ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ പുറത്താക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ. ഒരു തീരുമാനവും എടുക്കുന്നതിൽ തിടുക്കം കാണിക്കില്ലെന്നും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ഒരു തരത്തിലുള്ള നടപടിയും ഉണ്ടാകില്ലെന്നും ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
advertisement
2027 ലോകകപ്പ് വരെയാണ് ഗൗതം ഗംഭീറിന്റെ കരാർ. ടീം ഒരു പരിവർത്തന ഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു തീരുമാനവും എടുക്കില്ലെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.തോൽവിയുമായി ബന്ധപ്പെട്ട് ബിസിസിഐ സെലക്ടർമാരുമായും ടീം മാനേജ്‌മെന്റുമായും ചർച്ച നടത്തുമെന്നും എന്നാൽ ഗംഭീറിനെതിരെ ഒരു തരത്തിലുള്ള നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെസ്റ്റ് ടീമിന്റെ പരിശീലകനായി ഗംഭീറിന് പകരം വിവിഎസ് ലക്ഷമണനെ നിയോഗിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിസിസിഐ വൃത്തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്
കഴിഞ്ഞ 16 മാസമാസത്തിനിടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ കീഴിൽ ഇന്ത്യക്ക് മൂന്നാമത്തെ ടെസ്റ്റ് പരമ്പര തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.ഈ കാലയളവിൽ, ഇന്ത്യ സ്വന്തം നാട്ടിൽ ന്യൂസിലൻഡിനോട് 3-0 ന് പരാജയപ്പെട്ടു, ഓസ്ട്രേലിയയിൽ 3-1 ന് പരാജയപ്പെട്ടു, ഇപ്പോൾ ദക്ഷിണാഫ്രിക്കയോടും പരമ്പര തോൽവി വഴങ്ങി. ഗംഭീറിന് കീഴിൽ 19 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യയ്ക്ക് 7 വിജയങ്ങളും 10 തോൽവികളും 2 സമനിലകളുമാണുള്ളത്. വിജയശതമാനം 36.82 ആണ്.
അതേസമയം, തന്റെ ഭാവിയിൽ തീരുമാനമെടുക്കേണ്ടത് ബിസിസിഐയാണെന്ന് ഗൗതം ഗംഭീർ വ്യക്തമാക്കി. ഇംഗ്ളണ്ടിനെതിരെ ടീം ഇന്ത്യ പരമ്പര സമനിലയിലാക്കിയതും ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും നേടിയതും തന്റെ കീഴിലാണെന്നും എന്നാൽ ആളുകൾ അത് മറന്ന് പരാജയങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും ഗംഭീർ പറഞ്ഞു.
