ലളിത് ഉപാധ്യായ, വരുൺ കുമാർ, മൻദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഹാട്രിക്ക് നേടിയത്. കൂടാതെ അഭിഷേക്, അമിത് രോഹിദാസ്, സുഖ്ജീത്, ഷംഷേർ സിങ്, സഞ്ജയ് എന്നിവരെല്ലാം ഓരോ ഗോൾ വീതം സ്കോർ ചെയ്തു.
ശനിയാഴ്ച നടന്ന ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഒളിമ്പിക് മെഡൽ ജേതാവായ ബോക്‌സർ ലോവ്‌ലിന ബോർഗോഹെയ്‌നൊപ്പം സംയുക്ത പതാകവാഹകന്റെ ചുമതല വഹിച്ചതിന് ശേഷം വിശ്രമിത്തിലായിരുന്ന ഇന്ത്യൻ നായകൻ ഹർമൻപ്രീത് സിംഗ് ആദ്യ മത്സരം കളിച്ചില്ല.
ഉസ്ബെക്കിസ്ഥാനെതിരെ സമ്പൂർണ്ണ ആധിപത്യമായിരുന്നു ഇന്ത്യയുടേത്. ആദ്യ ഗോൾ വീഴാൻ ഏഴ് മിനിട്ട് എടുത്തെങ്കിലും പിന്നീട് ഗോൾമഴ പെയ്യിച്ചാണ് ഇന്ത്യൻ താരങ്ങൾ കളംനിറഞ്ഞത്. മത്സരത്തിൽ ആധിപത്യം ഉണ്ടായിരുന്നെങ്കിലും ലഭിച്ച 14 പെനാൽറ്റി കോർണറുകളിൽ അഞ്ചെണ്ണം മാത്രമാണ് ഗോളാക്കാനായത് എന്നത് ഇന്ത്യൻ ക്യാംപിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
advertisement
അഞ്ചാം മിനിറ്റിൽ ഇന്ത്യക്ക് ആദ്യ അവസരം ലഭിച്ചെങ്കിലും ക്ലോസ് റേഞ്ചിൽ നിന്ന് അഭിഷേകിന്റെ ടാപ്പ് ഉസ്‌ബെക്ക് ഗോൾകീപ്പർ ദവ്‌ലത്ത് ടോളിബ്ബേവ് രക്ഷപ്പെടുത്തി. മിനിറ്റുകൾക്ക് ശേഷം സുഖ്ജീത് ഇന്ത്യയുടെ ആദ്യ പെനാൽറ്റി കോർണർ നേടിയെങ്കിലും സഞ്ജയുടെ ഫ്ലിക് ടോളിബ്ബേവ് അകറ്റിനിർത്തി.
എന്നാൽ സെക്കന്റുകൾക്ക് ശേഷം ടോളിബ്ബേവ് ഇരട്ട സേവ് നടത്തിയതിന് ശേഷം റീബൗണ്ടിൽ നിന്ന് ലളിത് ഗോൾ നേടിയതോടെ ഇന്ത്യ സ്കോറിങ്ങിന് തുടക്കം കുറിച്ചു. 12-ാം മിനിറ്റിൽ പെനാൽറ്റി കോർണർ ഉസ്‌ബെക്ക് ഗോൾകീപ്പറുടെ ഇടതുവശത്തേക്ക് ശക്തമായ ലോഫ്‌ളിക്കിലൂടെ ഗോളാക്കി മാറ്റിക്കൊണ്ട് വരുൺ ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി.
രണ്ടാം പാദത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ മറ്റൊരു പെനാൽറ്റി കോർണർ ഉറപ്പിച്ചെങ്കിലും സഞ്ജയെ മറികടന്ന് ടോളിബ്ബേവ് വീണ്ടും രക്ഷക്കെത്തി. 17-ാം മിനിറ്റിൽ അഭിഷേകിലൂടെ ഇന്ത്യ മൂന്നാം ഗോൾ നേടി, തന്റെ മാർക്കറിനെ മറികടന്ന് ഉജ്ജ്വലമായി കറങ്ങി, ഇടതുവശത്ത് നിന്ന് മൻദീപിന്റെ ഗംഭീരമായ സ്ട്രൈക്ക് ടോളിബ്ബേവിനെ മറികടന്നു.
മൂന്ന് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ കൂടി നേടിയ ഇന്ത്യയ്ക്ക് പെനാൽറ്റി കോർണറുകൾ പെരുമഴ പോലെ ലഭിച്ചു, എന്നാൽ ഒളിമ്പിക് വെങ്കല മെഡൽ ജേതാക്കൾ രണ്ടെണ്ണം പാഴാക്കുന്നതുകണ്ടുകൊണ്ടാണ് പകുതിസമയത്തിന് പിരിഞ്ഞത്. ഈ സമയം ഇന്ത്യ 7-0ന് മുന്നിലെത്തിയിരുന്നു.
നാല് പാദങ്ങളിൽ ഗോൾ പ്രതിരോധിക്കാൻ മാറിമാറി വന്ന ഇന്ത്യൻ ഗോൾകീപ്പർമാരായ പി ആർ ശ്രീജേഷും കൃഷൻ ബഹദൂർ പഥക്കും മൈതാനത്തിന്‍റെ മറുവശത്ത് മാത്രമായി ചുരുങ്ങിയ കളിയിൽ ഗ്യാലറിയിലുള്ളവർക്കൊപ്പം വെറും കാഴ്ചക്കാരായി തുടർന്നു.
അവസാന രണ്ട് പാദങ്ങളിൽ ഇന്ത്യക്കാർ കൂടുതൽ അപകടകാരികളായി കാണപ്പെട്ടു, അവർ ഒമ്പത് ഗോളുകൾ കൂടി അടിച്ചു – ഇതിൽ നാലെണ്ണം പെനാൽറ്റി കോർണറുകളിൽ നിന്നായിരുന്നു, ഒന്ന് സ്പോട്ടിൽ നിന്നും, ശേഷിക്കുന്ന നാലെണ്ണം ഫീൽഡ് ഗോളുമായിരുന്നു.
ചൊവ്വാഴ്ച നടക്കുന്ന പൂൾ മത്സരത്തിൽ ഇന്ത്യ സിംഗപ്പൂരിനെ നേരിടും.