2016 മുതല്‍ തുടരെ മൂന്ന് വർഷം പ്ലേ ഓഫ് കളിച്ച ടീം അവസാന രണ്ട് സീസണിലും ലീഗ് സ്റ്റേജില്‍ പുറത്തായി. ഗംഭീര്‍ പോയ ശേഷം നെടുംതൂൺ നഷ്ടപെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഓയിന്‍ മോര്‍ഗന്റെ ക്യാപ്റ്റന്‍സിയില്‍ ഈ വര്‍ഷം വമ്പൻ തിരിച്ചുവരവാണ് ആഗ്രഹിക്കുന്നത്. എന്നാൽ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിന്റെ പ്ലേഓഫ് സാധ്യതകളെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.
ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്താൻ സാധിക്കാതെ നാലോ അഞ്ചോ സ്ഥാനങ്ങളിലാകും കൊൽക്കത്തയുടെ സ്ഥാനം എന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് തന്നെ പ്ലേ ഓഫിലേക്ക് ഒരു 50-50 സാധ്യതയാണ് നില നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
"പോയിന്റ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് അവര്‍ പ്ലേ ഓഫിലേക്ക് മുന്നേറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ലീഗ് ഘട്ടത്തിന്റെ അവസാനത്തോടെ ചില വിജയങ്ങള്‍ നേടി നാലാം സ്ഥാനത്തില്‍ വരെ ഫിനിഷ് ചെയ്ത് കെ കെ ആര്‍ പ്ലേഓഫില്‍ ചിലപ്പോള്‍ കടന്നുകൂടാനാണ് സാധ്യത. പ്ലേ ഓഫില്‍ കടക്കാന്‍ 50-50 സാധ്യത മാത്രമേ ഞാന്‍ കൊല്‍ക്കത്ത ടീമിന് നല്‍കൂ," ആകാശ് ചോപ്ര വിശദമാക്കി.
യുഎഇയില്‍ നടന്ന കഴിഞ്ഞ ഐ.പി.എല്‍. സീസണില്‍ ബാറ്റിങ്ങിന്റെ എല്ലാ മേഖലകളിലും താളം നഷ്ടപ്പെട്ട ടീമായിരുന്നു കൊല്‍ക്കത്ത. നല്ലൊരു ഓപ്പണിങ് കോമ്പിനേഷന്‍ കണ്ടെത്തുന്നതിനും, സന്തുലിതമായ മധ്യ നിരയെ ഉണ്ടാക്കുന്നതിനും, മികച്ച ഒരു ഫിനിഷറെ കണ്ടെത്താനും ടീമിന് സാധിച്ചിരുന്നില്ല. ആദ്യ ഏഴ് മത്സരങ്ങള്‍ക്ക് ശേഷം ദിനേശ് കാര്‍ത്തിക്കിന് പകരം ഓയിന്‍ മോര്‍ഗനെ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. അതും ടീമിനെ പ്ലേയോഫിലേക്ക് എത്താന്‍ സഹായിച്ചില്ല. മുന്‍ സീസണുകളില്‍ കൊല്‍ക്കത്തക്ക് വേണ്ടി തിളങ്ങിയ വെസ്റ്റ് ഇന്‍ഡീസ് കരുത്തരായ ആന്ദ്രേ റസ്സലിന്റെയും സുനില്‍ നരെയ്ന്റെ മോശം ഫോമും ടീമിന് വിനയായിരുന്നു.
മുഴുവന്‍ സമയം ക്യാപ്റ്റനായി ഓയിന്‍ മോര്‍ഗന്‍ എത്തുന്നു എന്നതാണ് കൊല്‍ക്കത്തയുടെ ഏറ്റവും വലിയ കരുത്ത്. ലോക ഒന്നാം നമ്പർ ടീമിന്റെ നായകനാണ് ഓയിൻ മോർഗൻ. വമ്പൻ സ്പിൻ നിരയും കെകെആറിന്റെ പക്കൽ ഇത്തവണ ഉണ്ട്. സുനിൽ നരെയ്ൻ, ഹർഭജൻ സിങ്ങ്, ഷക്കിബ് അൽ ഹസ്സൻ, വരുൺ ചക്രബർത്തി, കുൽദീപ് യാദവ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
English summary: Aakash Chopra labelled KKR as a mid-table team, reckoned that the franchise has a 50:50 chance of making it at the No 4 spot
