നവംബർ ആദ്യവാരം നെതർലാൻഡ്‌സിൽ നടന്ന റാഷിദ് ഖാൻ ചാരിറ്റി ഫൗണ്ടേഷന്റെ ഉദ്ഘാടന ചടങ്ങിൽ ഒരു യുവതിയോടൊപ്പമുള്ള റാഷിദിന്റെ ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശ്രദ്ധ നേടിയിരുന്നു. അഫ്ഗാൻ പരമ്പരാഗത വസ്ത്രം ധരിച്ച, എന്നാൽ ശിരോവസ്ത്രം ഇല്ലാത്ത ഒരു സ്ത്രീയോടൊപ്പം താരം ഇരിക്കുന്നതാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. അഫ്ഗാൻ സംസ്കാരത്തിൽ ശിരോവസ്ത്രം ഇല്ലാതെ പ്രത്യക്ഷപ്പെടുന്നത് സാധാരണയായി അനുവദനീയമല്ല.
പിന്നാലെ ഈ യുവതിയുടെ ഐഡന്റിറ്റിയെക്കുറിച്ച് ഊഹാപോഹങ്ങൾ ശക്തമാവുകയും റാഷിദ് വീണ്ടും വിവാഹിതനായെന്ന കിംവദന്തികൾ പ്രചരിക്കുകയും ചെയ്തു.
advertisement
ഇപ്പോൾ, അഫ്ഗാനിസ്ഥാന്റെ ഈ മാച്ച് വിന്നർ അഭ്യൂഹങ്ങൾക്കെല്ലാം വ്യക്തത വരുത്തി രംഗത്തുവന്നിരിക്കുകയാണ്. താൻ രണ്ടാമതും വിവാഹിതനായെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. വിവാഹ ദിവസത്തെ ചിത്രങ്ങളുടെയും വീഡിയോയുടെയും ഒരു പരമ്പര സഹിതം പുറത്തിറക്കിയ കുറിപ്പിൽ, ആളുകൾ തന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് നടത്തിയ നിർഭാഗ്യകരമായ വ്യാഖ്യാനങ്ങളെ കുറിച്ച് ദുഃഖവും റാഷിദ് രേഖപ്പെടുത്തി.
"ഓഗസ്റ്റ് 2-ന് എന്റെ ജീവിതത്തിൽ ഒരു പുതിയതും അർത്ഥവത്തായതുമായ അധ്യായം ആരംഭിച്ചു. ഞാൻ നിക്കാഹ് ചെയ്തു, ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്ന സ്നേഹം, സമാധാനം, പങ്കാളിത്തം എന്നിവ ഉൾക്കൊള്ളുന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ചു," റാഷിദ് കുറിച്ചു.
"ഞാൻ അടുത്തിടെ എന്റെ ഭാര്യയെ ഒരു ചാരിറ്റി പരിപാടിയിൽ കൊണ്ടുപോയപ്പോൾ, വളരെ ലളിതമായ ഒരു കാര്യത്തിൽ നിന്ന് ഊഹാപോഹങ്ങൾ ഉണ്ടാക്കുന്നത് കാണേണ്ടി വന്നത് നിർഭാഗ്യകരമാണ്. സത്യം ലളിതമാണ്, അവൾ എന്റെ ഭാര്യയാണ്, ഞങ്ങൾ ഒന്നും മറച്ചുവെക്കാനില്ലാതെ ഒരുമിച്ചു നിൽക്കുന്നു. ദയയും പിന്തുണയും മനസ്സിലാക്കലും കാണിച്ച എല്ലാവർക്കും നന്ദി."
ഭാര്യയുടെ സ്വകാര്യതയെയും സാംസ്കാരിക പാരമ്പര്യങ്ങളെയും മാനിക്കുന്നതിന്റെ ഭാഗമായി റാഷിദ് തന്റെ രണ്ടാം ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയില്ല. എന്നാൽ താൻ പങ്കാളിയിൽ അന്വേഷിച്ച എല്ലാ ഗുണങ്ങളും അവൾക്കുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. 26 വയസ്സുകാരനായ റാഷിദ് ഖാൻ 2024 ഒക്ടോബറിൽ തന്റെ മുറപ്പെണ്ണിനെ വിവാഹം കഴിച്ചതായി പ്രഖ്യാപിച്ചിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, റാഷിദിന്റെ മൂന്ന് സഹോദരന്മാരായ അമീർ ഖലീൽ, സക്കിയുള്ള, റാസ ഖാൻ എന്നിവരും കാബൂളിലെ ഇംപീരിയൽ കോണ്ടിനെന്റൽ ഹോട്ടലിൽ വെച്ച് കുടുംബം ഒരുക്കിയ ഗംഭീരമായ ചടങ്ങിൽ അതേ ദിവസം തന്നെ വിവാഹിതരായി. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥരും മുതിർന്ന താരം മുഹമ്മദ് നബി ഉൾപ്പെടെയുള്ള റാഷിദിന്റെ സഹതാരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു.
