TRENDING:

വയനാട് ദുരിതത്തിന്റെ പണപ്പിരിവിൽ ഷുക്കൂർ വക്കീലിന്റെ കേസ് കോടതി തള്ളിയതെന്തുകൊണ്ട്?

Last Updated:

കോടതിയെ സമീപിച്ചപ്പോള്‍ ഷുക്കൂര്‍ വക്കീലിന് അബദ്ധം സംഭവിച്ചു. അത് വക്കീലിനു പറ്റാന്‍ പാടില്ലാത്തതായിരുന്നു. മാന്‍ഡമസ് റിട്ട് സര്‍പ്പിക്കുമ്പോള്‍ ഉണ്ടാകേണ്ട സൂക്ഷ്മത അദ്ദേഹത്തിന് ഉണ്ടായില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഡ്വ. പി.ടി. മുഹമ്മദ് സാദിഖ്
advertisement

ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ് ഷൂക്കൂര്‍ വക്കീല്‍ ഉയര്‍ത്തിയത് എന്ന കാര്യത്തില്‍ എനിക്കു തര്‍ക്കമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. കാക്കത്തൊള്ളായിരം സംഘടനകള്‍ ദുരിതാശ്വാസത്തിനായി പണപ്പിരിവു നടത്തുകയും തോന്നിയ പോലെ അവ വിനിയോഗിക്കപ്പെട്ടുകയും ചെയ്യുന്നത് നിരീക്ഷിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യേണ്ടതുണ്ട്. സംഘടനകളുടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍, അഴിമതി ഉണ്ടാകില്ലെന്നു വിശ്വസിച്ചാല്‍ പോലും നേരിയ തോതിലെങ്കിലും സ്വജന പക്ഷപാതവും നിക്ഷിപ്ത താല്‍പര്യവും കടന്നു കൂടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ദുരിതാശ്വാസ വിതരണത്തില്‍ അസമത്വവും അനീതിയും സംഭവിക്കാന്‍ അതുകൊണ്ടുതന്നെ ചെറിയ സാധ്യതയുണ്ടാകും.

advertisement

ക്രൗഡ് ഫണ്ടിംഗിന്റെ സുതാര്യതയെക്കുറിച്ച് കേരള ഹൈക്കോടതി തന്നെ മുമ്പ് പല വട്ടം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സർക്കാർ ഇടപെടണമെന്നും നിയന്ത്രിക്കണമെന്നും നിരീക്ഷിച്ചിട്ടുണ്ട്. അതിലേക്കു വരാം.

കോടതിയെ സമീപിച്ചപ്പോള്‍ ഷുക്കൂര്‍ വക്കീലിന് അബദ്ധം സംഭവിച്ചു. അത് വക്കീലിനു പറ്റാന്‍ പാടില്ലാത്തതായിരുന്നു. മാന്‍ഡമസ് റിട്ട് സര്‍പ്പിക്കുമ്പോള്‍ ഉണ്ടാകേണ്ട സൂക്ഷ്മത അദ്ദേഹത്തിന് ഉണ്ടായില്ല.

Also Read- ജനങ്ങൾ വിഡ്ഢികളാണോ? വയനാട് പിരിവ് ഹർജി ചീപ് പബ്ലിസിറ്റിയെന്ന് ഹൈക്കോടതി; ഷുക്കൂർ വക്കീൽ 25,000 രൂപ CMDRFലേക്ക് അടയ്ക്കണം

advertisement

അഞ്ചു തരം റിട്ടുകളാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 അനുസരിച്ച് ഹൈക്കോടതി മുമ്പാകെയും ആര്‍ട്ടിക്കിള്‍ 32 അനുസരിച്ച് സുപ്രിം കോടതി മുമ്പാകെയും സമര്‍പ്പിക്കാന്‍ പറ്റുന്നത്. ഹേബിയസ് കോര്‍പസ്, മാന്‍ഡമസ്, സെര്‍ഷിയോറാറി, പ്രൊഹിബിഷന്‍, ക്വാ വാറണ്ടോ എന്നിവയാണ് റിട്ടുകള്‍.

ഇതില്‍ മാൻഡമസ് റിട്ട് ഹർജിയാണ് ദുരിതാശ്വാസ പിരിവുമായി ബന്ധപ്പെട്ട് ഷുക്കൂര്‍ വക്കീല്‍, അഡ്വ. പി. അബ്ദു റഊഫ് മുഖേന സമര്‍പ്പിച്ചത്.

മാന്‍ഡമസ് എന്നാല്‍ വി കമാന്റ് എന്നാണ് അര്‍ഥം. അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ നിയമപരമായി നിർബന്ധമായും ചെയ്യേണ്ട ഒരു ഡ്യൂട്ടി ചെയ്യാതിരിക്കുകയോ ചെയ്യാന്‍ വിസമ്മതിക്കുകയോ ചെയ്യുമ്പോഴാണ് മാന്‍ഡമസ് ഇഷ്യു ചെയ്യുന്നത്. ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ കോര്‍പറേഷനോ ട്രിബ്യൂണലിനോ കീഴ്ക്കോടതിക്കോ സര്‍ക്കാരിനോ എതിരെ മാന്‍ഡമസ് ഇഷ്യൂ ചെയ്യാവുന്നതാണ്. അധികാരികളും അധികാര സ്ഥാപനങ്ങളും നിയമപരമായ നിർബന്ധ ബാധ്യതകള്‍ നിറവേറ്റുന്നു എന്ന് ഉറപ്പു വരുത്തുകയാണ് മാന്‍ഡമസിന്റെ ഉദ്ദേശ്യം.

advertisement

പ്രസ്തുത അധികാരിക്ക്, അധികാര സ്ഥാപനത്തിനു വിവേചനാധികാരമുള്ള വിഷയത്തില്‍ ഈ റിട്ട് അനുവദനീയമല്ല. നിയമപരമായി നിർബന്ധ ബാധ്യതയില്ലാത്ത വിഷയത്തിലും പറ്റില്ല. തീര്‍ത്തും സ്വകാര്യമായ അവകാശം നേടിയെടുക്കാനും പറ്റില്ല. ഏതെങ്കിലും നിമയത്തിന് വിരുദ്ധമായ കാര്യങ്ങള്‍ നടപ്പാക്കുന്നതിനും പറ്റില്ല. നിമയത്തില്‍ തന്നെ പ്രസ്തുത കാര്യം നേടിയെടുക്കുന്നതിനു വേറെയെന്തെങ്കിലും വഴിയുള്ള വിഷയമാണെങ്കിലും മാന്‍ഡമസ് ഇഷ്യു ചെയ്യില്ല.

മാന്‍ഡമസ് റിട്ട് സമര്‍പ്പിക്കാന്‍ നിബന്ധനയുണ്ട്. നിങ്ങളുടെ ഒരു ആവശ്യം ബന്ധപ്പെട്ട അധികാരി നിഷേധിച്ചിരിക്കണം. ആ ആവശ്യം അനുവദിച്ചു കിട്ടാന്‍ നിങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടായിരിക്കണം. ആ ആവശ്യം നിറവേറ്റാന്‍ അധികാരിക്ക് നിയമപരമായും നിർബന്ധിതമായും അധികാരമുണ്ടായിരിക്കണം.

advertisement

ഉദാഹരണായി നിങ്ങളുടെ ഭൂമി ഒരു സര്‍ക്കാര്‍ ആവശ്യത്തിന് ഏറ്റെടുത്തു എന്നിരിക്കട്ടെ. നിങ്ങള്‍ക്ക് വലിയ തുക നഷ്ടപരിഹാരമായി കിട്ടുകയും ചെയ്തു. പക്ഷേ, തുക വിതരണം ചെയ്യാന്‍ കാലതാമസം നേരിട്ടു. ആ കാലയളവിലുള്ള പലിശ കൂടി ലഭിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. പലിശ ലഭിക്കാന്‍ നിങ്ങള്‍ ലാന്റ് അക്വിസിഷന്‍ ഓഫീസറെ സമീപിക്കുന്നു. അയാള്‍ നിങ്ങളുടെ അപേക്ഷ വെച്ചു താമസിപ്പുകയോ നിരാകരിക്കുയോ ചെയ്യുന്നു. നിങ്ങള്‍ക്ക് ഹൈക്കോടതിയില്‍ മാന്‍ഡമസ് റിട്ട് സര്‍പ്പിക്കാവുന്നതാണ്. ( All India Tea Trading Co. v. S.D.O. (AIR 1962 Ass 20)

ഒരു ഉദാഹരണം കൂടി. സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനവും വെള്ളപ്പൊക്കവും സംബന്ധിച്ച് പഠനം നടത്താന്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുന്നു. നിയസഭ പ്രമേയം പാസ്സാക്കിയാല്‍ മാത്രമേ അത്തരം കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുള്ളൂ. മാത്രമല്ല, അത് സര്‍ക്കാരിന്റെ നിര്‍ബന്ധ ബാധ്യതയുമല്ല. സര്‍ക്കാരിന് വിവേചനാധികാരമുള്ള കാര്യമാണ്. ഇക്കാര്യത്തില്‍ മാന്‍ഡമസ് ഇഷ്യു ചെയ്യാന്‍ പറ്റില്ല.

നിങ്ങള്‍ അമിതമായി അടച്ചു പോയ നികുതി തിരിച്ചു കിട്ടാന്‍ ആദായ നികുതി കമ്മീഷനെ സമീപിക്കുന്നു. നിങ്ങളുടെ അപേക്ഷ കമ്മീഷൻ നിരാകരിക്കുന്നു. റൂൾ അനുസരിച്ച് ഈ തുക തിരിച്ചു തരാൻ ആദായ നികുതി വകുപ്പ് ബാധ്യസ്ഥരല്ല. നിങ്ങൾക്ക് അത് തിരിച്ചുപിടിക്കാൻ സിവിൽ കേസ് കൊടുക്കാൻ വേറെ വകുപ്പുമുണ്ട്. ഇക്കാര്യത്തില്‍ നങ്ങള്‍ക്ക് റിട്ട് ലഭിക്കില്ല. കാരണം, ഇക്കാര്യത്തില്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ നിമയപരമായി മറ്റു മാര്‍ഗ്ഗങ്ങളുണ്ട്. (Suganmal v. State of M.P. (AIR 1965 SC 1740).

കടുത്ത ഭാഷയില്‍ തന്നെയാണ് ഹൈക്കോടതി ഷുക്കൂര്‍ വക്കീലിനെ താക്കീത് ചെയ്തിരിക്കുന്നത്. 25,000 രൂപ പിഴയായി വിധിക്കുകയും അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഹരജിയില്‍ കോടതി ചൂണ്ടിക്കാട്ടിയ നിയമപരമായ പിഴവുകള്‍ ഇവയാണ് -

1. ഫണ്ട് ദുരുപയോഗം ചെയ്തതിന് തെളിവുകളില്ല.

2. നിയമം നടപ്പാക്കാന്‍ ചുമതലയുളള അധികാരികളേയോ ജില്ലാ ഭരണാധികാരികളേയോ അത്തരം പരാതികളുമായി സമീപിച്ചില്ല.

3. വയനാടിനു വേണ്ടി ഫണ്ട് പിരിച്ചവര്‍ അത് ദുര്‍വിനിയോഗം ചെയ്തതിന്റെ വിവരങ്ങളില്ല.

4. പിരിച്ചെടുത്ത ഫണ്ടുകള്‍ ഗുണഭോക്താക്കളില്‍ എത്തിയില്ല എന്നതിനും തെളിവുകളില്ല.

കോടതി ചോദിച്ച രണ്ട് പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഇവയാണ്:

1. ദുരന്തബാധിതര്‍ക്കായി വ്യക്തികള്‍ പിരിവു നടത്തുന്നതിനെ തടയുന്ന ഏതെങ്കിലും നിയമമുണ്ടോ?

2. താങ്കളുടെ സുഹൃത്തിനു രോഗം ബാധിച്ചു ആശുപത്രിയിലാകുന്നു. താങ്കള്‍ പൊതുജനങ്ങളില്‍ നിന്നു പിരിവെടുക്കുന്നു. അതിനെ എങ്ങനെ നിയന്ത്രിക്കും. അതു നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനമല്ല.

ഒരു കാര്യം കൂടി കോടതി വ്യക്തമാക്കി -പണം കൊടുക്കുന്നവര്‍ പിരിവുകാരെ വിശ്വാാസത്തിലെടുക്കുന്നുണ്ടാകും. കൊടുക്കുന്ന പണം ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്.

നിയന്ത്രണമില്ലാതെ ക്രൗഡ് ഫണ്ടിംഗ് നടത്തുന്നത് വിലയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗുജറാത്ത് ഹൈക്കോടതി ഈയിടെ നിരീക്ഷിച്ചിരുന്നുവെന്ന് ഓര്‍ക്കണം. ക്രൗഡ് ഫണ്ടിംഗ് ആര്‍ക്കും എപ്പോഴും എങ്ങനെയും നടത്താന്‍ പറ്റുമോ എന്ന് ഗുജറാത്ത് ഹൈക്കോടതി ചോദിച്ചത് മൂന്നു മാസം മുമ്പാണ്. ഒരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഒരു കോടിയോളം രൂപ പൊതു ആവശ്യത്തിന് സമാഹരിക്കുകയും ആ തുക ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയുമാണ് ചെയ്തത്.

സംഭാവന നല്‍കിയ ഒരു സ്ത്രീ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പല രാജ്യങ്ങളിലും ക്രൗഡ് ഫണ്ടിംഗ് നിയന്ത്രിക്കാന്‍ നിയമങ്ങളുണ്ട്. ഇന്ത്യയില്‍ ഇത്തരം നിയമങ്ങളില്ലെന്നും അതു വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായിട്ടുണ്ട്. ഈ കേസില്‍ കോടതിയുടെ വിധി വന്നിട്ടില്ല.

ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് സംഭാവന സ്വീകരിക്കാനുള്ള ആരോഗ്യകരമായ വഴിയല്ലെന്ന് മദ്രാസ് ഹൈക്കോടതി ഈയിടെ നിരീക്ഷിച്ചിട്ടുണ്ട്. ഒരു ക്ഷേത്രത്തിലെ പ്രതിമകള്‍ പുനഃസ്ഥാപിക്കാനാണ് ഇദ്ദേഹം യൂ ട്യൂബ് വഴി ഫണ്ട് ശേഖരണം നടത്തിയത്.

ഗുരുതരവാസ്ഥയിലുള്ള രോഗികള്‍ക്കായി ക്രൗഡ് ഫണ്ടിംഗ് നടത്തുന്നതിനെ നിയന്ത്രിക്കാന്‍ സംവിധാനം വേണമെന്ന് കേരള ഹൈക്കോടതി തന്നെ മുമ്പ് സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ അക്കൗണ്ടുകള്‍ ഉപയോഗിച്ചു നടത്തുന്ന ക്രൗഡ് ഫണ്ടിംഗ് നിരീക്ഷിക്കാന്‍ ആരിഫ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ആ കേസില്‍ ഹൈക്കോടതി പറഞ്ഞത് ഇങ്ങനെയാണ് -ക്രൗഡ് ഫണ്ടിംഗ് പ്രവര്‍ത്തനം തടയാന്‍ കോടതി ഉദ്ദേശിക്കുന്നില്ല. സ്വകാര്യവ്യക്തികളുടെ എക്കൗണ്ടിലേക്ക് പോകുന്നതിനു പകരം ഫണ്ട് ഗവണ്മെന്റിലേക്ക് പോകണം. സ്വകാര്യ വ്യക്തികള്‍ ആവശ്യക്കാര്‍ക്ക് അതു കൊടുക്കാനും കൊടുക്കാതിരിക്കാനും സാധ്യതയുണ്ട്.

അന്നു കോടതി കൃത്യമായി പറഞ്ഞത് ഇങ്ങനെയാണ്: കണ്ട അണ്ടനും അടകോടനുമൊക്കെ (Every Tom, Dick and Harry) കുട്ടികളുടെ അപൂര്‍വ രോഗത്തിന്റെ ചികിത്സക്ക് എന്നു പറഞ്ഞു ഫണ്ട് പിരിക്കുന്നു. അത്തരം ഇടപാടുകളുടെ മേല്‍ എന്തെങ്കിലും നിയന്ത്രണം സര്‍ക്കാരിനുണ്ടോ. പിരിച്ചെടുക്കുന്ന ഈ തുക മുഴുവന്‍ എങ്ങോട്ടാണ് പോകുന്നത് എന്ന് അന്വേഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.

ഏതായാലും താന്‍ ഉയര്‍ത്തിയ വിഷയവുമായി മുന്നോട്ടു പോകുമെന്ന് ഷുക്കൂര്‍ വക്കീല്‍ അറിയിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Opinion/
വയനാട് ദുരിതത്തിന്റെ പണപ്പിരിവിൽ ഷുക്കൂർ വക്കീലിന്റെ കേസ് കോടതി തള്ളിയതെന്തുകൊണ്ട്?
Open in App
Home
Video
Impact Shorts
Web Stories