അഡ്‌ലൈഡിൽ നടന്ന പകൽ - രാത്രി ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിനത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ റൂട്ടിന് 'അസ്ഥാനത്ത്' ഏറ് കൊണ്ടിരുന്നു. ഇതിൽ കാര്യമായ പരിക്ക് താരത്തിന് പറ്റുകയും ചെയ്തിരുന്നു. തുടർന്ന് അല്പനേരം ഗ്രൗണ്ടിൽ കിടന്ന റൂട്ട് ഒടുവിൽ വേദനസംഹാരികൾ കഴിച്ചതിന് ശേഷമാണ് തുടർന്നത്. സ്റ്റാർക്ക് എറിഞ്ഞ 42-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. വേദന സഹിക്കാനാകാതെ റൂട്ട് ഗ്രൗണ്ടിൽ കിടന്നപ്പോൾ ചിരിയടക്കാൻ പാടുപെടുന്ന ഓസ്‌ട്രേലിയൻ താരങ്ങളുടെയും കമന്റേറ്റർമാരുടെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
advertisement
ഈ സംഭവങ്ങൾക്ക് ശേഷമായിരുന്നു കാണികളിലും പിന്നീട് സമൂഹ മാധ്യമങ്ങളിലും റൂട്ടിന്റെ ഒരു വീഡിയോ വൈറലായത്. സ്റ്റാർക്കിന്റെ പന്തിൽ പരിക്ക് പറ്റിയതിന് ശേഷം അടിവസ്ത്രം മാറുന്നതിനിടെ റൂട്ടിന്റെ അടുത്തേക്ക് സ്പൈഡർ ക്യാം വന്നു. ഈ സന്ദർഭം റൂട്ട് കൈകാര്യം ചെയ്ത രീതിയാണ് വൈറലായത്. ക്യാമറ അടുത്തേക്ക് വന്ന സമയത്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്റെ നർമ്മബോധമാണ് വെളിവായത്. അടുത്തേക്ക് വന്ന സ്പൈഡർ ക്യാമിലേക്ക് നോക്കി തന്റെ അടുത്ത് നിന്നും മാറ്റാൻ കൈ കൊണ്ട് ആംഗ്യം കാണിക്കുകയാണ് റൂട്ട് ചെയ്തത്.
വസ്ത്രം മാറിയതിന് ശേഷം റൂട്ട് കളി തുടർന്നെങ്കിലും നേരെ ബാറ്റ് ചെയ്യാനും റൺസ് എടുക്കാനും താരത്തിന് കഴിയുന്നുണ്ടായിരുന്നില്ല. പിന്നാലെ സ്റ്റാര്‍ക്കിന്റെ പന്തില്‍ റൂട്ട് പുറത്തായി. 24 റൺസാണ് താരം നേടിയത്. ഒന്നാം ഇന്നിങ്സിൽ 62 റൺസും താരം നേടിയിരുന്നു.
അതേസമയം, ടെസ്റ്റില്‍ 275 റണ്‍സിന്റെ തോൽവിയാണ് ഇംഗ്ലണ്ട് ഓസീസിനെതിരെ വഴങ്ങിയത്. 468 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 192 റൺസ് എടുക്കുമ്പോഴേക്കും അവസാനിക്കുകയായിരുന്നു. റൂട്ടും, ബെന്‍ സ്റ്റോക്സുമെല്ലാം (77 പന്തില്‍ 12) പരാമവധി ശ്രമിച്ചെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. ഇതോടെ പരമ്പരയില്‍ ഓസീസ് 2-0ത്തിന് മുന്നിലെത്തി.