ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഡേവിഡ് വാര്‍ണറുടെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും സെഞ്ചുറികളും സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെയും മികവിലാണ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. നാലാം ഓവറില്‍ മിച്ചല്‍ മാര്‍ഷിനെ നഷ്ടമായ ഓസീസിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വാര്‍ണര്‍ – സ്മിത്ത സഖ്യം 132 കൂട്ടുകെട്ടുണ്ടാക്കിയതോടെ വമ്പൻ സ്കോറിലേക്കെന്ന് ഉറപ്പിച്ചിരുന്നു.
തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലും സെഞ്ചുറി പൂർത്തിയാക്കി വാർണർ മുന്നിൽ നിന്ന് നയിച്ചു. 104 റൺസെടുത്താണ് വാർണർ ക്രീസ് വിട്ടത്. 68 പന്തില്‍ 71 റണ്‍സെടുത്ത് സ്മിത്തും 47 പന്തില്‍ 62 റണ്‍സെടുത്ത് ലബുഷെയ്‌നും മോശമാക്കിയില്ല.
advertisement
പിന്നീടായിരുന്നു സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച മാക്‌സ്‌വെല്‍ വെടിക്കെട്ട്. 44 പന്തുകളിൽ നിന്ന് 106 റൺസെടുത്താണ് മാക്‌സ്‌വെല്‍ മടങ്ങിയത്. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡും മാക്‌സ്‌വെല്‍ സ്വന്തമാക്കി.
കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്സിന് പൊരുതാൻ പോലുമാകാതെ മുട്ടുമടക്കി. ഓസിസ് ബൗളർമാർക്ക് മുന്നിൽ പതറിയ ഡച്ച് ബാറ്റർമാർ പിടിച്ചുനിൽക്കാനാകാതെ കൂടാരം കയറി. ഓസിസിനായി ആദം സാംപ നാല് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഓസ്ട്രേലിയ സെമി സാധ്യതകൾ സജീവമാക്കി.