ജനങ്ങൾ വിഡ്ഢികളാണോ? വയനാട് പിരിവ് ഹർജി ചീപ് പബ്ലിസിറ്റിയെന്ന് ഹൈക്കോടതി; ഷുക്കൂർ വക്കീൽ 25,000 രൂപ CMDRFലേക്ക് അടയ്ക്കണം
- Published by:Rajesh V
- news18-malayalam
Last Updated:
സിനിമാ നടനും അഭിഭാഷകനുമായി സി ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പിഴയോടെ നിരസിച്ചത്. ഹർജിക്കാരനെ നിശിതമായി വിമർശിച്ച കോടതി, 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊടുക്കാനും നിർദേശിച്ചു.
കൊച്ചി: വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും അഭിഭാഷകനുമായ സി ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരനോട് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും കോടതി നിർദേശിച്ചു. നിശിതമായ വിമർശനമാണ് ഹർജിക്കാരനെതിരെ കോടതി നടത്തിയത്.
ഹർജിയിൽ എന്ത് പൊതുതാൽപര്യമാണുള്ളതെന്ന് ആരാഞ്ഞ ഹൈക്കോടതി, സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നത് എന്തിനാണെന്നും ഹർജിക്കാരനോട് ചോദിച്ചു.
വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഈ ഹർജി പൊതുതാൽപര്യത്തിനല്ലെന്നും മറിച്ച് പ്രശസ്തിക്ക് വേണ്ടിയാണെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.
ഫണ്ട് ദുരുപയോഗം ആരോപിക്കപ്പെടുന്നതിന് തെളിവുകളൊന്നും നൽകുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് പ്രശസ്തി ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. കോടതിയുടെ സമയം വെറുതെ പാഴാക്കുകയാണെന്നും കോടതി വാക്കാൽ വിമർശിച്ചു.
advertisement
വിവിധ സ്വകാര്യ വ്യക്തികളും സംഘടനകളും, പലപ്പോഴും മതപരമോ രാഷ്ട്രീയമോ ആയ ബാനറുകൾക്ക് കീഴിൽ, ശരിയായ ഉത്തരവാദിത്തമോ മാനേജ്മെൻ്റോ ഇല്ലാതെ കോടിക്കണക്കിന് രൂപ ശേഖരിച്ചുവെന്ന് ഹർജിയിൽ അവകാശപ്പെട്ടു. സിഎംഡിആർഎഫ് വഴി സർക്കാർ ഇതിനകം ഫണ്ട് ശേഖരിക്കുന്നുണ്ടെങ്കിലും ഒന്നിലധികം അസോസിയേഷനുകളും സ്വകാര്യ സ്ഥാപനങ്ങളും ആഗോളതലത്തിൽ സമാന്തരമായി സംഭാവനകൾ അഭ്യർത്ഥിക്കുന്നുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു.
ഇരകളുടെ പ്രയോജനത്തിനായി വ്യക്തികൾ സ്വകാര്യ പിരിവുകൾ നടത്തുന്നത് തടയുന്ന എന്തെങ്കിലും നിയമമുണ്ടോയെന്ന് കോടതി ഹർജിക്കാരനോട് ആരാഞ്ഞു. “ നിങ്ങളുടെ സുഹൃത്ത് ആശുപത്രിയിലാണെന്ന് കരുതുക, നിങ്ങൾ ആൾക്കൂട്ടത്തിൽ നിന്നാണ് പണം കണ്ടെത്തുന്നത്… എന്തിനാണ് നിയന്ത്രണം? അതൊരു നിയമവിരുദ്ധ പ്രവർത്തനമല്ല.” -കോടതി വാക്കാൽ പറഞ്ഞു, ജനങ്ങള്‍ വിഡ്ഢികളാെണെന്നാണോ കരുതുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
advertisement
ഭരണഘടനയുടെ 226-ാം അനുച്ഛേദം ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹരജിക്കാരനോട് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആർഎഫ്) അടയ്ക്കാൻ നിർദേശിക്കുകയുമായിരുന്നു. ഇന്ന് മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക അടച്ചില്ലെങ്കിൽ ഹരജിക്കാരനിൽ നിന്ന് അത് ഈടാക്കാൻ തയാറാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 09, 2024 3:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജനങ്ങൾ വിഡ്ഢികളാണോ? വയനാട് പിരിവ് ഹർജി ചീപ് പബ്ലിസിറ്റിയെന്ന് ഹൈക്കോടതി; ഷുക്കൂർ വക്കീൽ 25,000 രൂപ CMDRFലേക്ക് അടയ്ക്കണം