സർഫ്രാസ് എന്ന ക്രിക്കറ്ററുടെ നിഴലായി ഒരാളുണ്ടായിരുന്നു. അവഗണനകൾക്കിടയിലും കരുത്തേകി ഒപ്പം നിന്നയാൾ. അത് മറ്റാരുമായിരുന്നില്ല, സർഫ്രാസിന്‍റെ പിതാവ് നൗഷാദ് ഖാൻ തന്നെയായിരുന്നു. കരിയറിലെ ഉയർച്ച താഴ്ചകളിലൂടെ കടന്നു പോയപ്പോൾ സർഫ്രാസിനെ പരിശീലിപ്പിച്ചത് അദ്ദേഹമായിരുന്നു.
ഇപ്പോഴിതാ, മകൻ ഇന്ത്യയ്ക്ക് കളിക്കുന്നതിന്‍റെ സന്തോഷത്തിൽ നിൽക്കുന്ന നൗഷാദ് ഖാനെ തേടി ഇരട്ടിമധുരമുള്ള ഒരു സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. മകനെ രാജ്യത്തിന് കളിക്കാൻ പ്രാപ്തനാക്കിയ പിതാവിന് മഹീന്ദ്ര ഥാർ വാഹനം സമ്മാനിമായി നൽകുമെന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പ്രഖ്യാപിച്ചത്.
advertisement
വ്യാഴാഴ്‌ച തൻ്റെ അരങ്ങേറ്റ ടെസ്റ്റ് ഇന്നിംഗ്‌സിൽ 62 റൺസെടുത്ത സർഫ്രാസ് ഖാൻ, രവീന്ദ്ര ജഡേജയുമായുള്ള ആശയകുഴപ്പത്തെ തുടർന്ന് നോൺ സ്‌ട്രൈക്കറുടെ എൻഡിൽ റണ്ണൗട്ടായി. ബാറ്റർമാർ തമ്മിലുള്ള തെറ്റായ ആശയവിനിമയം കളിയുടെ ഭാഗമാണെന്ന് സർഫ്രാസ് ഖാൻ പിന്നീട് പത്രസമ്മേളനത്തിൽ പറഞ്ഞു. "ഇത് കളിയുടെ ഭാഗമാണ്. തെറ്റായ ആശയവിനിമയം ക്രിക്കറ്റിൽ സംഭവിക്കുന്നതാണ്. ചിലപ്പോൾ റണ്ണൗട്ടാകും, ചിലപ്പോൾ നിങ്ങൾക്ക് റൺസ് ലഭിക്കും," ഖാൻ വ്യാഴാഴ്ച പറഞ്ഞു.