ജൂൺ 17-ന് ശ്രീലങ്ക സ്വന്തം നാട്ടിൽ ബംഗ്ലാദേശിനെ നേരിടുന്നതോടെ സീസണിന് തുടക്കമാകും. ജൂൺ 20-ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെ ഇന്ത്യയുടെ കളികൾക്കും തുടക്കമാകും.ഒമ്പത് ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഇന്ത്യ 18 ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ന്യൂസിലാൻഡ് എന്നിവർക്കെതിരെ രണ്ട് ടെസ്റ്റ് വീതവും ഓസ്ട്രേലിയ ഇംഗ്ളണ്ട് എന്നിവർക്കെതിര 5 ടെസ്റ്റുകൾ വീതവുമാണിള്ളത്. ബംഗ്ലാദേശുമായോ പാകിസ്ഥാനുമായോ ഇന്ത്യക്ക് ഷെഡ്യൂൾ ചെയ്ത മത്സരങ്ങളൊന്നുമില്ല.
22 ടെസ്റ്റുകൾ കളിക്കുന്ന ഓസ്ട്രേലിയയ്ക്കാണ് ഏറ്റവും കൂടുതൽ മത്സരങ്ങളുള്ളത്. നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്ക 14 ടെസ്റ്റുകളിലാണ് കളിക്കുന്നത്. ഇംഗ്ലണ്ടിന്റെ 21 മത്സരങ്ങളും ബംഗ്ലാദേശിന് 12ഉം ന്യൂസിലൻഡിന്റെ 16ഉം പാകിസ്ഥാന് 13ഉം വെസ്റ്റ് ഇൻഡീസിന് 14ഉം ശ്രീലങ്കയ്ക്ക് 12ഉം മത്സരങ്ങളാണുള്ളത്.
advertisement
ഇന്ത്യയുടെ സൂപ്പർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, ആർ.അശ്വിൻ എന്നിവരില്ലാതെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ ഇറങ്ങുന്നത്. കരുത്തൻമാരായ ഓസ്ട്രേലിയ, ഇംഗ്ളണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ പ്രധാന പരമ്പരകൾ. പുതിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് കടുത്ത വെല്ലുവിളിയാകും നേരിടേണ്ടി വരിക. വെസ്റ്റ് ഇൻഡീസും ശ്രീലങ്കയുമാണ് ഇന്ത്യയുടെ മറ്റ് എതിരാളികൾ. പാകിസ്ഥാനും ബംഗ്ളാദേശിനുമെതിരെ ഇന്ത്യയ്ക്ക് മത്സരങ്ങളില്ല.ഇംഗ്ലണ്ട്, ന്യൂസീലൻഡ് ടീമുകളെ അവരുടെ നാട്ടിലാണ് നേരിടേണ്ടി വരിക എന്നത് കാര്യങ്ങൾ ഇന്ത്യക്ക് എളുപ്പമാക്കില്ല. എന്നാൽ ഓസ്ട്രേലിയയുമായുള്ള ബോർഡർ ഗവാസ്കർ ട്രോഫി പരമ്പര ഇന്ത്യയിൽ വച്ചാണ് നടക്കുന്നത് എന്നതിനാൽ ഇന്ത്യക്ക് മുൻതൂക്കം ലഭിക്കും. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരവും ഇന്ത്യയിലായിരിക്കും നടക്കുക.