കഴിഞ്ഞ ദിവസം നടന്ന കലാശപ്പോര് അവസാന നിമിഷം വരെ ആവേശകരമായിരുന്നു. എട്ടാം മിനിറ്റിൽ സിബാനി ദേവി നോങ്‌മൈകപം ഗോൾ നേടിയതോടെ കളിയിൽ ഇന്ത്യ മുന്നിലെത്തി. എന്നാൽ, നിശ്ചിത സമയത്തിൻ്റെ മൂന്നാം മിനിറ്റിൽ സഗോരികയുടെ സമനില ഗോളിലൂടെ ബംഗ്ലാദേശ് ഒപ്പമെത്തി. അണ്ടർ-19 മത്സരങ്ങളിൽ അധികസമയം ഇല്ലാത്തതിനാൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു.
എന്നാൽ ഇരുടീമുകളും തങ്ങളുടെ അഞ്ച് പെനാൽറ്റികളും ലക്ഷ്യം കണ്ടതോടെ ഷൂട്ടൗട്ട് സഡൻ ഡെത്തിലേക്ക് മാറി. സഡൻ ഡെത്തിൽ ഇരു ടീമുകളും ആദ്യ ആറ് കിക്കുകൾ ഗോളാക്കിയതോടെ ടോസിട്ട് വിജയിയെ നിശ്ചയിക്കാൻ റഫറി തീരുമാനിച്ചു. ടോസിലെ ഭാഗ്യം ലഭിച്ച ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചു.
advertisement
ഇതോടെ ഗ്യാലറിയിൽനിന്ന് ബംഗ്ലാദേശ് ആരാധകരുടെ പ്രതിഷേധം അണപൊട്ടിയൊഴുകി. അവർ ഇന്ത്യൻ കളിക്കാർക്കുനേരെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു. സംഗതി വഷളായതോടെ സുരക്ഷാ ഉദ്യോഗസ്ഥരും സംഘാടകരും ചേർന്ന് ഇന്ത്യൻ ടീം അംഗങ്ങളെ സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. അതിനിടെ ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായി ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കാനുള്ള സംഘാടകരുടെ നിർദേശം ഇന്ത്യൻ ടീം മാനേജ്മെന്‍റ് അംഗീകരിച്ചു. ഇതോടെയാണ് രംഗം ശാന്തമായത്.
“ടോസിട്ട് ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചെങ്കിലും, സംഘർഷാവസ്ഥ ഉണ്ടായതോടെ ട്രോഫി പങ്കിടാനുള്ള ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന അംഗീകരിക്കാൻ തീരുമാനിച്ചു. കളിക്കാരുടെയും മറ്റ് ടീം ഒഫീഷ്യലുകളുടെയും സുരക്ഷയാണ് ഞങ്ങളുടെ പരമമായ മുൻഗണന എന്നതിനാൽ, സംഘാടകരുടെ അഭ്യർത്ഥന അംഗീകരിക്കാൻ AIFF തീരുമാനിച്ചു"- എഐഎഫ്എഫ് ആക്ടിംഗ് സെക്രട്ടറി ജനറൽ എം സത്യനാരായണൻ വ്യക്തമാക്കി.