അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി ശാസ്ത്രസംഘം നടത്തിയത് പഴുതടച്ച പരിശോധനകളാണ്. വൻ ഡാമുകളിലും ന്യൂക്ലിയർ പ്ലാന്റുകളിലും നടത്തുന്ന മുൻകൂർ പരിശോധനകളാണ് സംഘം ഇതിനായി സ്വീകരിച്ചത്. മൂന്ന് വർഷം മുൻപ്, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ലബോറട്ടറി (National Geophysical Research Laboratory (NGRI) ) യിലെ ഒരു സംഘം ശാസ്ത്രജ്ഞർ അയോധ്യയിൽ എത്തിയിരുന്നു. വലിയ പാലങ്ങൾ, അണക്കെട്ടുകൾ, ആണവ നിലയങ്ങൾ എന്നിവയുടെ നിർമാണത്തിനു മുന്നോടിയായി നടത്തുന്ന പരിശോധനകളാണ് അവർ അയോധ്യയിൽ നടത്തിയത്.
advertisement
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ കീഴിൽ 1961-ലാണ് ഗവേഷണ സ്ഥാപനമായ എൻജിആർഐ രൂപീകരിക്കപ്പെട്ടത്. ഇവിടുത്തെ ശാസ്ത്രജ്ഞരാണ് 2020 നവംബറിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണ സ്ഥലം സന്ദർശിക്കാൻ എത്തിയത്. അയോധ്യയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകകളും മണ്ണും അന്തരീക്ഷവുമെല്ലാം വിലയിരുത്തി, അതേക്കുറിച്ച് പഠിക്കുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനും ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്രം എൻജിആർഐയുമായി ബന്ധപ്പെട്ടിരുന്നു.
2019 നവംബറിലെ സുപ്രീം കോടതി വിധിക്കു പിന്നാലെ, ഭൂകമ്പ സാധ്യതകൾ നിർണയിക്കുന്നതിനുള്ള വിവിധ പരിശോധനകൾ നടത്താനായി, എൻജിആർഐയിലെ 25-ലധികം ശാസ്ത്രജ്ഞരും സാങ്കേതിക ഉദ്യോഗസ്ഥരും അയോധ്യയിൽ എത്തിയിരുന്നു. "ഞങ്ങൾ 2020 ഡിസംബറിലാണ് പരിശോധന നടത്തിയത്. 2021 ജനുവരി ആദ്യം റിപ്പോർട്ട് സമർപ്പിച്ചു," അയോധ്യയിലെത്തിയ സംഘത്തെ നയിച്ച എൻജിആർഐയിലെ ചീഫ് സയന്റിസ്റ്റ് ആനന്ദ് കുമാർ പാണ്ഡെ മണി കൺട്രോളിനോട് പറഞ്ഞു. രാമക്ഷേത്രം പണികഴിപ്പിക്കുന്ന സ്ഥലത്ത് എൻജിആർഐ ശാസ്ത്രജ്ഞർ ആഴ്‌ചകൾ നീണ്ടു നിന്ന പരിശോധനകളാണ് നടത്തിയത്.
ഭൂഗർഭശാസ്ത്രം, ജിയോമോർഫോളജി, റിമോട്ട് സെൻസിംഗ് എന്നിവെക്കുറിച്ചെല്ലാം അറിയാൻ ഇവർ നിരവധി പരീക്ഷണങ്ങൾ നടത്തി. റഡാറുകളും ക്രെയിനിൽ ഘടിപ്പിച്ച ഭീമൻ ജനറേറ്ററുകളുമെല്ലാം ഇതിനായി ഉപയോഗിച്ചിരുന്നു. ഗ്രൗണ്ട് പെനട്രേഷൻ റഡാർ സ്റ്റഡി (Ground Penetration Radar study) ആണ് അയോധ്യയിൽ ശാസ്ത്രജ്ഞർ നടത്തിയ പരിശോധനകളിൽ ഒന്ന്. മണ്ണിലെ വിവിധ പാളികളെക്കുറിച്ചും അതിലുള്ള ഈർപ്പത്തിന്റെ അളവിനെക്കുറിച്ചും അറിയാനും മണ്ണിന്റെ പാളിയുടെ സ്വാഭാവിക ഘടനയിൽ എന്തെങ്കിലും തടസമുണ്ടോ എന്ന് മനസിലാക്കാനും ഇലക്ട്രോ-മാജനിക് പൾസ് ആണ് ശാസ്ത്രജ്ഞർ ഉപയോഗപ്പെടുത്തിയത്.
ഭൂമിക്കടിയിലുള്ള പാറകൾക്ക് എത്രത്തോളം ബലമുണ്ടെന്ന് മനസിലാക്കാൻ കൃത്രിമ ഷിയർ വേവുകളാണ് (artificial shear waves) ഉപയോഗപ്പെടുത്തിയത്. മണ്ണിലെയും പാറയുടെയും ഈർപ്പവും ഗുണങ്ങളും മനസിലാക്കുന്നതിന് ഡീപ് റെസിസ്റ്റിവിറ്റി സൗണ്ടിംഗും (Deep Resistivity Sounding) ഇലക്ട്രിക്കൽ റെസിസ്റ്റിവിറ്റിയും ഐപി ടോമോഗ്രഫിയും (Electrical Resistivity and IP Tomography) ശാസ്ത്രജ്ഞർ ഉപയോപ്പെടുത്തി. ശാസ്ത്രസംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ഹൈദരാബാദിലെ എൻജിആർഐ ലബോറട്ടറിയിൽ വെച്ച് ക്ഷേത്രത്തിന്റെ മോഡലുകൾ നിർമിച്ച് ഓൺ-സൈറ്റ് പഠനങ്ങൾ നടത്തി. ഭൂകമ്പ സാധ്യതകൾ മനസിലാക്കാനായി കൺസ്ട്രക്ഷൻ കമ്പനികളും അവരുടേതായ മോഡലുകൾ ഉണ്ടാക്കിയിരുന്നു.