35-ാം ഓവർ എറിയാനായി എത്തിയ റോബിൻസൺ ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് നേരെ വേഗം കൂടിയ പന്തുകൾ എറിയുന്നതിന് പകരം ഓഫ് സ്പിൻ എറിയുകയാണുണ്ടായത്. ഓവറിൽ വെറും രണ്ട് റൺസ് മാത്രം വിട്ടുനൽകിയ താരം തനിക്ക് ഓഫ് സ്പിന്നും ആവശ്യത്തിന് വഴങ്ങുമെന്ന് തെളിയിച്ചു. അതുവരെ തന്റെ വേഗം കൂടിയ പന്തുകൾ കൊണ്ട് മത്സരത്തിൽ മികവ് കാണിച്ചിരുന്ന താരത്തിന്റെ ഈ അപ്രതീക്ഷിത ബൗളിംഗ് മാറ്റം ആരാധകരിൽ ആദ്യം അമ്പരപ്പ് പടർത്തിയെങ്കിലും വൈകാതെ അവർ ഇത് ഏറ്റെടുക്കുകയായിരുന്നു.
advertisement
രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റും റോബിൻസൺ വീഴ്ത്തിയിരുന്നു. 15 ഓവര്‍ പന്തെറിഞ്ഞ താരം 54 റണ്‍സ് വഴങ്ങി സ്റ്റീവ് സ്‌മിത്ത്, അര്‍ധ സെഞ്ചുറി വീരന്‍ ട്രാവിസ് ഹെഡ് എന്നിവരെയാണ് മടക്കിയത്. ഹെഡ് 51 ഉം സ്‌മിത്ത് ആറ് റണ്‍സുമാണ് നേടിയത്. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്കായി സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്‌ന്റെ (103) വിക്കറ്റും താരം നേടിയിരുന്നു.
അതേസമയം, പകൽ - രാത്രി മത്സരമായ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ജയത്തിലേക്ക് കുതിക്കുകയാണ്. ടെസ്റ്റിൽ 468 റൺസ് എന്ന പടുകൂറ്റൻ വിജലക്ഷ്യമാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിന് മുന്നിലേക്ക് വെച്ചുനീട്ടിയിരിക്കുന്നത്. ഓസ്‌ട്രേലിയ ഉയർത്തിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എന്ന നിലയിലാണ്. ഒരു ദിനം കൂടി മത്സരം ബാക്കിയുണ്ടെന്നിരിക്കെ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് 394 റൺസ് കൂടി വേണം. അവസാന ദിനത്തിൽ ബാറ്റിംഗ് ദുഷ്കരമാകുമെന്നതിനാൽ ഓസ്‌ട്രേലിയൻ ബൗളർമാരുടെ കടുത്ത വെല്ലുവിളി മറികടന്ന് ഇംഗ്ലണ്ട് അവസാന ദിനം മുഴുവൻ പ്രതിരോധിച്ച് നിൽക്കുമോ എന്നതാണ് അറിയേണ്ടത്. ക്യാപ്റ്റൻ ജോ റൂട്ട് (18), ബെൻ സ്റ്റോക്സ് (1) എന്നിവരാണ് ക്രീസിൽ.
ഒന്നാം ഇന്നിങ്സിൽ മാർനസ് ലബുഷെയ്‌ന്റെ സെഞ്ചുറിക്കരുത്തിൽ ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 473 റൺസാണ് നേടിയത്. എന്നാൽ ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 236 റൺസ് എടുക്കുമ്പോഴേക്കും പുറത്താവുകയായിരുന്നു. ഇതോടെ 237 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ഫോളോ ഓണിന് വിടാതെ ബാറ്റിങ്ങിന് ഇറങ്ങുകയും രണ്ടാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയുമായിരുന്നു.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഓസ്‌ട്രേലിയ നിലവിൽ 1-0 എന്ന നിലയിൽ പരമ്പരയിൽ ലീഡ് ചെയ്യുന്നു.