തിരക്ക് നിയന്ത്രിക്കാന്‍ 8000-ല്‍ പരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ക്ഷേത്രപരിസരത്ത് വിന്യസിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് പ്രസാദും ക്രമസമാധാന വകുപ്പ് ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാറും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അയോധ്യയിലെത്തി. തീര്‍ഥാടകര്‍ക്ക് ഇവിടേക്ക് എത്തിച്ചേരുന്നതിന് യാതൊരുവിധ തടസങ്ങളും നേരിടാതിരിക്കാന്‍ അവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.
വൈകിട്ട് 4.40നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രത്തില്‍ എത്തിയത്. ഹെലികോപ്ടറില്‍ നിരീക്ഷണം നടത്തിയശേഷമാണ് അദ്ദേഹം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. ക്ഷേത്രദര്‍ശനം നടത്താന്‍ തിരക്കുകൂട്ടരുതെന്ന് അദ്ദേഹം ജനക്കൂട്ടത്തോട് അഭ്യര്‍ഥിച്ചതായി റിപ്പോര്‍ട്ടിൽ പറയുന്നു. തിരക്ക് സാധാരണനിലയിലായതിനു ശേഷം അയോധ്യയിലേക്ക് സ്വാഗതമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആവശ്യമായ സജ്ജീകരണം ഒരുക്കുന്നതിനും നടത്തിയ ശ്രമങ്ങള്‍ വിലയിരുത്തുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും ഭരണ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ത്തു. ആള്‍ക്കൂട്ടത്തിന് കാത്തുനില്‍ക്കാനുള്ള സൗകര്യം സജ്ജമാക്കുന്നുണ്ട്. അതിനാല്‍ ഒരേസമയം 50000 പേര്‍ വന്നാല്‍ അവരെ വിവിധ പ്രവേശന കവാടങ്ങളിലൂടെയും മറ്റുമായി ദര്‍ശനം സാധ്യമാക്കുന്നവിധത്തില്‍ സംവിധാനമൊരുക്കുമെന്ന് ഡിജിപി വിജയ് കുമാര്‍ പറഞ്ഞു.
പുലര്‍ച്ചെ മൂന്ന് മണിമുതല്‍ തീര്‍ഥാടകരുടെ വലിയ നിരയാണ് ക്ഷേത്രത്തിന്റെ മുമ്പില്‍ ആദ്യദിനമുണ്ടായിരുന്നത്. ക്ഷേത്രത്തിന് തൊട്ടടുത്തു നിന്നുള്ളവരും ദൂരദേശങ്ങില്‍ നിന്നുള്ളവരും അതില്‍ ഉള്‍പ്പെടുന്നു. ക്ഷേത്രത്തില്‍ നിന്നും ആറുകിലോമീറ്റര്‍ അകലെ വാഹനങ്ങള്‍ തടഞ്ഞതിനാല്‍ കാല്‍നടയായാണ് തീര്‍ഥാടകര്‍ ഇവിടേക്ക് എത്തുന്നത്.
രാവിലെ ഏഴുമണി മുതലാണ് ദര്‍ശന സമയം ക്രമീകരിച്ചിരുന്നതെങ്കിലും തിരക്ക് മൂലം 6.30ന് തന്നെ ഗേറ്റ് തുറന്ന് നല്‍കേണ്ടി വന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 11 മണിക്ക് ദര്‍ശനം അവസാനിച്ചെങ്കിലും നീണ്ട നിര അപ്പോഴും ദൃശ്യമായിരുന്നു. എന്നാല്‍, പുലര്‍ച്ചെ രണ്ട് മണിക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗേറ്റ് വീണ്ടും തുറന്ന് നല്‍കി. ക്ഷേത്രത്തിനുള്ളിൽ ഫോണുമായി പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. എന്നാല്‍, തിരക്ക് വര്‍ധിച്ചതോടെ ഫോണ്‍ കൂടി എടുക്കാന്‍ അനുവദിക്കണമെന്ന് തീര്‍ഥാടകര്‍ ആവശ്യപ്പെട്ടു.