അയോധ്യയിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മുംബൈയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിഐപി വിമാനങ്ങള്‍ എത്തിച്ചേര്‍ന്നതെന്ന് സ്വീഡിഷ് പ്ലെയിന്‍ ട്രാക്കര്‍ ഫ്‌ളൈറ്റ്‌റഡാര്‍ 24നെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈയില്‍ നിന്ന് അയോധ്യയിലേക്ക് എത്തിച്ചേര്‍ന്ന 13 സ്വകാര്യ ജെറ്റുകളില്‍ ആറെണ്ണം ജനുവരി 21-നും ശേഷിക്കുന്ന ഏഴെണ്ണം 22-നുമാണ് അയോധ്യയില്‍ എത്തിച്ചേര്‍ന്നത്. രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട്, വിക്കി കൗശല്‍-കത്രീന കൈഫ് എന്നിവരുടെ സ്വകാര്യ ജെറ്റുകളും തിങ്കളാഴ്ചയാണ് എത്തിച്ചേര്‍ന്നത്.
മുംബൈയക്ക് ശേഷം ഏറ്റവും കൂടുതല്‍ സ്വകാര്യ ജെറ്റുകള്‍ അയോധ്യയിലേക്ക് എത്തിയത് ഹൈദരാബാദില്‍ നിന്നാണ്, ഏഴെണ്ണം. ഡല്‍ഹിയില്‍ നിന്ന് അഞ്ചും, ലഖ്‌നൗവില്‍ നിന്ന് നാലും ജാംനഗറില്‍ നിന്ന് മൂന്നും ലണ്ടന്‍, ജോധ്പുര്‍, ഭോപ്പാല്‍, ട്രിച്ചി, ബെംഗളൂരു, ഡെറാഡൂൺ, ഭുവനേശ്വര്‍ എന്നിവടങ്ങളില്‍ നിന്ന് ഓരോ സ്വകാര്യ ജെറ്റുകളുമാണ് അയോധ്യയിലെ വിമാനത്താവളത്തില്‍ എത്തിയത്. ഇവയില്‍ അത്യാഡംബര വിമാനങ്ങളായ ഗള്‍ഫ്‌സ്ട്രീം G650ER, എംബ്രയര്‍ ലെഗസി 600, എംബ്രയര്‍ ലീനിയേജ് 1000, ബീച്ച്ക്രാഫ്റ്റ് സൂപ്പര്‍ കിംഗ് എയര്‍ 200, ബൊംബാര്‍ഡിയര്‍ മോഡലുകളും ഉള്‍പ്പെടുന്നു.
advertisement
പാര്‍ക്കിങ്ങിന് സ്ഥലം തികയാതെ വന്നതിനാല്‍ വന്നെത്തിയ വിമാനങ്ങളില്‍ ഭൂരിഭാഗവും ഖൊരക്പുര്‍, കാണ്‍പുര്‍, ലഖ്‌നൗ, ഡല്‍ഹി എന്നിവടങ്ങളിലാണ് പാര്‍ക്ക് ചെയ്തത്. അയോധ്യയിലെ വിമാനത്താവളത്തില്‍ ഒരു സമയം എട്ട് വിമാനങ്ങളാണ് പാര്‍ക്ക് ചെയ്യാന്‍ കഴിയുക. നിരവധി വിമാനങ്ങള്‍ ലഖ്‌നൗവിലും എത്തിയിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് അയോധ്യയിലേയ്ക്ക് യാത്രയ്ക്കായി മറ്റ് മാര്‍ഗങ്ങൾ തിരഞ്ഞെടുക്കുകയായിരുന്നു. ഇവയില്‍ കുറഞ്ഞത് മൂന്ന് ആഡംബര വിമാനങ്ങള്‍ ഒരു ബിസിനസ് കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ശേഷിക്കുന്നവ എയര്‍ ടാക്‌സി ഓപ്പറേറ്റര്‍മാര്‍ വഴി എത്തിയതാണ്. അമിതാഭ് ബച്ചന്‍, രജനീകാന്ത്, രാം ചരണ്‍, ചിരഞ്ജീവി, പ്രഭാസ്, ധനുഷ് തുടങ്ങിയവരെല്ലാം ചാര്‍ട്ടേഡ് വിമാനത്തിലാണ് എത്തിയത്.
ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, വെങ്കിടേഷ് പ്രസാദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. അയോധ്യയിലെത്തുന്നവരെ ഇറക്കിയശേഷം ജെറ്റുകള്‍ക്ക് രാത്രി പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കണ്ടെത്തണമെന്ന് 1000 കിലോമീറ്റര്‍ പരിധിയിലുള്ള വിമാനത്താവളങ്ങളോട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ) ആവശ്യപ്പെട്ടിരുന്നു. യുപി, ബിഹാര്‍, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ 12 വിമാനത്താവളങ്ങളാണ് ഇത്തരത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നത്. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിആര്‍എസ് വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ വിമാനത്തിലാണ് ഒരു കൂട്ടം ബോളിവുഡ് താരങ്ങള്‍ അയോധ്യയില്‍ എത്തിയത്. ഇതിൽ 14 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ട്.
