത്തി ചിഹ്നത്തിൽ ജയിച്ചത് 22 പേർ മാത്രം. അഴിമതി ആരോപണങ്ങളെക്കാൾ ജനങ്ങൾ വില കൊടുത്തത് ക്ഷേമപെൻഷനും സൗജന്യ കിറ്റിനും. ഒപ്പം മികച്ച ഇലക്ഷൻ എൻജിനീയറിങ് കൂടിയായതോടെ ഇടതുമുന്നണി സെഞ്ചുറിക്ക് ഒരു സീറ്റ് മാത്രം അകലെയെത്തി. 140 അംഗ സഭയിൽ 58 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷം.
ജനകീയനെന്ന് പേര് കേട്ട ഉമ്മൻചാണ്ടി ജനക്ഷേമ പദ്ധതികൾ ഒരുപാട് നടത്തിയിട്ടും 2016 ൽ യുഡിഎഫിന് ഭരണത്തുടർച്ച നഷ്ടമാപ്പോൾ ഇതേ ജനക്ഷേമ പദ്ധതികൾ കൊണ്ട് എൽഡിഎഫിന് 2021ൽ ഭരണതുടർച്ച ഉണ്ടായതെങ്ങനെ...? ഉത്തരം സിംപിളാണ്. പക്ഷെ പവർഫുൾ ആണ്. ചുരുക്കം മണ്ഡലങ്ങളിലെ മൃഗീയ ഭൂരിപക്ഷത്തേക്കാൾ ഭരണം പിടിക്കാൻ അനിവാര്യമായത് പരമാവധി മണ്ഡലങ്ങളിലെ കേവല ഭൂരിപക്ഷമാണെന്ന തിരിച്ചറിവാണ് ഇടതുമുന്നണിക്ക് തുടർഭരണം അനായാസമാക്കിയത്.
പതിനായിരത്തിലും അയ്യായിരത്തിലും താഴെ വോട്ടുകൾക്ക് യുഡിഎഫിന് നഷ്ടപ്പെട്ട മണ്ഡലങ്ങളുടെ കണക്കെടുക്കുമ്പോഴാണ് ഇലക്ഷൻ എൻജിനീയറിങ്ങിന്റെ പ്രാധാന്യം വ്യക്തമാകുന്നത്. യോഗ്യതയുള്ള നേതാക്കൾ ഇല്ലാത്തതോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമ്പത്തിക പ്രതിസന്ധിയോ ഒന്നുമല്ല കോൺഗ്രസ് നേരിടുന്ന വെല്ലുവിളി.
നേതാക്കളുടെ ഗ്രൂപ്പ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനപ്പുറം ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ പരിഗണിക്കുന്നതിനും മുഖ്യമന്ത്രി ആരായാലും മുന്നണി അധികാരത്തിൽ വരണമെന്ന ചിന്ത അധികാര കസേരയ്ക്കായി ഊഴം കാത്ത് നിൽക്കുന്ന നേതാക്കൾ മുതൽ താഴെത്തട്ടിൽ ഉള്ള അണികൾ വരെയുള്ളവരിൽ പ്രതിഫലിക്കാത്തിടത്തോളം പാർട്ടിക്ക് ഒരിക്കൽ കൂടി പ്രതിപക്ഷ നേതാവിനെ മാറ്റി പരീക്ഷിക്കാനേ യുഡിഎഫിന് വിധിയുണ്ടാകൂ. 70 സീറ്റ് കടന്ന് മുന്നണി അധികാരത്തിലെത്തിയാലേ മുഖ്യമന്ത്രിക്കസേര ഉണ്ടാകൂവെന്ന ബോധ്യം സ്ഥാനമോഹികൾക്കും ഉണ്ടായാൽ അതാവും പാർട്ടിയുടെ ഭാവിക്ക് നന്ന്.
