മിലാൻ ടീമുകൾ തമ്മിലുള്ള കിടപ്പോരാട്ടമായി മാറിയിരുന്ന കിരീടപ്പോര് ലീഗിലെ അവസാന മത്സരം വരെ നീണ്ടതോടെ ഏത് മിലാൻ ടീമാകും കിരീടം ചൂടുകയെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. അവസാന മത്സരത്തിൽ സമനില കൊണ്ട് പോലും കിരീടം നേടാമെന്ന മുൻതൂക്കം എസി മിലാനുണ്ടായിരുന്നു. എന്നാൽ സസോളയുടെ പോസ്റ്റിൽ അവർ മൂന്ന് ഗോളുകളാണ് കോരിയിട്ടത്. ഇരട്ട ഗോളുകൾ നേടിയ ഫ്രഞ്ച് താരം ഒലിവർ ജിറൂദാണ് മിലാന്റെ ജയം ആധികാരികമാക്കിയത്. മൂന്നാം ഗോൾ ഫ്രാങ്ക് കെസ്സിയയുടെ ബൂട്ടിൽ നിന്നായിരുന്നു. 38 മത്സരങ്ങളിൽ നിന്നും 86 പോയിന്റുമായാണ് മിലാൻ സീരി എയിലെ തങ്ങളുടെ 19-ാ൦ കിരീടം ചൂടിയത്.
advertisement
അവസാന മത്സരത്തിൽ ഇന്റർ മിലാനും (Inter Milan) ജയം നേടിയെങ്കിലും എസി മിലാൻ ജയിച്ചതോടെ അവർക്ക് കിരീടം രണ്ട് പോയിന്റ് അകലെ നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ സീസണിൽ കിരീടമുയർത്തിയ ഇന്റർ എതിരില്ലാത്ത മൂന്ന് ഗോളിന് സാംപ്ദോറിയയെ തോൽപിച്ചു. യോക്വിം കൊറേയ നേടിയ ഇരട്ട ഗോളുകളുടെ മികവിലാണ് ഇന്ററിന്റെ ജയം. ഇവാൻ പെരിസിച്ചാണ് ഇന്ററിനായി ആദ്യ ഗോൾ നേടിയത്. 84 പോയിന്റുമായാണ് ഇന്റർ രണ്ടാം സ്ഥാനത്തെത്തിയത്.
75-ാ൦ മിനിറ്റ് വരെ പിന്നിൽ, ശേഷം അഞ്ച് മിനിറ്റിനിടെ മൂന്ന് ഗോളുകൾ; പ്രീമിയർ ലീഗ് കിരീടാരോഹണം കൊഴുപ്പിച്ച് സിറ്റി
ഇംഗ്ലീഷ് പ്രീമിയർ ലീഗ് (Premier League) ഫുട്ബോൾ കിരീടം നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി (Manchester City). ആവേശകരമായ അവസാന റൗണ്ട് പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് സിറ്റി കിരീടം ചൂടിയത്. ആവേശകരവും നാടകീയവുമായ നിമിഷങ്ങൾക്കൊടുവിലായിരുന്നു സിറ്റിയുടെ കിരീടധാരണം. 75-ാ൦ മിനിറ്റ് വരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അവിശ്വസനീയ തിരിച്ചുവരവായിരുന്നു സിറ്റി നടത്തിയത്. പിന്നീട് അഞ്ച് മിനിറ്റുകൾക്കിടെ മൂന്ന് ഗോളുകൾ നേടിയ അവർ മത്സരവും തങ്ങളുടെ എട്ടാം പ്രീമിയർ ലീഗ് കിരീടവും സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിൽ നേടിയ ജയത്തോടെ മൊത്തം 93 പോയിന്റ് നേടിയ സിറ്റി രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിനെ (Liverpool) കേവലം ഒരു പോയിന്റിന് മറികടന്നാണ് കിരീടം ചൂടിയത്. ലിവർപൂളിന് 92 പോയിന്റാണ് ഉണ്ടായിരുന്നത്. വോൾവ്‌സിനെതിരായ അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ ജയമാണ് ചെമ്പട നേടിയത്. ആസ്റ്റൺ വില്ലയ്‌ക്കെതിരെ സിറ്റി തോൽവി വഴങ്ങിയിരുന്നെങ്കിൽ ലിവർപൂളിന് കിരീടം ചൂടാനുള്ള അവസരമുണ്ടായിരുന്നു.