മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ നഷ്ടപ്പെടുത്തിയ അനായാസ ക്യാച്ചുകൾക്ക് പരിഹാരമായിട്ടായിരുന്നു പിന്നീട് ബട്ട്‌ലര്‍ രണ്ട് തകർപ്പൻ ക്യാച്ചുകൾ എടുത്തത്. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലാണ് സംഭവം. ഒന്നാം ഇന്നിങ്സിൽ ഓസ്‌ട്രേലിയൻ ബാറ്റർമാർ നൽകിയ ചില അനായാസ ക്യാച്ചുകൾ ബട്ട്‌ലര്‍ നഷ്ടപ്പെടുത്തിയിരുന്നു. ബട്ട്‌ലറുടെ പിഴവുകൾക്ക് ഇംഗ്ലണ്ട് വലിയ വില നൽകേണ്ടതായും വന്നിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ വിക്കറ്റിന് പിന്നിൽ തകർപ്പൻ ഫോമിലേക്ക് ഉയരുകയായിരുന്നു ബട്ട്‌ലര്‍.
മത്സരത്തിന്റെ നാലാം ദിനത്തിൽ ഓസ്‌ട്രേലിയൻ ബാറ്റർ മാർക്കസ് ഹാരിസിനെ ഒരു മുഴുനീളൻ ഡൈവിലൂടെ ചാടിപ്പിടിച്ചാണ് ബട്ട്‌ലര്‍ പുറത്താക്കിയത്. സ്റ്റുവർട്ട് ബ്രോഡിന്റെ പന്തിൽ ഹാരിസിന്റെ ബാറ്റിൽ തട്ടി പുറകിലേക്ക് പോയ പന്തിലേക്ക് ചാടിയ ബട്ട്‌ലര്‍ അസാധ്യ റിഫ്ലെക്സോട് കൂടി കയ്യിലൊതുക്കുകയായിരുന്നു.
advertisement
പിന്നീട് ടെസ്റ്റിൽ കമ്മിൻസിന് പകരം ഓസ്‌ട്രേലിയയെ നയിക്കുന്ന സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് ബട്ട്‌ലര്‍ വീണ്ടും താരമായത്. ഒലി റോബിൻസണിന്റെ പന്തിൽ സ്മിത്തിനെയും പറന്ന് പിടിച്ച് പുറത്താക്കുകയായിരുന്നു ബട്ട്‌ലര്‍.
അതേസമയം, പകൽ - രാത്രി മത്സരമായ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ജയത്തിലേക്ക് കുതിക്കുകയാണ്. ടെസ്റ്റിൽ 468 റൺസ് എന്ന പടുകൂറ്റൻ വിജലക്ഷ്യമാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിന് മുന്നിലേക്ക് വെച്ചുനീട്ടിയിരിക്കുന്നത്. ഓസ്‌ട്രേലിയ ഉയർത്തിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ്. ഒരു ദിനം കൂടി മത്സരം ബാക്കിയുണ്ടെന്നിരിക്കെ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് 394 റൺസ് കൂടി വേണം. അവസാന ദിനത്തിൽ ബാറ്റിംഗ് ദുഷ്കരമാകുമെന്നതിനാൽ ഓസ്‌ട്രേലിയൻ ബൗളർമാരുടെ കടുത്ത വെല്ലുവിളി മറികടന്ന് ഇംഗ്ലണ്ട് അവസാന ദിനം മുഴുവൻ പ്രതിരോധിച്ച് നിൽക്കുമോ എന്നതാണ് അറിയേണ്ടത്.
ഒന്നാം ഇന്നിങ്സിൽ മാർനസ് ലബുഷെയ്‌ന്റെ സെഞ്ചുറിക്കരുത്തിൽ ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 473 റൺസാണ് നേടിയത്. എന്നാൽ ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 236 റൺസ് എടുക്കുമ്പോഴേക്കും പുറത്താവുകയായിരുന്നു. ഇതോടെ 237 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ഫോളോ ഓണിന് വിടാതെ ബാറ്റിങ്ങിന് ഇറങ്ങുകയും രണ്ടാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയുമായിരുന്നു.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഓസ്‌ട്രേലിയ നിലവിൽ 1-0 എന്ന നിലയിൽ പരമ്പരയിൽ ലീഡ് ചെയ്യുന്നു.