കിരീടം നേടിയതിന് ശേഷം ഓസീസ് താരങ്ങള്‍ നടത്തിയ വിജയാഘോഷത്തിന്റെ വീഡിയോകളില്‍ ഒന്ന് വളരെപ്പെട്ടെന്ന് വൈറലായി മാറിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) (ICC) ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയില്‍ ഓസീസ് താരങ്ങളായ മാത്യൂ വെയ്ഡും (Matthew Wade) മാര്‍ക്കസ് സ്റ്റോയ്നിസും (Marcus Stoinis) വിജയാഘോഷത്തിനിടയില്‍ ഷൂസില്‍ ബിയര്‍ ഒഴിച്ച് കുടിക്കുന്നതാണ് കാണാന്‍ കഴിയുക.
കിരീടനേട്ടത്തിന് ശേഷം ഡ്രസിങ് റൂമില്‍ എത്തിയ ഓസീസ് സംഘം വിജയം ആഘോഷിക്കുന്നതിനിടയില്‍ ടീമിലെ വിക്കറ്റ് കീപ്പറായ വെയ്ഡ് താന്‍ കാലില്‍ ഇട്ടിരുന്ന ഷൂ ഊരുകയും തുടര്‍ന്ന് അതിലേക്ക് ബിയര്‍ ഒഴിച്ച് കുടിക്കുകയും ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ താരത്തിന്റെ കൈയില്‍ നിന്നും അതേ ഷൂ വാങ്ങിയ മാര്‍ക്കസ് സ്റ്റോയ്നിസും ബിയര്‍ ഷൂവിലേക്ക് ഒഴിച്ച് കുടിക്കുകയാണ് ചെയ്തത്.
advertisement
പാദരക്ഷകളില്‍ നിന്ന് നേരിട്ട് ബിയര്‍ കുടിക്കുന്ന ഈ ജനപ്രിയ രീതി ഓസ്ട്രേലിയയില്‍ 'ഷൂയി' എന്നാണ് അറിയപ്പെടുന്നത്. ഓസ്ട്രേലിയയില്‍ ഇതു വളരെ സാധാരണമായ ആഘോഷ രീതി കൂടിയാണ്.
ഓസ്ട്രേലിയന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഡാനിയേല്‍ റിക്യാര്‍ഡോയാണ് 'ഷൂയി'(Shoey) ആഘോഷം ലോകമെമ്പാടും ജനപ്രിയമാക്കിയത്. അത് അവരുടെ രാജ്യത്ത് നേരത്തെ തന്നെ ജനപ്രിയമായിരുന്നു. 2016-ലെ ജര്‍മ്മന്‍ ഗ്രാന്‍ഡ് പ്രിയില്‍ പോഡിയത്തില്‍ ഫിനിഷ് ചെയ്തതിന് ശേഷം റിക്യാര്‍ഡോ ഇത് ചെയ്തിരുന്നു. ചടങ്ങിന്റെ ഭാഗമായിരുന്ന പോഡിയം ഫിനിഷര്‍മാര്‍ക്കും സെലിബ്രിറ്റികള്‍ക്കുമൊപ്പമായിരുന്നു അന്ന് റിക്കിയാര്‍ഡോ നടത്തിയ ആഘോഷം.
2019ലെ ഐപിഎല്ലില്‍ തന്റെ ടീമായ പഞ്ചാബ് കിങ്സ് (കിങ്സ് ഇലവന്‍ പഞ്ചാബ് കിരീടം നേടുകയാണെങ്കില്‍ താന്‍ ഷൂയി ആഘോഷം നടത്തുമെന്ന് ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ആന്‍ഡ്രു ടൈ വ്യക്തമാക്കിയിരുന്നു. പക്ഷെ പഞ്ചാബിനു ഇതു സാധിക്കാതിരുന്നതിനാല്‍ താരത്തിന്റെ ആഗ്രഹവും നടന്നില്ല. പ്ലേഓഫ് പോലും കാണാതെയായിരുന്നു സീസണില്‍ പഞ്ചാബ് പുറത്തായത്.
ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഓസീസ് മറികടന്നത്. സ്‌കോര്‍ : ന്യൂസിലന്‍ഡ് 20 ഓവറില്‍ 172/4, ഓസ്ട്രേലിയ 18.5 ഓവറില്‍ 173/2