35-ാം പിറന്നാൾ ആഘോഷിച്ച സൂര്യകുമാർ യാദവ് 37 പന്തിൽ നിന്ന് പുറത്താകാതെ 47 റൺസ് നേടി 15.5 ഓവറിൽ വിജയലക്ഷ്യം പൂർത്തിയാക്കി. സിക്സടിച്ച് കളി അവസാനിപ്പിച്ച സൂര്യകുമാർ, പാക് കളിക്കാർക്ക് ഹസ്തദാനം നല്‍കാതെ നേരെ ഡഗൗട്ടിലേക്ക് മടങ്ങി.
നേരത്തെ കുൽദീപ് യാദവിന്റെ സ്പിൻ മാന്ത്രികത, അക്സർ പട്ടേലിന്റെ അച്ചടക്കം, വരുൺ ചക്രവർത്തിയുടെ തന്ത്രം എന്നിവ പാകിസ്ഥാനെ വെറും 127/9 എന്ന നിലയിൽ ഒതുക്കി. അക്സർ (4 ഓവറിൽ 2/18), കുൽദീപ് (4 ഓവറിൽ 3/18), വരുൺ (4 ഓവറിൽ 1/24) എന്നിവർ മികച്ച ലൈൻ ആൻഡ് ലെങ്തിൽ പന്തെറിഞ്ഞു. ഇതോടെ പാക് ബാറ്റർമാർ റൺസ് കണ്ടെത്താൻ വിഷമിച്ചു. ഏകപക്ഷീയമായിരുന്നു ഇന്ത്യൻ ജയം.
advertisement
അക്സർ, കുൽദീപ്, വരുൺ എന്നിവർ ചേർന്ന് 40 ഡോട്ട് ബോളുകളാണ് എറിഞ്ഞത്. ഷഹീൻ ഷാ അഫ്രീദിയുടെ (16 പന്തിൽ നിന്ന് 33 റൺസ് പുറത്താകാതെ) ആക്രമണാത്മക ബാറ്റിംഗ് ഇല്ലായിരുന്നുവെങ്കിൽ, പാക് സ്കോർ 125 കടക്കില്ലായിരുന്നു.
ടോസ് ഇന്ത്യക്ക് നഷ്ടമായി. ഈ സമയത്തും പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയുമായി ഹസ്തദാനത്തിന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തയാറായില്ല. പാകിസ്ഥാന്റെ തുടക്കം തന്നെ പാളി. ഇന്നിങ്സിലെ ആദ്യ ‘നിയമസാനുസൃത’ പന്തിൽ തന്നെ അവരുടെ ആദ്യ വിക്കറ്റ് വീണു. ഹാർദിക് എറിഞ്ഞ, ഇന്നിങ്സിന്റെ ആദ്യ പന്ത് വൈഡായതിനു പിന്നാലെയെത്തിയ കിടിലൻ ഇൻസ്വിങ്ങറിൽ ബാറ്റു വച്ച ഓപ്പണർ സയീം അയൂബിനെ (പൂജ്യം) ജസ്പ്രീത് ബുമ്ര കയ്യിലൊതുക്കുകയായിരുന്നു. പിന്നാലെയെത്തിയ മുഹമ്മദ് ഹാരിസിനെ (5 പന്തിൽ 3) രണ്ടാം ഓവറിൽ ജസ്പ്രീത് ബുമ്ര, ഹാർദിക്ക് പാണ്ഡ്യയുടെ കൈകളിൽ എത്തിച്ചതോടെ പാകിസ്ഥാൻ ശരിക്കും ഞെട്ടി. ഇതോടെ രണ്ട് ഓവറിൽ 7ന് 2 എന്ന നിലയിലേക്ക് പാകിസ്ഥാൻ വീണു. പിന്നീട് മൂന്നാം വിക്കറ്റിൽ സാഹിബ്സാദ ഫർഹാനും ഫഖർ സമാനും രക്ഷാപ്രവർത്തനത്തിനൊടുവിൽ പവർപ്ലേ അവസാനിച്ചപ്പോൾ സ്കോർ ബോർഡിൽ 42 റൺസ് കൂട്ടിച്ചേർക്കാൻ അവർക്കായി.
എന്നാൽ പിന്നീട് നടത്തിയ സ്പിൻ ആക്രമണത്തോടെ പാകിസ്ഥാന്റെ പതനം ഏറെക്കുറെ പൂർത്തിയായി. എട്ടാം ഓവറിൽ ഫഖർ സമാനെ (15 പന്തിൽ 17) പുറത്താക്കി അക്ഷർ പട്ടേൽ കൂട്ടുകെട്ട് പൊളിച്ചു. തന്റെ തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ സൽമാന ആഗയെയും(12 പന്തിൽ 3) അക്ഷർ മടക്കി. ഇതോടെ ഇന്നിങ്സ് പകുതിയായപ്പോഴേയ്ക്കും 49ന് 4 നിലയിലായി പാകിസ്ഥാൻ. പിന്നീട് കുൽദീപ് യാദവിന്റെ ഊഴമായിരുന്നു. 13ാം ഓവറിൽ കുൽദീപ് നടത്തിയ ഇരട്ടപ്രഹരത്തോടെ അവർ 64ന് 6 എന്ന നിലയിലേക്കു വീണു. ഹസൻ നവാസ് (7 പന്തിൽ 5), മുഹമ്മദ് നവാസ് (പൂജ്യം) എന്നിവരെയാണ് ആ ഓവറിൽ കുൽദീപ് പുറത്താക്കിയത്. 17ാം ഓവറിൽ ഓപ്പണർ സാഹിബ്സാദ ഫർഹാനെ (44 പന്തിൽ 40) കൂടി പുറത്താക്കി കുൽദീപ് തുടർച്ചയായ രണ്ടാം മൂന്നു വിക്കറ്റ് നേട്ടം ആഘോഷിച്ചു. യുഎഇക്കെതിരായ ആദ്യ മത്സരത്തിലും കുൽദീപ് മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു.
മറുപടി ബാറ്റിങ്ങിൽ, തുടക്കം മുതൽ ഇന്ത്യ ആക്രമിച്ചു കളിക്കുകയായിരുന്നു. ആദ്യ ബോൾ ബൗണ്ടറി കടത്തിയാണ് ഓപ്പണർ അഭിഷേക് ശർമ തുടങ്ങിയത്. ഒന്നാം ഓവറിൽ അഭിഷേകും ഗില്ലും ചേർന്ന് 12 റൺസ് നേടി. രണ്ടാം ഓവറിൽ തുടർച്ചയായി ബൗണ്ടറി നേടി ഗിൽ നന്നായി തുടങ്ങിയെങ്കിലും അതേ ഓവറിലെ അവസാന പന്തിൽ തന്നെ പുറത്തായി. പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എത്തിയതോടെ അഭിഷേക് കൂടുതൽ ധൈര്യത്തോടെ ബാറ്റു വീശി.
നാലാം ഓവറിൽ സയിം അയൂബ് തന്നെയാണ് അഭിഷേകിനെയും പുറത്താക്കിയത്. പിന്നീടെത്തിയ തിലക് വർമയും സൂര്യകുമാറും ചേർന്ന് മൂന്നാം വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തു. 13ാം ഓവറിൽ തിലകിനെ പുറത്താക്കി സയിം തന്നെ ആ കൂട്ടുകെട്ടും പൊളിച്ചു. പിന്നീടെത്തിയ ശിവം ദുബെയുമായി ചേർന്ന് സൂര്യ നിയന്ത്രണം ഏറ്റെടുത്തതോടെ ഇന്ത്യ അതിവേഗം ജയത്തിലേക്കു നീങ്ങി. സിക്സറടിച്ചാണ് സൂര്യ ഇന്ത്യയുടെ വിജയ റൺ നേടിയത്.
Summary: India beat Pakistan by 7 wickets with 25 balls to spare in their Asia Cup Group A match at the Dubai International Cricket Stadium on Sunday.