ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടത്. ബിസിസഐയുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ക്യാഷ് അവാർഡിൽ കളിക്കാർ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ്, അജിത് അഗാർക്കർ നയിക്കുന്ന പുരുഷ സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ ഉൾപ്പെടും.
"2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം ടീം ഇന്ത്യയ്ക്ക് 58 കോടി രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിക്കുന്നതിൽ ബിസിസിഐയ്ക്ക് സന്തോഷമുണ്ട്. കളിക്കാർ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ്, പുരുഷ സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവരെ ആദരിക്കുന്നതിനായാണ് ഈ സാമ്പത്തിക അംഗീകാരം," ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.
advertisement
ഓരോ താരത്തിനും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനും മൂന്നുകോടി രൂപ വീതമാണ് ലഭിക്കുക. കോച്ചിങ് സ്റ്റാഫുകള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും 50 ലക്ഷം വീതവും ബിസിസിഐ ഓഫീഷ്യല്‍സ്, ലോജിസ്റ്റിക് മാനേജേഴ്‌സ് എന്നിവര്‍ക്ക് 25 ലക്ഷം രൂപ വീതവും ലഭിക്കും.
ചാമ്പ്യൻസ് ട്രോഫി നേടിയതിന് ടീം ഇന്ത്യയ്ക്ക് ഐസിസിയിൽ നിന്ന് 2.24 മില്യൺ ഡോളർ (ഏകദേശം 19.45 കോടി രൂപ) ക്യാഷ് പ്രൈസാണ് ലഭിച്ചത്. എന്നാലിപ്പോൾ ഐസിസി നൽകിയ തുകയെക്കാൾ മൂന്നിരട്ടിയോളമാണ് ബിസിസിഐ ടീം ഇന്ത്യയ്ക്ക് നൽകുന്നത്. ഐസിസിയുടെ സമ്മാനത്തുക കളിക്കാര്‍ക്കിടയില്‍ മാത്രം വിതരണം ചെയ്യാമെന്നാണ് ബിസിസിഐയുടെ തീരുമാനം. കഴിഞ്ഞ എട്ട് മാസത്തിനിടെ ഇന്ത്യയുടെ മൂന്നാമത്തെ ഐസിസി ട്രോഫിയാണിത്. കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു.